ADVERTISEMENT

ന്യൂഡൽഹി ∙ മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി ഡൽഹിയിൽ വാഹനങ്ങളിൽ കളർകോഡ് സ്റ്റിക്കറുകൾ നിർബന്ധമാക്കി. എല്ലാ വാഹനങ്ങളിലും ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അടിസ്ഥാനത്തിലുള്ള ഹോളോഗ്രാം കളർകോഡ് സ്റ്റിക്കർ പതിപ്പിക്കണമെന്നു സംസ്ഥാന ഗതാഗത വകുപ്പ് നിർദേശിച്ചു. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചറിയുന്നതിനാണിത്. ഗ്രാപ്പ് 4 നിയന്ത്രണങ്ങളുടെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ബിഎസ് 4 വാഹനങ്ങൾക്കും ട്രക്കുകൾക്കും ഡൽഹിയിലേക്കു പ്രവേശിക്കുന്നതിനു വിലക്കുണ്ട്.

2019 മാർച്ച് 31ന് മുൻപ് റജിസ്റ്റർ ചെയ്ത പഴയ വാഹനങ്ങളിലും 2019 ഏപ്രിൽ 1ന് ശേഷം റജിസ്റ്റർ ചെയ്ത പഴയ വാഹനങ്ങളിലും നിർബന്ധമായും കളർകോഡ് അനുസരിച്ചുള്ള സ്റ്റിക്കർ പതിക്കണം. സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾക്കു പിഴചുമത്തും. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖയിൽ (എൻസിആർ) ഉൾപ്പെടുന്ന മറ്റു സംസ്ഥാനങ്ങളിലും വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അടിസ്ഥാനത്തിൽ ‘കളർകോഡ് ഹോളോഗ്രാം സ്റ്റിക്കർ’ പതിപ്പിക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കണമെന്നു സുപ്രീംകോടതി ഈ മാസം നിർദേശിച്ചിരുന്നു.

ഡൽഹി, എൻസിആർ മേഖലകളിലെ 50 ശതമാനം വാഹനങ്ങളിലും ഹോളോഗ്രാം സ്റ്റിക്കറുകളില്ലെന്ന് അമിക്കസ് ക്യൂറി അപരാജിത സിങ്ങും കോടതിയിൽ വ്യക്തമാക്കിയതിനെത്തുടർന്നായിരുന്നു നടപടി. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിന് ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണത്തെക്കാൾ ഫലപ്രദമാണ് കളർ കോഡ് അനുസരിച്ചുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അമിക്കസ് ക്യൂറി നേരത്തെ കോടതിക്കു റിപ്പോർട്ട് നൽകിയിരുന്നു.

വീട്ടിലിരുന്ന് ചെയ്യാം
ഹൈ സെക്യൂരിറ്റി റജിസ്ട്രേഷൻ നമ്പർ പ്ലേറ്റിനൊപ്പം കളർ കോഡ് സ്റ്റിക്കറും വീട്ടിലെത്തി വാഹനങ്ങളിൽ പിടിപ്പിക്കുന്നതിനായി ഓൺലൈൻ വഴി ബുക്ക് ചെയ്യാം. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബൈൽ മാനുഫാക്ചേഴ്സിന്റെ വെബ്സൈറ്റിലൂടെയും സംസ്ഥാന ഗതാഗത വകുപ്പിന്റെ പോർട്ടലിലൂടെയും ഇതിനായി ബുക്ക് ചെയ്യാം.

English Summary:

To combat pollution, Delhi has implemented mandatory color-coded stickers for all vehicles based on their fuel type (petrol, diesel, CNG, electric). This helps identify vehicles violating BS4 bans and Grap 4 regulations. Vehicles without stickers face fines.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com