വലിയ വില, 20 മിനിറ്റിന് 499 രൂപ വരെ!; ശുദ്ധവായു ശ്വസിക്കാൻ ഡൽഹിയിൽ ആളുകളുടെ വൻ തിരക്ക്
Mail This Article
ന്യൂഡൽഹി ∙ വായുനിലവാര സൂചിക 500 കടന്ന ഡൽഹിയിൽ വിലകൊടുത്ത് ശുദ്ധവായു ശ്വസിക്കാൻ ആളുകളുടെ വൻ തിരക്ക്. ശുദ്ധമായ ഓക്സിജൻ വാഗ്ദാനം ചെയ്യുന്ന ‘ഓക്സി പ്യുർ’ എന്ന് ഓക്സിജൻ ബാറിൽ ഒരു ദിവസമെത്തുന്നത് മുപ്പതിലേറെ ഉപഭോക്താക്കളാണ്. 20 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 മുതൽ 499 രൂപ വരെയാണ് ചെലവ്. 2019ൽ ആരംഭിച്ച ഓക്സിജൻ ബാറിൽ 80 മുതൽ 90% വരെ ശുദ്ധമായ ഓക്സിജനാണ് ലഭിക്കുന്നത്.
ശുദ്ധമായ ഓക്സിജനു ഗന്ധമൊന്നുമില്ലെങ്കിലും ബാറിൽ 7 സുഗന്ധങ്ങളിൽ ഓക്സിജൻ ലഭിക്കും. വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലാണ് ഓക്സിജൻ ബാർ പ്രവർത്തിക്കുന്നത്. ഡൽഹിക്ക് പുറമേ ഭുവനേശ്വറിലും ഗുഡ്‌ഗാവിലും ‘ഓക്സി പ്യുർ’ ബ്രാഞ്ചുകളുണ്ട്. ഗുഡ്‌ഗാവിലെ സൈബർ ഹബ്ബിൽ പുതിയ ഔട്ട്‍ലറ്റ് ഉടൻ തുറക്കാനും തയാറെടുക്കുകയാണ് വായു വിൽപന നടത്തുന്ന കമ്പനി. ഡൽഹി സ്വദേശികളായ ആര്യവീർ കുമാറും മാർഗരിറ്റ കുരിറ്റ്യസ്നയുമാണ് കമ്പനിയുടെ സ്ഥാപകർ.
ഗ്രാമ്പു, മിന്റ്, ലാവെൻഡർ, യൂക്കാലിപ്റ്റസ്, ഓറഞ്ച് തുടങ്ങിയ സുഗന്ധങ്ങളിൽ ഇവിടെ ഓക്സിജൻ ലഭിക്കും. യൂക്കാലിപ്റ്റസ് ശ്വാസനാളത്തിന്റെ അസ്വസ്ഥത നീക്കുകയും തൊണ്ടയ്ക്കു കുളിർമ നൽകുകയും ചെയ്യുമെന്നാണ് ഇവരുടെ വിശദീകരണം. വനില മനസ്സിനെ ശാന്തമാക്കുമെന്നും പെപ്പർമിന്റ് ഛർദി അകറ്റുമെന്നും ഇവർ പറയുന്നു. പ്രത്യേകം തയാറാക്കിയ മസാജിങ് കസേരയിൽ ഇരുത്തി ട്യൂബ് വഴി നേരിട്ട് മൂക്കിലേക്കാണ് ഓക്സിജൻ നൽകുന്നത്. എന്നാലിത് ആശുപത്രികളിൽ നൽകുന്ന സിലിണ്ടർ ഓക്സിജൻ അല്ലെന്നും എയർപ്യൂരിഫയറും ഓക്സിജൻ കോൺസൻട്രേറ്ററും ഉപയോഗിച്ച് അന്തരീക്ഷ വായുവിൽ നിന്ന് നൈട്രജൻ തരംതിരിച്ച് ഉണ്ടാക്കുന്ന ഓക്സിജനാണെന്നുമാണ് ഉടമകളുടെ അവകാശവാദം.
ഇതിനകംതന്നെ 25,000ലേറെ പേർ ഓക്സിജൻ ബാറിൽ വന്നിട്ടുണ്ടെന്നു മാനേജർ കരൺ ചൗധരി പറയുന്നു. പകുതിയിലധികവും വിദേശികളാണ്. ഡൽഹിയിലെ വായു ഏറ്റവും മലിനമാകുന്ന ശൈത്യകാലത്താണ് ഓക്സിജൻ ബാറിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. ഇക്കഴിഞ്ഞ നവംബർ 10ന് 80 പേർ ബാറിൽ ശുദ്ധമായ ഓക്സിജൻ ശ്വസിക്കാനെത്തി. സ്ഥാപനം തുടങ്ങിയ ശേഷം ഏറ്റവുമധികം പേരെത്തിയ ദിവസവും അതാണ്.