പത്തു വർഷത്തിനിടെ 14 കോടീശ്വരന്മാർ, 213 ലക്ഷപ്രഭുക്കൾ; പാലക്കാട് എന്തേലും ഗുട്ടൻസുണ്ടോ?
Mail This Article
പാലക്കാട് ∙ പത്തു വർഷത്തിനിടെ പാലക്കാട്ടെ ഭാഗ്യദേവത 14 കോടീശ്വരന്മാരെ സൃഷ്ടിച്ചിട്ടുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ കോടീശ്വരന്മാരെ മാത്രമല്ല, 213 ‘ലക്ഷപ്രഭു’ക്കളെയും സൃഷ്ടിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറി ടിക്കറ്റുകളിലൂടെയാണു പാലക്കാട് വഴി ഭാഗ്യവാന്മാരുണ്ടായത്. ഇന്നലെ നറുക്കെടുത്ത ക്രിസ്മസ്–പുതുവത്സര ബംപറിന്റെ ആദ്യ സമ്മാനം 20 കോടി രൂപ അടിച്ചതു തിരുവനന്തപുരത്താണെങ്കിലും ടിക്കറ്റ് വിറ്റതു പാലക്കാട് ജിബി റോഡിലെ വിൻ സ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്നാണ്. ഏജൻസി ഉടമ എം.ഷാജഹാനിൽ നിന്നാണു തിരുവനന്തപുരം സ്വദേശിയായ വിൽപനക്കാരൻ ദുരൈരാജ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുകയുടെ 10% ഏജന്റിനു കമ്മിഷനായി ലഭിക്കും.
കഴിഞ്ഞ വർഷത്തെ തിരുവോണം ബംപർ (25 കോടി രൂപ), ക്രിസ്മസ്–പുതുവത്സര ബംപർ (16 കോടി), മൺസൂൺ ബംപർ (10 കോടി) എന്നിവയുടെ ഒന്നാം സമ്മാനങ്ങളും പാലക്കാട് നിന്നു വിറ്റ ടിക്കറ്റുകൾക്കായിരുന്നു. തീർന്നില്ല, കഴിഞ്ഞ വർഷം 13 പേർ പാലക്കാട്ടെ ഭാഗ്യദേവതയുടെ കടാക്ഷം നേടി ലക്ഷപ്രഭുക്കളായി. ക്രിസ്മസ്–പുതുവത്സര ബംപർ, മൺസൂൺ ബംപർ, തിരുവോണം ബംപർ, സമ്മർ ബംപർ, പൂജ ബംപർ, കാരുണ്യ (ഇപ്പോൾ 80 ലക്ഷം), ഫിഫ്റ്റി ഫിഫ്റ്റി ഉൾപ്പെടെ ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനം കണക്കാക്കിയാണിത്.
വിജയികളെല്ലാം പാലക്കാട്ടുകാരല്ല. ഇവിടെ ഭാഗ്യദേവതയുടെ സാന്നിധ്യമുണ്ടെന്നു കരുതി മറ്റു നാടുകളിൽ നിന്നു വന്നു ടിക്കറ്റ് വാങ്ങിയവരും സമ്മാനം നേടിയിട്ടുണ്ട്.ഭാഗ്യക്കുറി വിൽപനയിലും പാലക്കാട് മുന്നിൽ തന്നെ. ഇത്തവണ 5.18 ലക്ഷം ക്രിസ്മസ്–പുതുവത്സര ബംപർ ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. സംസ്ഥാനത്തു തന്നെ റെക്കോർഡ് വിൽപന.
ഭാഗ്യമാണോ, അതോഎന്തേലും ഗുട്ടൻസുണ്ടോ?
പാലക്കാട്ടു വിൽക്കുന്ന ടിക്കറ്റിനു സ്ഥിരം സമ്മാനം അടിക്കുന്നതിനു പിന്നിൽ ഭാഗ്യം മാത്രമാണോ? അതെ എന്നു ജില്ലാ ലോട്ടറി ഓഫിസർ ബി.കെ.വിജലക്ഷ്മി പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽക്കുന്നതു പാലക്കാട്ടാണ്. കഴിഞ്ഞ വർഷം 11.70 ലക്ഷം തിരുവോണം ബംപർ ടിക്കറ്റ് വിറ്റ് പാലക്കാട് റെക്കോർഡ് നേടി. എല്ലാ ടിക്കറ്റുകളുടെ വിൽപനയിലും മുന്നിൽ നിൽക്കുന്നതു പാലക്കാടാണ്. ദിവസേന ശരാശരി ഒരു ലക്ഷം ടിക്കറ്റ് വിറ്റഴിക്കുന്നു. ഓരോ ലോട്ടറിയും 8 മുതൽ 10 ലക്ഷം വരെ വിറ്റു പോകാറുണ്ട്. അതുകൊണ്ടുതന്നെ സമ്മാനവും ചിലപ്പോൾ പാലക്കാടിനെ തേടി വരുന്നതാകാം. ഏറ്റവും കൂടുതൽ ലോട്ടറി ഏജൻസികളും ഏജന്റുമാരും ഉള്ളതും പാലക്കാട്ടു തന്നെ.
