നീതി കിട്ടാതെ ഓളങ്ങളിൽ പൊലിഞ്ഞവർ; സർക്കാരിന്റെ കണ്ണിൽ ഇവർ മത്സ്യത്തൊഴിലാളികളല്ല, ആനുകൂല്യങ്ങളുമില്ല...
Mail This Article
പൊന്നാനി ∙ ആത്മാവിന് നോവുമെങ്കിൽ.. നീതി കിട്ടാതെ പോയ ആ രണ്ട് ജന്മങ്ങൾ അങ്ങേയറ്റം വേദനിക്കുന്നുണ്ടാകും. പുഴയിൽ ചെമ്മീൻ അരിച്ചെടുക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് മരിച്ചു പോയ രണ്ട് സ്ത്രീകൾ. ആശുപത്രിയിലെത്തിക്കാൻ ഒരു രൂപ പോലും സഹായം കിട്ടാതെയായിരുന്നു അവരുടെ അന്ത്യയാത്ര. ഒരു മത്സ്യത്തൊഴിലാളി മീൻപിടിത്തത്തിനിടയിൽ മരിച്ചാൽ 10 ലക്ഷം രൂപ സഹായധനമായി കിട്ടും. പൊന്നാനിയിലും പുറത്തൂരിലും മീൻപിടിത്തത്തിനിടെ മരിച്ച ഇവർക്ക് സർക്കാർ ഒന്നും നൽകിയില്ല. കാരണം സർക്കാരിന്റെ കണ്ണിൽ ഇവർ മത്സ്യത്തൊഴിലാളികളല്ല. എന്തുകൊണ്ടെന്ന് ചോദിക്കാനും ആരുമില്ല. ഒരായുസ്സ് മുഴുവൻ പുഴയിലിറങ്ങി ചെളിയിൽ പരതി മീൻപിടിച്ചിട്ടും അവർ മത്സ്യത്തൊഴിലാളികളാണെന്ന് അംഗീകരിക്കാൻ സർക്കാർ സംവിധാനത്തിന് കഴിയുന്നില്ല.
അറിയാതെ പോയ ‘ഉള്ളൊഴുക്ക്’
മീൻപിടിത്തത്തിനിടെ പുഴയിലെ ഒഴുക്കിൽപെട്ട് മരിച്ച 2 തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി കാർഡും ഇൻഷുറൻസ് പരിരക്ഷയുമില്ലെന്നു പറഞ്ഞ് ബന്ധുക്കളെ തിരിച്ചയച്ചു. നിസ്സഹായരായി മടങ്ങേണ്ടി വന്ന ഉറ്റവരെക്കുറിച്ചോർത്ത് ആ ആത്മാക്കൾ ഉറപ്പായും വേദനിക്കുന്നുണ്ടാകും. പുഴയിലെ ഒഴുക്കിനേക്കാൾ കഠിനമാണ് ഇത്തരം ഉള്ളൊഴുക്കുകൾ. വേദനകളും പരിഭവങ്ങളും അവർ പരസ്പരം പങ്കുവയ്ക്കുമെന്നല്ലാതെ ഇന്നേവരെ പുറത്തറിയിച്ചിട്ടില്ല. അവകാശങ്ങൾ ഉന്നയിച്ച് സർക്കാർ ഓഫിസുകളും കയറിയിറങ്ങാറില്ല. കോടികൾ ചെലവഴിച്ച് തീരദേശത്തെയും മത്സ്യത്തൊഴിലാളികളെയും കുറിച്ച് പഠിക്കാനിറങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരൊന്നും ഇവരുടെ ജീവിതം കണ്ടിട്ടില്ല.
എന്തെല്ലാം ഇവരിൽ നിന്ന് അകറ്റി...
ഒരാളുടെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണെങ്കിൽ സർക്കാരിന്റെ കണക്കിൽ അവർ മത്സ്യത്തൊഴിലാളിയാണ്. ഒരു മത്സ്യത്തൊഴിലാളിക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ നിലവിൽ സർക്കാർ അനുവദിച്ചിട്ടുണ്ട്. സമ്പാദ്യ ആശ്വാസ പദ്ധതി, മക്കൾക്ക് പഠനോപകരണങ്ങൾ, ലാപ്ടോപ്, സ്കോളർഷിപ്, ചികിത്സാ സഹായം, മറ്റ് ക്ഷേമ നിധി ആനുകൂല്യങ്ങൾ, മീൻപിടിത്തത്തിനിടെ മരിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപയുടെ സഹായ ധനം, പെൺമക്കൾക്കുള്ള വിവാഹ സഹായം തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ മത്സ്യത്തൊഴിലാളികൾക്കുണ്ട്. പൂർണമായി മത്സ്യത്തൊഴിലാളികളായിട്ടും ഇവരിപ്പോഴും പടിക്കുപുറത്താണ്.
