പൂർത്തീകരണത്തിലേക്ക് കുതിച്ച് ആറുവരിപ്പാത; അവശേഷിക്കുന്നത് 81 ദിവസം; ബാക്കിയുള്ളത് 20 ശതമാനം ജോലികൾ
Mail This Article
കുറ്റിപ്പുറം∙ മംഗളൂരു–ഇടപ്പള്ളി ആറുവരിപ്പാതയുടെ ഭാഗമായി ജില്ലയിൽ നിർമാണം പുരോഗമിക്കുന്ന 75 കിലോമീറ്റർ ദൂരത്തെ ജോലികൾ പൂർത്തിയാക്കാൻ ഇനി അവശേഷിക്കുന്നത് 81 ദിവസം. മാർച്ച് 31നകം ജോലികൾ പൂർത്തിയാക്കി പുതിയ ആറുവരിപ്പാത ദേശീയപാത അതോറിറ്റിക്കു കൈമാറണമെന്നാണ് നിർദേശം. ഇതനുസരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കുറ്റിപ്പുറം റെയിൽവേ മേൽപാലം, കുറ്റിപ്പുറം ഫ്ലൈഓവർ, വട്ടപ്പാറ വയഡക്റ്റ് വന്നുചേരുന്ന ഓണിയൽ പാലത്തിനു സമീപത്തെ നിർമാണം തുടങ്ങി. 20 ശതമാനത്തോളം ജോലികളാണ് ഇനി അവശേഷിക്കുന്നത്.
പല ഭാഗത്തും റോഡിന് ഇരുവശത്തും ലൈറ്റുകൾ അടക്കം സ്ഥാപിച്ചുകഴിഞ്ഞു. പാലങ്ങളിലും ഡിവൈഡറുകളിലും മറ്റും ചായം പൂശുന്ന ജോലികളും പുരോഗമിക്കുകയാണ്. വെട്ടിച്ചിറയിലെ ടോൾപ്ലാസയുടെ നിർമാണവും അവസാനഘട്ടത്തിലേക്കു നീങ്ങുകയാണ്. ഭാരതപ്പുഴയ്ക്കു കുറുകെ നിർമിച്ച ആറുവരിപ്പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഭാരതപ്പുഴ അടക്കമുള്ള വിവിധ പാലങ്ങളുടെ ജോലികൾ മാസങ്ങൾക്കു മുൻപു പൂർത്തിയാക്കിയിരുന്നു. ദേശീയപാതയെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കാൻ കുറ്റിപ്പുറം മിനിപമ്പയിൽ നിർമിക്കുന്ന ഫ്ലൈ ഓവറിന്റെ ജോലികളും ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്.
വട്ടപ്പാറ വളവിനെ ഒഴിവാക്കി നിർമിച്ച വയഡക്ട് പാലം വന്നുചേരുന്ന ഓണിയൽ പാലത്തിനു സമീപത്തെ ജോലികളും രാപകലില്ലാതെ പുരോഗമിക്കുകയാണ്. ജില്ലയിലെ ഏക റെയിൽവേ മേൽപാലത്തിന്റെ ജോലികളും ഉടൻ പൂർത്തിയാക്കും. ഉരുക്കിൽ തീർത്ത ‘റ’പാലം ഉടൻ റെയിൽവേ പാളത്തിന് ഇരുവശത്തുമുള്ള തൂണുകളിൽ സ്ഥാപിക്കും. ഇതോടെ പ്രധാന ജോലികളെല്ലാം പൂർത്തിയാകും. മാർച്ച് 31നകം റോഡിന്റെ നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ കരാർ കമ്പനിയായ കെഎൻആർസിഎലിനു കനത്ത പിഴ അടയ്ക്കേണ്ടിവരും. മേയ് മാസത്തോടെ പുതിയ ആറുവരിപ്പാതയുടെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന.