ADVERTISEMENT

ചിറ്റൂർ ∙ ഷീറ്റുകൊണ്ടു മറച്ച ഒറ്റമുറി വീട്. അതിനോടു ചേർന്ന് ഓലമേഞ്ഞ, ചോർന്നൊലിക്കുന്ന ചായ്പ്. ചുറ്റും പാഴ്ച്ചെടികൾ നിറഞ്ഞു നിൽക്കുന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ തള്ളിനീക്കുന്ന രാത്രികൾ. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലുമുള്ള സൗകര്യമില്ല. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അമ്മയും ഭിന്നശേഷിക്കാരിയായ മകളുമാണ് ഇത്രയും ദുരിതമനുഭവിക്കുന്നത്. മഴക്കാലമായാൽ വെള്ളം അകത്തേക്കു കയറുമെന്നു മാത്രമല്ല ഇഴജന്തുക്കളെ പേടിച്ചിരിക്കേണ്ട സാഹചര്യമാണെന്നും ഇവർ പറയുന്നു. ചിറ്റൂർ–തത്തമംഗലം നഗരസഭയിലെ വെള്ളപ്പന കോളനിയിലായിരുന്നു ദൈവാന (52)യും കുടുംബവും താമസിച്ചിരുന്നത്.

14 കുടുംബങ്ങൾ താമസിച്ചിരുന്ന സ്ഥലത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ് നിർമിച്ചു നൽകാമെന്നു പറഞ്ഞാണ് ഇവരെ കുടിയൊഴിപ്പിച്ചത്. 2017 ജൂലൈ 17 ന് അന്നത്തെ മന്ത്രിയായിരുന്ന എ.കെ.ബാലനാണ് ഫ്ലാറ്റിനു തറക്കല്ലിട്ടത്. മാസങ്ങൾക്കകം ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കി കേരളപ്പിറവി ദിനത്തിൽ താക്കോൽ കൈമാറാമെന്ന വാഗ്ദാനവും നൽകി.തറക്കല്ലിട്ടു പോയിട്ട് 7 വർഷത്തോളമായി. ഇതിനിടയ്ക്ക് 6 കേരളപ്പിറവി ദിനങ്ങളും കഴിഞ്ഞു. ഇന്നും ഫ്ലാറ്റ് നിർമാണം പാതിവഴിയിൽ ഇഴഞ്ഞുനീങ്ങുകയാണ്. തങ്ങളോടൊപ്പം കുടിയിറങ്ങിയ കുടുംബങ്ങളെല്ലാം ഒരുമിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. രണ്ടുവർഷം മുൻ‌പുണ്ടായ തീപിടിത്തത്തിൽ ഇവിടെയുണ്ടായിരുന്ന ഓലക്കുടിലുകൾ കത്തി നശിച്ചു. 

അതിനുശേഷം കൂടെയുണ്ടായിരുന്നവരെല്ലാം വാടകവീടുകളിലേക്കു മാറുകയും സൗകര്യമുള്ള മറ്റു ഭാഗങ്ങളിൽ കുടിൽകെട്ടി താമസമാക്കുകയും ചെയ്തു. ദൈവാനയുടെ ഭർത്താവ് യേശുദാസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെ കുടുംബത്തിന്റെ ഏക വരുമാനവും നിലച്ചു. ഇപ്പോൾ ദൈവാനയ്ക്കും 22 വയസ്സുള്ള മകൾക്കും ലഭിക്കുന്ന പെൻഷൻ മാത്രമാണ് ആശ്രയം. ദൈവാനയെ ചികിത്സയ്ക്കായി വിളയോടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകിയ ശേഷം കഴിഞ്ഞ മാസം വരെ സാന്ത്വന പരിചരണ വിഭാഗത്തിന്റെ പൂർണ മേൽനോട്ടത്തിൽ പരിചരിക്കുകയും ചെയ്തിരുന്നതാണ്. കൂടാതെ ഈ കുടുംബത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങൾ ഒരു മുടക്കവും കൂടാതെ എത്തിച്ചു നൽകുന്നുണ്ട്. ഇവർക്ക് സമ്മതമാണെങ്കിൽ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ചിറ്റൂർ–തത്തമംഗലം നഗരസഭാധ്യക്ഷ കെ.എൽ.കവിത പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com