‘283 രൂപ’യുടെ വിവാദ ഉത്തരവ് പിൻവലിച്ച് കരിപ്പൂർ വിമാനത്താവള അതോറിറ്റി; മറ്റു നിരക്കുകൾ തുടരും
Mail This Article
കരിപ്പൂർ ∙ പ്രതിഷേധം കടുത്തതോടെ കോഴിക്കോട് വിമാനത്താവളത്തിൽ ടാക്സി വാഹനങ്ങളിൽനിന്ന് 283 രൂപ ഈടാക്കുന്നത് താൽക്കാലികമായി നിർത്തി. വിമാനത്താവളത്തിലെ അംഗീകൃത പ്രീ പെയ്ഡ് ടാക്സികൾ അല്ലാത്ത ടാക്സി വാഹനങ്ങൾ, വിമാനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റി പോകുകയാണെങ്കിൽ 283 രൂപ നൽകണമെന്ന നിർദേശമാണ് ഇന്നലെ പിൻവലിച്ചത്. നടപടി ഡൽഹി കേന്ദ്രത്തെ അറിയിച്ചു. നിരക്കു സംബന്ധിച്ചു പുനഃപരിശോധന നടത്തും. തീരുമാനമാകുംവരെ 283 രൂപ ഈടാക്കില്ല. മറ്റു നിരക്കുകൾ തുടരുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
വാഹന പാർക്കിങ് നിരക്ക് ഇക്കഴിഞ്ഞ 16 മുതലാണ് എയർപോർട്ട് അതോറിറ്റി പുതുക്കിയത്. യാത്രക്കാരെ വിമാനത്താവളത്തിൽ എത്തിക്കുന്നതിന് പുറത്തുനിന്നുള്ള ടാക്സി വാഹനങ്ങൾക്ക് നിരക്കില്ല. എന്നാൽ, യാത്രക്കാരെ കൊണ്ടുപോകാൻ എത്തിയാൽ പുറത്തിറങ്ങുമ്പോൾ 283 രൂപ നൽകണം. അംഗീകൃത പ്രീപെയ്ഡ് ടാക്സികൾ വൻതുക നൽകിയാണ് വിമാനത്താവളത്തിനുള്ളിൽ തുടരുന്നത്. അംഗീകൃത ടാക്സികൾക്ക് ട്രിപ്പ് നഷ്ടപ്പെടാതിരിക്കാനാണ് പുറത്തുള്ള ടാക്സികൾക്ക് തുക നിശ്ചയിച്ചത് എന്നാണ് അധികൃതർ പറയുന്നത്. ഈ ടാക്സികൾക്ക് അര മണിക്കൂർ പാർക്കിങ്ങിന് 226 രൂപയാണ് നിരക്ക്. സ്വകാര്യ കാറുകൾക്ക് അര മണിക്കൂറിന് 40 രൂപയും. ഇവ ഉൾപ്പെടെയുള്ള മറ്റു നിരക്കുകളെല്ലാം തുടരുമെന്ന് അധികൃതർ അറിയിച്ചു.
പാർക്കിങ് ഫീസ് സംബന്ധിച്ചു പ്രതിഷേധങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ പൊലീസിന്റെകൂടി നിർദേശം കണക്കിലെടുത്താണ് 283 രൂപ ഈടാക്കുന്നത് നിർത്താൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച കാര്യങ്ങൾ എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവളം അധികൃതർ പറഞ്ഞു. അതേസമയം, വാഹനങ്ങൾക്ക് പുറത്തിറങ്ങാൻ നിശ്ചയിച്ച സമയപരിധി നീട്ടണമെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികൾ വേണമെന്നും ആവശ്യം ശക്തമാണ്.
കുരുക്കഴിക്കാൻ 10 ജീവനക്കാരെ നിയോഗിച്ചു
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ പാർക്കിങ് പരിഷ്കരണത്തിന്റെ ഭാഗമായി വിമാനത്താവളത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 10 പേരെ നിയോഗിച്ചു. 3 വീതം ജീവനക്കാരെ 3 ഷിഫ്റ്റുകളിലായാണു നിയോഗിച്ചത്. മേൽനോട്ടത്തിനായി ഒരു സൂപ്പർവൈസറെയും നിയമിച്ചിട്ടുണ്ട്. ടെർമിനലിനു മുൻപിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പ്രധാന ചുമതല. വിമാനങ്ങൾ ഒന്നിച്ചെത്തുന്ന സമയത്താണ് വലിയ തിരക്ക്.
പാർക്കിങ് ഫീസ് കുറയ്ക്കുമെന്ന് എയർപോർട്ട് ഡയറക്ടറുടെ ഉറപ്പ്
കരിപ്പൂർ ∙ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ വർധിപ്പിച്ച വാഹന പാർക്കിങ് ഫീസ് കുറയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ഉറപ്പുനൽകിയതായി ഇ.ടി.മുഹമ്മദ് ബഷീർ എംപി അറിയിച്ചു. സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇരട്ടിയായും എയർപോർട്ടിന് പുറത്തുനിന്ന് യാത്രക്കാരുമായി എത്തുന്ന ടാക്സി വാഹനങ്ങൾക്ക് ഗണ്യമായും ഫീസ് ഉയർത്തിയത് വലിയ തോതിൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
ഇതേത്തുടർന്നാണ് ഇ.ടി.മുഹമ്മദ് ബഷീർ എംപി എയർപോർട്ട് ഡയറക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈകാതെ പരിഹാരം ഉണ്ടാകുമെന്നും ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു. ജോയിന്റ് ജനറൽ മാനേജർ എം.മുനീർ, എൻജിനീയറിങ് ജനറൽ മാനേജർ രവീന്ദ്രൻ, സിവിൽ ജനറൽ മാനേജർ മുഹമ്മദ് കാസിം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.