ADVERTISEMENT

തിരൂരങ്ങാടി ∙ കുരുന്നുകൾക്കു വഴിനടക്കാൻ തോടിന് കുറുകെ പഴയ വൈദ്യുതപോസ്റ്റ്. നഗരസഭയിലെ 11 -ാം ഡിവിഷൻ പനമ്പുഴ പുളിഞ്ഞിലത്താണ് അങ്കണവാടിയിലേക്കുള്ള വഴിയിൽ പോസ്റ്റിന്റെ ‘പാല’മുള്ളത്. കുട്ടികൾ ഈ വഴിനടക്കുന്നത് നെഞ്ചിടിപ്പോടെയേ നോക്കിനിൽക്കാനാവൂ. വയോജനങ്ങളും രോഗികളുമടക്കമുള്ളവർക്കും ഈ ദുരിതവഴി താണ്ടിവേണം യാത്ര ചെയ്യാൻ. ഇരുപതോളം വീട്ടുകാരാണ് ഈ വഴിയെ ആശ്രയിക്കുന്നത്. 2010ൽ പഞ്ചായത്ത് ആയിരുന്ന സമയത്ത് നാട്ടുകാർ സ്വന്തം ചെലവിൽ നിർമിച്ചതാണ് അങ്കണവാടി. അന്ന് വീതിയുള്ള വഴിയും  ഉണ്ടായിരുന്നു. പിന്നീട് ജലസേചന വകുപ്പ് തോട് വീതികൂട്ടി സംരക്ഷണഭിത്തി കെട്ടിയതോടെ നടപ്പാതയുടെ വീതി കുറഞ്ഞു. 

അങ്കണവാടിയിലേക്ക് കുരുന്നുകൾ തോട്ടുവക്കിലൂടെയാണ് വരുന്നത്. തോടിന് മറുഭാഗത്തുള്ളവർക്കു വരാൻ ഇവിടെ ഒരു വഴി പോലുമില്ല. നാട്ടുകാർ കൊണ്ടിട്ട പഴയ വൈദ്യുതപോസ്റ്റാണ് നടപ്പാലമായി ഉപയോഗിക്കുന്നത്. അങ്കണവാടിയിലേക്കും സ്കൂളുകളിലേക്കും പോകുന്ന കുട്ടികളുടെ കാലൊന്നു തെറ്റിയാൽ  തോട്ടിൽ വീഴുന്ന അവസ്ഥയാണ്. പലതവണ കുട്ടികൾ ഇവിടെ തോട്ടിലേക്ക് വീണിട്ടുമുണ്ട്. തൊട്ടടുത്ത വീട്ടുകാരും മറ്റും രക്ഷപ്പെടുത്തിയതിനാലാണ് അപകടം ഒഴിവാകുന്നത്. വീണു പരുക്കേറ്റ് ചികിത്സ തേടേണ്ടിവന്നവരുമുണ്ട്. 

തോടിന് സ്ലാബിട്ട് വഴി ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ നഗരസഭ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. റോഡിൽനിന്ന് അങ്കണവാടി വരെ 50 മീറ്റർ ദൂരമാണുള്ളത്. ഇവിടേക്ക് ചെറിയ വാഹനം വരാനുള്ള സൗകര്യവും കൈവരിയും ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അധികൃതർക്ക് നൽകിയ പരാതിയെ തുടർന്ന് ജലസേചന വകുപ്പ് അധികൃതർ സ്ഥലം പരിശോധിച്ചെങ്കിലും സംരക്ഷണ ഭിത്തിക്ക് ഉറപ്പില്ലാത്തതിനാൽ സ്ലാബ് സ്ഥാപിക്കാൻ കഴിയില്ല എന്നാണു പറയുന്നത്. സമീപത്തെ സ്ഥലം ലഭ്യമാക്കിയാൽ വഴിയൊരുക്കുന്നത് പരിഗണിക്കാമെന്നാണ് ഇവർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com