‘ചെളിയിലേക്കു പതിയുന്ന ചെമ്മീൻ’
ശബ്ദമുയർന്നാൽ.. ചെമ്മീൻ അതിവേഗം ചെളിയിലേക്കു പതിഞ്ഞിരിക്കും.. പിന്നെ ചെളിക്കൂട്ടി വാരിയാൽ മാത്രമേ ചെമ്മീൻ കിട്ടുകയുള്ളു.. ഇതേ സ്വഭാവമാണ് അധികൃതർക്കും. ഇവരുടെ കരുത്തുറ്റ മീൻപിടിത്തം കണ്ടിട്ടും ആനുകൂല്യങ്ങളുടെ കാര്യങ്ങളിൽ ചെളിയിലേക്ക് ചെമ്മീനെന്ന പോലെ പതുങ്ങിയിരിക്കുകയാണ് ചില അധികാരികൾ. അർഹതപ്പെട്ടത് ഇവരിലേക്കെത്തിക്കാൻ ഒരു ചെറുവിരലനക്കം പോലുമുണ്ടായിട്ടില്ല. ചെളിയിൽ കാലുറപ്പിച്ചുനിന്ന് കൈകൾകൊണ്ട് അടിത്തട്ടിൽ തപ്പി മീൻപിടിക്കുന്നത് ഇവരുടെ അനർഹതയാകുന്നത് എന്തുകൊണ്ടാണെന്നതിന് അധികാരികൾക്ക് ഉത്തരമില്ല. പുഴയുടെ സ്വഭാവമെന്താണെന്ന് ഏതു പാതിരാത്രിയിൽ ചോദിച്ചാലും ഇവർ പറയും. തലേന്ന് രാത്രി ഇടി വെട്ടിയാൽ പിറ്റേന്ന് പ്രതീക്ഷ വേണ്ടെന്ന് ഇവരുടെ മനക്കണക്കാണ്. അപ്പോഴേക്കും ചെമ്മീൻ പുഴ വിട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. അങ്ങനെ പുഴയുടെ ഓരോന്നിലും ഇവർക്ക് കൃത്യമായ ധാരണയുണ്ട്.
പറയുക എന്താണ് ഇവരുടെ അയോഗ്യത.?
ജീവിക്കാൻ ഉരുക്കായിത്തീർന്നവരാണിവർ. പുഴയിലിറങ്ങി നേരിട്ട് മീൻപിടിക്കുന്ന ഇൗ വനിതകൾ എന്തുകൊണ്ടാണ് മത്സ്യത്തൊഴിലാളികളല്ലാതായത്. കുടം കെട്ടിയ കയറിന്റെ അറ്റം വായിലേക്ക് കടിച്ചു പിടിച്ച് ഇടത്തേക്കൈ കൊണ്ട് ഉച്ചത്തിൽ വെള്ളം ഇളക്കി വലത്തേക്കൈ കൊണ്ട് പുഴയുടെ അടിത്തട്ടിലെ ചെളിയിൽ കൈ പൂഴ്ത്തി പരതുന്ന ഇൗ വനിതകളുടെ ജീവിതവും ചെളിയിൽ പൂണ്ടുകിടക്കുകയാണ്. ഇവർക്കായി ഒരു സംരക്ഷണ പദ്ധതിയും ഇന്നേവരെ നടപ്പാക്കിയിട്ടില്ല. പഞ്ഞമാസ ആനുകൂല്യമില്ല, സൗജന്യ റേഷനില്ല. മക്കൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങളില്ല. കാരണം സർക്കാരിന്റെ കണക്കിൽ ഇവർ മത്സ്യത്തൊഴിലാളികളല്ല. ജില്ലയിൽ ഒരു വനിതാ മത്സ്യത്തൊഴിലാളി പോലുമില്ലെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. സർക്കാരിന്റെ അവഗണനയിൽ ഇവർ ഉരുകിത്തീരുകയാണ്.