ചിട്ടി, നിക്ഷേപത്തട്ടിപ്പ്: പരാതിക്കാരുടെ മാർച്ചിൽ സംഘർഷാവസ്ഥ
Mail This Article
നിലമ്പൂർ∙ ചിട്ടി, നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ കാരാട്ട് കുറീസ്, ധനക്ഷേമനിധി ഉടമകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നിക്ഷേപകരും ജീവനക്കാരും നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷാവസ്ഥ. യുവാവിനെ പൊലീസ് ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്തു. 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട്, മലപ്പുറം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ കാരാട്ട് കുറീസിന്റെ 14 ശാഖകൾ, നിലമ്പൂർ ധനക്ഷേമനിധി എന്നിവയിലെ ജീവനക്കാരും നിക്ഷേപകരും ചേർന്നുള്ള ആക്‌ഷൻ കമ്മിറ്റി ഇന്നലെ മുതൽ അനിശ്ചിതകാല പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. എല്ലാവരും രാവിലെ ചുങ്കത്തറയിൽ ഒത്തുചേർന്നു ചിട്ടി ഫോർമാൻ കൂടിയായ അസിസ്റ്റന്റ് ജനറൽ മാനേജരുടെ പൂക്കോട്ടുമണ്ണയിലെ വസതിയിലേക്കു മാർച്ച് നടത്തി.
ഇവിടെ ആരും ഉണ്ടായിരുന്നില്ല.പോത്തുകല്ല് എസ്ഐയുടെ നേതൃത്വത്തിൽ മാർച്ച് തടഞ്ഞു. എല്ലാവരെയും അദ്ദേഹംഅനുനയിപ്പിച്ചു തിരിച്ചയച്ചു. തുടർന്നു 12ന് എല്ലാവരും ജനതപ്പടിയിൽ കാരാട്ട് കുറീസ് നിലമ്പൂർ ശാഖയുടെ പരിസരത്ത് ഒത്തുചേർന്നു. 12.30ന് സ്ഥാപന ഉടമകൾ, പൊലീസ് എന്നിവർക്കെതിരെ മുദ്രാവാക്യം മുഴക്കി മാർച്ച് തുടങ്ങി. സ്റ്റേഷൻ കവാടത്തിൽ പൊലീസ് മാർച്ച് തടഞ്ഞു. നിലമ്പൂർ ശാഖയിൽ തട്ടിപ്പിനിരയായവരുടെ പ്രതിനിധികളെ ചർച്ചയ്ക്ക് ഇൻസ്പെക്ടർ ക്ഷണിച്ചു. തിരൂരങ്ങാടി, പട്ടാമ്പി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയവർ ഇതു ചോദ്യം ചെയ്തു. ഇതര സ്റ്റേഷനുകളിലെ കേസിന്റെ കാര്യങ്ങൾ തനിക്കറിയില്ലെന്ന് ഇൻസ്പെക്ടർ വിശദീകരിച്ചു.
കേൾക്കാൻ കൂട്ടാക്കാതെ തട്ടിക്കയറിയ തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ പൊലീസ് ആൾക്കൂട്ടത്തിൽനിന്നു തള്ളി പുറത്താക്കി വിട്ടു. യുവാവ് മടങ്ങിയെത്തി വീണ്ടും പ്രകോപനം സൃഷ്ടിച്ചപ്പോൾ ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്തു. ആളുകളും പൊലീസും തമ്മിൽ തർക്കം കുറച്ചു നേരം കൂടി തുടർന്നു. കെഎൻജി പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നിലമ്പൂർ സ്റ്റേഷനിൽ പരാതി നൽകിയവരുടെ പ്രതിനിധികളുമായി ഇൻസ്പെക്ടർ സംസാരിച്ചു. സ്വീകരിച്ച നടപടികൾ ബോധ്യപ്പെടുത്തി.2 മണിയോടെ ആളുകൾ പിരിഞ്ഞുപോയി. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുസ്ഥലത്തു സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു.
ബഡ്സ് നിയമപ്രകാരം കുറ്റം ചുമത്തി കോടതിക്ക് റിപ്പോർട്ട് നൽകി
∙ ചിട്ടി, നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികൾക്കെതിരെ പൊലീസ് ബഡ്സ് (ബാനിങ് ഓഫ് അൺ റജിസ്റ്റേഡ് ഡിപ്പോസിറ്റ് സ്കീം) ആക്ട് പ്രകാരം കുറ്റം ചുമത്തി കോടതിക്കു റിപ്പോർട്ട് നൽകി. നേരത്തേ ഭാരതീയ ന്യായസംഹിത പ്രകാരം വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണു ചുമത്തിയിരുന്നത്. 2019ലെ ബഡ്സ് ആക്ട് പ്രകാരം പ്രതികളുടെ സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവ പിടിച്ചെടുത്ത് ഇരകൾക്ക് ആനുപാതികമായി വീതിച്ചു നൽകാൻ കഴിയുമെന്നു കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന ഇൻസ്പെക്ടർ ആർ. രാജേന്ദ്രൻ നായർ പറഞ്ഞു.
പ്രതികളുടെ ഭൂസ്വത്തുക്കൾ കണ്ടെത്താൻ റവന്യു വകുപ്പിനു റിപ്പോർട്ടുകൾ നൽകും. നിക്ഷേപങ്ങൾ മരവിപ്പിക്കാൻ ബാങ്കുകളെ സമീപിക്കും. ഒളിവിലുള്ള എംഡി കിഴക്കേതിൽ സന്തോഷ്, ഡയറക്ടർ പി.മുബഷിർ എന്നിവർക്കായി അന്വേഷണം തുടരുകയാണ്. ജീവനക്കാരുടെ ഉൾപ്പെടെ 500 പരാതികൾ നിലമ്പൂർ സ്റ്റേഷനിൽ ലഭിച്ചു. investors-protest-chit-fund-scamഅവ പരിശോധിച്ചു പരാതിക്കാരിൽനിന്നു പ്രത്യേക സംഘം മൊഴിയെടുക്കൽ തുടരുകയാണ്. പൂർത്തിയാക്കിയ ശേഷം ഇതര ഡയറക്ടർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ പ്രതികളാക്കുമെന്നു സൂചനയുണ്ട്.