ഉദയ് ഡബിൾ ഡെക്കർ കേരളത്തിൽ, പരീക്ഷണ ഓട്ടം വിജയം; രണ്ടടി ഉയരം കൂടുതൽ, സൗകര്യങ്ങൾ ഒട്ടേറെ..
Mail This Article
പാലക്കാട് ∙ ബെംഗളൂരു – കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി റെയിൽവേ അറിയിച്ചു. ഇന്നലെ രാവിലെ എട്ടിനു കോയമ്പത്തൂരിൽ നിന്നു പുറപ്പെട്ട ട്രെയിൻ പൊള്ളാച്ചി വഴി 11.05നു പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലും 11.10നു പാലക്കാട് ജംക്‌ഷനിലുമെത്തി. 1.20ന് ഇവിടെ നിന്നു പുറപ്പെട്ടു 3.45നു കോയമ്പത്തൂരിലെത്തി. സേലം, പാലക്കാട് ഡിവിഷനുകൾ ചേർന്നാണു പരീക്ഷണ ഓട്ടം നടത്തിയത്.
ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിൾ ഡെക്കർ എസി ചെയർ കാറാണിത്. സ്ഥിരം സർവീസ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ട്രെയിനിന്റെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല. നിലവിൽ പുലർച്ചെ 5.45നു കോയമ്പത്തൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്കു 12.40നു ബെംഗളൂരുവിലെത്തി 2.15നു മടങ്ങും. രാത്രി 9.30നു കോയമ്പത്തൂരിൽ തിരിച്ചെത്തും. 432 കിലോമീറ്റർ ദൂരമാണു സർവീസ്. കോയമ്പത്തൂർ നോർത്ത്, തിരുപ്പൂർ, ഈറോഡ്, സേലം, തിരുപ്പത്തൂർ, കുപ്പം, കെആർ പുരം, ബെംഗളൂരു സിറ്റി എന്നിവിടങ്ങളിലായി 9 സ്റ്റോപ്പുകളാണുള്ളത്.
കോയമ്പത്തൂർ മുതൽ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി മുതൽ പാലക്കാട് വരെ 45 കിലോമീറ്ററും അധിക സർവീസ് നടത്തുന്നതിലൂടെ വരുമാനലാഭമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണു റെയിൽവേ. നിലവിൽ സർവീസ് നഷ്ടത്തിലാണെന്നാണ് അധികൃതരുടെ വിശദീകരണം. കണക്‌ഷൻ ട്രെയിനുകളിലൂടെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ളവർക്കും ഡബിൾ ഡെക്കർ പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ. വൈദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചി പാതയിൽ ആവശ്യത്തിനു ട്രെയിനുകളില്ലെന്ന പരാതിക്കും പരിഹാരം കാണുകയാണു ലക്ഷ്യം.
സൗകര്യങ്ങൾ ഒട്ടേറെ
∙ ബെർത്ത് ഇല്ലാതെ, പകൽയാത്രകൾക്കുള്ള എസി ഇരുനില ട്രെയിനാണു ഡബിൾ ഡെക്കർ. സാധാരണ ട്രെയിനുകളെക്കാൾ രണ്ടടി ഉയരം കൂടുതലായിരിക്കും. കാലുകൾ നീട്ടിവയ്ക്കാവുന്ന തരം സീറ്റുകൾ രണ്ടു നിലകളിലുമായുണ്ടാകും. 12 മുതൽ 16 കോച്ചുകൾ വരെ ഘടിപ്പിക്കും.