വേണാട് എക്സ്പ്രസ് നിലമ്പൂർക്ക് നീട്ടാൻ സാധ്യത തെളിയുന്നു; അടിപ്പാത നിർമാണം വേഗത്തിലാക്കാൻ നിർദേശം
Mail This Article
നിലമ്പൂർ ∙ പാലക്കാട് അഡീഷനൽ ഡിവിഷൻ റെയിൽവേ മാനേജർ എസ്.ജയകൃഷ്ണൻ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. അടിപ്പാത നിർമാണം വേഗത്തിലാക്കാൻ നിർദ്ദേശിച്ചു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ സ്റ്റേഷനിലെ നിർമാണങ്ങളുടെ പുരോഗതി വിലയിരുത്താനാണ് എഡിആർഎം എത്തിയത്. 6 മാസം കൊണ്ടു തീർക്കുമെന്ന പ്രഖ്യാപിച്ച് 9 മാസം മുൻപ് തുടങ്ങിയ അടിപ്പാത നിർമാണം ഇഴയുകയാണ്. ജനുവരി 8ന് ഗേറ്റിലെ മണ്ണ് നീക്കി ട്രെയിനുകൾക്ക് കടന്നുപോകാൻ ഉരുക്ക് ഗർഡറുകൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
എഡിആർഎം തുടർന്നു രണ്ടാം നമ്പർ പ്ലാറ്റ്ഫോം, പുതിയ റിസർവേഷൻ ടിക്കറ്റ് കൗണ്ടർ എന്നിവ സന്ദർശിച്ചു. പ്ലാറ്റ്ഫോമിന് കൂടുതൽ മേൽക്കൂര നിർമിക്കുമെന്നും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനു നീളം കൂട്ടാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേണാട് എക്സ്പ്രസ് നിലമ്പൂർക്ക് നീട്ടാൻ സാധ്യത തെളിയും. ലിഫ്റ്റ് നിർമാണം ഉടൻ തുടങ്ങും.
പാതയിൽ കൂടുതൽ യാത്രാസൗകര്യങ്ങൾക്ക് നിർദേശങ്ങളടങ്ങിയ നിവേദനം നിലമ്പൂർ - മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ എഡിആർഎമ്മിന് കൈമാറി. വൈദ്യുതീകരണം പൂർത്തിയാകുന്നതാേടെ ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ച് പാതയിൽ കൂടുതൽ പാസഞ്ചർ സർവീസുകൾ തുടങ്ങാനുള്ള നിർദേശങ്ങളാണ് കൗൺസിൽ ഭാരവാഹികളായ ജോഷ്വാ കോശി, ഡോ. ബിജുനൈനാൻ, യു. നരേന്ദ്രൻ, ജോർജ് വർഗീസ്, അബ്ദുൽ നസീർ എന്നിവർ സമർപ്പിച്ചത്.
രണ്ടാം നമ്പർ പ്ലാറ്റ്ഫോമിനും പുതിയ ടിക്കറ്റ് കൗണ്ടറിനും ഇടയിൽ മെമു ട്രെയിനുകൾക്ക് പുതിയ പ്ലാറ്റ്ഫോം പരിഗണനയിലുണ്ട്. നിർദേശങ്ങൾ ദക്ഷിണ റെയിൽവേ ഓപ്പറേഷൻസ് വിഭാഗത്തിന് കൈമാറുമെന്ന് എഡിആർഎം അറിയിച്ചു. കരുളായി റോഡിൽ നിന്നു രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം വേണമെന്നും കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.ഡിവിഷനൽ എൻജിനീയർ അൻഷ്യൽ ഭാരതി, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ സന്ദീപ് ജോസഫ്, ഡിവിഷനൽ ഓപ്പറേഷൻസ് മാനേജർ എം.വാസുദേവൻ, ഡപ്യൂട്ടി സിഇ എ.വി.ശ്രീകുമാർ, കെ.വി.പ്രമോദ് കുമാർ തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ സംഘത്തിലുണ്ടായിരുന്നു.