കണ്ടെയ്ൻമെന്റ് സോണുകളിൽ സർവേ പൂർത്തിയായി: നിപ്പ: ആശങ്ക അകലുന്നു
Mail This Article
വണ്ടൂർ (മലപ്പുറം) ∙ നടുവത്ത് സ്വദേശിയായ യുവാവിനു മരണശേഷം നിപ്പ സ്ഥിരീകരിച്ചതോടെ തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണുകളായ 5 വാർഡുകളിലും സമീപ വാർഡുകളിലും സമീപ പഞ്ചായത്തായ വണ്ടൂരിലെ 7 വാർഡുകളിലും ആരോഗ്യവകുപ്പിന്റെ സർവേ പൂർത്തിയായി. ഇന്നലെ തിരുവാലി പഞ്ചായത്തിലെ 110 വീടുകളിലും വണ്ടൂർ പഞ്ചായത്തിലെ 501 വീടുകളിലുമായിരുന്നു സർവേ. തിരുവാലിയിൽ ആർക്കും പുതിയതായി പനി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസമായി.
വണ്ടൂരിൽ 10 പേർക്കു പനിയുണ്ട്. നേരത്തെ പരിശോധനയ്ക്കയച്ച 4 പേരുടെയും ഇന്നലെ പരിശോധനയ്ക്കയച്ച ഒരാളുടെയും ഫലമാണ് ഇനി വരാനുള്ളത്. ഇതുവരെ വന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവായതോടെ ഒരു പരിധിവരെ ആശങ്കയകന്നു. തിരുവാലിയിൽ നിലവിലുള്ള നിയന്ത്രണങ്ങളും ജാഗ്രതയും തുടരുമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി പറഞ്ഞു.
വണ്ടൂർ, കാളികാവ്, എടവണ്ണ, മേലാറ്റൂർ ആരോഗ്യ ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തിരുവാലി പിഎച്ച്സിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണു ജനകീയ പങ്കാളിത്തത്തോടെ മൂന്നു ദിവസത്തെ സർവേ നടത്തിയത്. അറുനൂറോളം പേർ വിവിധ സംഘങ്ങളായി വീടുകൾ കയറിയിറങ്ങി. മൂന്നു പഞ്ചായത്തുകളിലായി 7652 വീടുകളിലായിരുന്നു പരിശോധന.
166 പനിബാധിതരെ കണ്ടെത്തി നിരീക്ഷണം തുടരുന്നു. നിപ്പ സ്ഥിരീകരിച്ച തിരുവാലി പഞ്ചായത്തിലാണു കൂടുതൽ വീടുകളിൽ പരിശോധിച്ചത്. ഇവിടെ 2692 വീടുകളിലെ പരിശോധനയിൽ 69 പനിബാധിതരെ കണ്ടെത്തി. വണ്ടൂരിൽ 2661 വീടുകളിൽ സർവേ നടത്തി. 56 പനിബാധിതരെ കണ്ടെത്തി.
തിരുവാലി, മമ്പാട്, വണ്ടൂർ പഞ്ചായത്തുകളിൽ ജാഗ്രത തുടരുമെന്നു ആരോഗ്യ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പറഞ്ഞു. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച പനി ക്ലിനിക് തുടരും. പനിബാധിതർക്കു ചികിത്സ ലഭ്യമാക്കുന്നതോടൊപ്പം തുടർ നിരീക്ഷണവും നടത്തും. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കു മാനസിക പിന്തുണ നൽകുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്്. ഇന്നു വിളിച്ച 11 പേർ ഉൾപ്പെടെ, ആകെ 226 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകി.
എം പോക്സ്: പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 23 പേർ
മഞ്ചേരി (മലപ്പുറം) ∙ ജില്ലയിൽ എം പോക്സ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയാറാക്കി. 23 പേരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയാണ് ഇതുവരെ തയാറാക്കിയത്. വീട്ടുകാർ, ആദ്യം ചികിത്സ തേടിയ ക്ലിനിക്കിലെ ജീവനക്കാർ, അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരാണ് ഇവരെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
13നു ദുബായിൽനിന്ന് എത്തിയ എടവണ്ണ വെസ്റ്റ് ചാത്തല്ലൂർ സ്വദേശിക്കാണ് (38) രോഗം സ്ഥിരീകരിച്ചത്. നാട്ടിലെത്തിയപ്പോഴും ഓണാഘോഷവുമായി ബന്ധപ്പെട്ടും സുഹൃദ് സൽക്കാരങ്ങളിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണു സമ്പർക്കപ്പട്ടിക തയാറാക്കിയത്. പ്രാഥമിക സമ്പർക്കമുള്ളവരോടു വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണു നിർദേശിച്ചിരിക്കുന്നത്.
വിമാനത്തിൽ ഇദ്ദേഹത്തിന്റെ അടുത്ത സീറ്റിൽ യാത്ര ചെയ്തവരുടെ വിവരങ്ങളും ആരോഗ്യവകുപ്പ് തേടിയിട്ടുണ്ട്. നാട്ടിലെത്തിയതു മുതൽ ഐസലേഷൻ വാർഡിൽ പ്രവേശിക്കുന്നതു വരെ ഒന്നോ, രണ്ടോ ദിവസത്തെ യാത്രയാണു നടത്തിയതെന്നും അതിനാൽ കൂടുതൽ പേരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ ഇടയില്ലെന്നും അധികൃതർ അറിയിച്ചു.
എം പോക്സ് ലക്ഷണത്തോടെ നിരീക്ഷണത്തിലായതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് മുന്നൊരുക്കം തുടങ്ങിയിരുന്നു. ചിക്കൻപോക്സ് സംശയമുള്ളതിനാൽ വീട്ടുകാർ നേരത്തെ ജാഗ്രതയിലായിരുന്നു. വിദേശത്തുനിന്നു വരുമ്പോൾതന്നെ പനിയുണ്ടായിരുന്നതിനാൽ ചുരുക്കം ചിലരാണ് അടുത്തിടപഴകിയത്.
ജില്ലയിൽ അതീവ ജാഗ്രത
∙ നിപ്പയ്ക്കു പിന്നാലെ എം പോക്സും സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ. എം പോക്സിന്റെ ഏത് ഇനം വൈറസ് ആണെന്നും പടരാൻ സാധ്യതയുണ്ടോ എന്നറിയാനും സ്രവ സാംപിൾ വിദഗ്ധ പരിശോധനയ്ക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.
13നു വിദേശത്തുനിന്നെത്തിയയാൾ 16 മുതൽ മെഡിക്കൽ കോളജ് ആശുപത്രി ഐസലേഷൻ വാർഡിൽ ചികിത്സയിൽ തുടരുകയാണ്. ആന്റി വൈറൽ ട്രീറ്റ്മെന്റ് ആണു നിലവിൽ നൽകുന്നത്. എം പോക്സ് സ്ഥിരീകരിച്ചതോടെ ഡോക്ടർമാരുടെ ഉന്നതതല സംഘം യോഗം ചേർന്ന് തുടർ ചികിത്സ തീരുമാനിക്കും.