നിലമ്പൂർ-ഷൊർണൂർ റെയിൽപാത വൈദ്യുതീകരണം: ട്രാക്ഷൻ സബ് സ്‌റ്റേഷൻ പ്രവർത്തനസജ്ജമായി
Mail This Article
മേലാറ്റൂർ ∙ ഷൊർണൂർ മുതൽ നിലമ്പൂർ വരെയുള്ള റെയിൽപാതയുടെ വൈദ്യുതീകരണത്തിന്റെ ഭാഗമായി മേലാറ്റൂരിൽ സ്ഥാപിച്ച 110/25 കെവി ട്രാക്ഷൻ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി കടത്തിവിട്ട് പരിശോധന നടത്തി പ്രവർത്തനസജ്ജമാക്കി. റെയിൽവേ പാലക്കാട് ഡിവിഷൻ എഡിആർഎം എസ്.ജയകൃഷ്ണൻ സ്വിച്ച്ഓൺ കർമം നിർവഹിച്ചു.ട്രാൻസ്ഫോമറുകൾ ചാർജ് ചെയ്താണ് അവസാനവട്ട പരിശോധനകൾ നടത്തിയത്. ഇതോടൊപ്പം മേലാറ്റൂരിൽ സ്ഥാപിക്കുന്ന ക്രോസിങ് സ്റ്റേഷന്റെ നിർമാണോദ്ഘാടനവും പുതിയ സ്‌റ്റേഷൻ കെട്ടിടത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
ഇന്നലെ പാതയിൽ എസി ഇലക്ട്രിക് ഇൻസ്പെക്ഷൻ ട്രെയിൻ ഓടിച്ച് പരിശോധന നടത്തി. നേരത്തേ ഷൊർണൂരിലെ സബ് സ്‌റ്റേഷനിൽനിന്ന് വൈദ്യുതി കടത്തിവിട്ടാണ് ട്രയൽ റൺ നടത്തിയത്. റെയിൽവേ ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സബ്സ്റ്റേഷൻ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.പുതുവർഷത്തിലെ ആദ്യവാരം മുതൽ പാതയിലൂടെ ഇലക്ട്രിക് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നും ഇന്നുമുതൽ ഷൊർണൂർ ഭാഗത്തുനിന്നും അങ്ങാടിപ്പുറം വരെ ഇലക്ട്രിക് ഗുഡ്സ് വണ്ടികൾ സർവീസ് നടത്തുമെന്നും എഡിആർഎം പറഞ്ഞു.
എക്സ്ട്രാ ഹൈടെൻഷൻ (ഇഎച്ച്ടി) ലൈൻ ആയതിനാൽ വൈദ്യുതി കടത്തിവിടാൻ കെഎസ്ഇബി ഹെഡ് ഓഫിസിൽനിന്ന് സാങ്കേതികാനുമതിക്കായി കാത്തിരിക്കുകയാണ്. ഇതിനായുള്ള ഫയലുകൾ റെയിൽവേ വിഭാഗം കെഎസ്ഇബിക്കു സമർപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾക്കകം അനുമതി ലഭ്യമാകുമെന്നും ഇതോടെ വൈദ്യുതീകരണം പൂർത്തിയാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.മേലാറ്റൂർ ചോലക്കുളത്തെ 110 കെവി സബ് സ്റ്റേഷനിൽനിന്നാണ് ട്രാക്ഷൻ സബ്സ്റ്റേഷനിലേക്ക് ഭൂഗർഭ കേബിൾ വഴി വൈദ്യുതിയെത്തിച്ചിരിക്കുന്നത്.
വലിയ രണ്ട് ട്രാൻസ്ഫോമറുകളും അനുബന്ധ ഉപകരണങ്ങളും സ്വിച്ചിങ് സ്റ്റേഷനും ഓഫിസുമാണ് മേലാറ്റൂരിൽ സജ്ജമായിരിക്കുന്നത്. ഇതോടെ 67 കിലോമീറ്റർ ദൂരമുള്ള ഷൊർണൂർ-നിലമ്പൂർ പാതയിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. വാണിയമ്പലത്തും അങ്ങാടിപ്പുറത്തും വാടാനാംകുറുശ്ശിയിലുമാണ് വൈദ്യുതി സ്വിച്ചിങ് സ്‌റ്റേഷനുകൾ ഒരുക്കിയിരിക്കുന്നത്.നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് ട്രെയിൻ ഓടിയെത്താനുള്ള സമയം. ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ സമയം ഒരു മണിക്കൂർ 10 മിനിറ്റായായി ചുരുങ്ങും.
അടുത്ത ആഴ്ചയോടെ കമ്മിഷൻ ചെയ്യാനാകുമെന്നു പ്രതീക്ഷ
പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാത വൈദ്യുതീകരണത്തിന്റെ കമ്മിഷനിങ് ഉടൻ നടത്തുമെന്ന് എഡിആർഎം എസ്.ജയകൃഷ്‌ണൻ അറിയിച്ചു. അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിലെ അമൃത് ഭാരത് സ്‌റ്റേഷൻ നവീകരണ ജോലികൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.കെഎസ്‌ഇബിയിൽനിന്ന് വൈദ്യുതി സപ്ലൈ ലഭിച്ചാലുടനെ കമ്മിഷനിങ് നടത്താനാകും. അടുത്ത തിങ്കളാഴ്‌ചയോടെ സപ്ലൈ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ അടുത്ത ആഴ്‌ചയോടെ കമ്മിഷനിങ് നടത്തും. മേലാറ്റൂരിലും കുലുക്കല്ലൂരിലും ഇപ്പോൾ നിർമാണം തുടങ്ങിയ 2 ക്രോസിങ് സ്‌റ്റേഷനുകൾ പൂർത്തിയായാൽ പാതയിലെ യാത്രാക്ലേശം ഒരുവിധം പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്കു നീട്ടാനും രാവിലെ ഷൊർണൂരിൽനിന്ന് കണ്ണൂരിലേക്കു പോകുന്ന ഇതേ മെമു നിലമ്പൂരിൽനിന്ന് ആരംഭിക്കാനുമുള്ള നിർദേശം പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് റെയിൽവേ ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ എമർജൻസി മെഡിക്കൽ റൂം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ നിവേദനം നൽകി. ആവശ്യം തികച്ചും ന്യായമാണെന്നും ആവശ്യമായ നടപടി ഉണ്ടാകുമെന്നും എഡിആർഎം അറിയിച്ചു.ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്കുള്ള രാത്രിയാത്രാ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള റെയിൽവേ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഷിജു എം.സാമുവലും നിവേദനം നൽകി. റെയിൽവേ സ്‌റ്റേഷനിൽനിന്ന് സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നതിനു പരിഹാരം കാണണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബി.രതീഷ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എഡിആർഎം സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.