സ്റ്റാറായി ഷാജഹാനും
ജിബി റോഡിലെ വിൻ സ്റ്റാർ ലോട്ടറി ഏജൻസി ഉടമ എം.ഷാജഹാന് ഇതു പുതുവത്സര സമ്മാനമാണ്. പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തുമാണു ഷാജഹാനും ഏജൻസിയിലെ ജീവനക്കാരും ആഘോഷിച്ചത്. ഫലം അറിഞ്ഞതിനു പിന്നാലെ ലോട്ടറിയെടുക്കാൻ ഇന്നലെ നൂറു കണക്കിനാളുകളാണു കടയിലെത്തിയത്. സമ്മാനത്തുകയുടെ 10% ഏജന്റിനു കമ്മിഷനായി ലഭിക്കും. കഴിഞ്ഞ വർഷത്തെ ക്രിസ്മസ്–പുതുവത്സര ബംപർ (10 കോടി) അടിച്ചതു വിൻ സ്റ്റാർ ഏജൻസിയുടെ തൊട്ടടുത്തുള്ള മൂകാംബിക ഏജൻസിയുടെ കടയിൽ നിന്നു വാങ്ങിയ ടിക്കറ്റിനായിരുന്നു.
12 വർഷത്തിനിടെ പാലക്കാടിന് ലഭിച്ച സമ്മാനങ്ങൾ
∙ 2023ലെ ക്രിസ്മസ്–പുതുവത്സര ഒന്നാം സമ്മാനം (16 കോടി) പാലക്കാട് വിറ്റ ടിക്കറ്റിന്.
∙ മൺസൂൺ ഒന്നാം സമ്മാനം (10 കോടി രൂപ) കുറ്റിപ്പുറത്തു നിന്നു വിറ്റ ടിക്കറ്റിന്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾക്കാണു ഭാഗ്യം ലഭിച്ചത്.
∙ ഓണം ബംപർ ഒന്നാം സമ്മാനം (25 കോടി) വാളയാറിൽ വിറ്റ ടിക്കറ്റിന്. രണ്ടാം സമ്മാനമായ ഒരു കോടി രൂപയും ജില്ലയിൽ വിറ്റ ടിക്കറ്റിന്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ വീതം 3 പേർക്കും നാലാം സമ്മാനമായ 5 ലക്ഷം രൂപ 3 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 2 പേർക്കും ലഭിച്ചു.
∙ 2020ലെ സംസ്ഥാന സർക്കാരിന്റെ സമ്മർ ലോട്ടറി ഒന്നാം സമ്മാനം 6 കോടി രൂപ ലഭിച്ചത് ഒറ്റപ്പാലത്തു വിറ്റ ടിക്കറ്റിന്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും (രണ്ടു പേർക്ക്) മൂന്നാം സമ്മാനം 5 ലക്ഷവും പാലക്കാടിനു തന്നെ.
∙ 2016ലെ തിരുവോണം ബംപർ എട്ടു കോടി രൂപ ചിറ്റിലഞ്ചേരി ചേരാമംഗലം പഴത്തറ ഗണേഷിനു ലഭിച്ചു. ആ വർഷത്തെ പൂജാ ലോട്ടറി ഒന്നാം സമ്മാനമായ 4 കോടി രൂപ വണ്ടിത്താവളം തട്ടാൻചള്ള സ്വദേശി ആർ.നാരായണൻകുട്ടിക്ക്.
∙ 2014ൽ പൂജാ ബംപർ ഒന്നാം സമ്മാനമായ രണ്ടു കോടി രൂപ കുഴൽമന്ദം സ്വദേശി വിനോദിനു ലഭിച്ചപ്പോൾ കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനമായ ഒരു കോടി രൂപ മങ്കര മാങ്കുറുശ്ശി സ്വദേശി വി.കെ.രാജനെ തേടിയെത്തി.
∙ 2013ലെ ഓണം ലോട്ടറി 5 കോടിയും ഒരു കിലോ സ്വർണവും പാലക്കാട് മൂത്താന്തറ ശ്രീറാം സ്‌ട്രീറ്റിൽ സി.മുരളീധരന്.
∙ 2012ൽ പൂജാ ബംപറിന്റെ രണ്ടു കോടി രൂപ ഒറ്റപ്പാലത്തെ പച്ചക്കറിക്കടയിലെ തൊഴിലാളിയായ മുജീബിനു ലഭിച്ചു. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കൂറ്റനാട് പിലാക്കാട്ടിരി ചാലാച്ചി ബിജീഷിനു ലഭിച്ചു. പൗർണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 51 ലക്ഷം രൂപ മലമ്പുഴ ചെറാട് കുന്നത്തുപുരയിൽ സി.മണിക്കു ലഭിച്ചു.