‘സെത്തിട്ടേൻ പോലാം...’, മടങ്ങിയത് മരണം ‘ഉറപ്പിച്ച്’; പക്ഷേ.. പത്മനാഭൻ എഴുന്നേറ്റു നടന്നു, ശേഷം..
Mail This Article
ഒറ്റപ്പാലം ∙ മായന്നൂർ പാലത്തിനു സമീപം ഭാരതപ്പുഴയിൽ തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 5 പേർ അറസ്റ്റിലായി. ക്വട്ടേഷൻ സംഘാംഗങ്ങളായ കോയമ്പത്തൂർ സ്വദേശികളാണു പിടിയിലായത്. കരൂർ കൃഷ്ണരായപുരം മുതലിയാർ സ്ട്രീറ്റിലെ പത്മനാഭനെ (41) കുത്തിയും വെട്ടിയും പരുക്കേൽപിച്ച കേസിലാണ് അറസ്റ്റ്.കോവൈപുതൂർ മഹാലക്ഷ്മി നഗറിലെ സൽമാൻ ഖാൻ (22), സഹോദരൻ ഷാറുഖ് ഖാൻ (21), കരിമ്പുകടൈ ചേരാൻ നഗറിലെ മുഹമ്മദ് നാസർ (36), ശങ്കനഗറിലെ മുഹമ്മദ് റസിയ രാജ (22), മഹാലിംഗപുരം സ്വദേശി സയിദ് അസ്ഹറുദീൻ (22) എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ 11നു രാവിലെ ഏഴരയോടെ വാണിയംകുളം ചന്തയിലേക്കു പോകാനായി ഒറ്റപ്പാലത്തു ട്രെയിനിറങ്ങിയ പത്മനാഭൻ മായന്നൂർ പാലത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയപ്പഴാണ് ആക്രമിക്കപ്പെട്ടത്. സാമ്പത്തിക താൽപര്യങ്ങളെ ചൊല്ലിയുള്ള ക്വട്ടേഷനാണിതെന്നു പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു. ട്രെയിനിൽ പിന്തുടർന്നെത്തിയ സൽമാൻഖാനും ഷാറുഖ് ഖാനും മുഹമ്മദ് നാസറും ചേർന്നാണു പത്മനാഭനെ ആക്രമിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പിടിയിലായ മറ്റു 2 പേർക്ക് ആസൂത്രണത്തിലാണു പങ്കാളിത്തം. ക്വട്ടേഷൻ നൽകിയത് ആരാണെന്നതു സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെത്തിയ ഒറ്റപ്പാലം പൊലീസ് ഏറെ സാഹസികമായാണു പ്രതികളെ അവരുടെ കേന്ദ്രങ്ങളിലെത്തി പിടികൂടിയത്. ഇതിൽ ചിലരുടെ പേരിൽ തമിഴ്നാട്ടിലും ചില പൊലീസ് സ്റ്റേഷനുകളിൽ കേസുകളുള്ളതായാണു വിവരമെന്ന് അന്വേഷണസംഘം അറിയിച്ചു. തലയിലും മുതുകിലും കഴുത്തിലും ഗുരുതര പരുക്കേറ്റു തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട പത്മനാഭൻ ആരോഗ്യനില വീണ്ടെടുത്ത് ആശുപത്രി വിട്ടു.
‘സെത്തിട്ടേൻ പോലാം...’
ഒറ്റപ്പാലം ∙ ‘സെത്തിട്ടേൻ പോലാം...’ ആക്രമണത്തിനു ശേഷം മരണം ഉറപ്പിച്ച മൂവർ സംഘത്തിൽ ഒരാളുടെ വാക്കുകളായിരുന്നു ഇതെന്നാണു പത്മനാഭന്റെ മൊഴി. പത്മനാഭൻ കൊല്ലപ്പെട്ടു എന്നു ധരിച്ചാണ് അക്രമിസംഘം സ്ഥലംവിട്ടതെന്നു കൂടി അടിവരയിടുകയാണിത്. കഴുത്തിനു പിന്നിലേറ്റ ആഴത്തിലുള്ള കുത്തും കൊല്ലാൻ ഉറപ്പിച്ചുള്ള ആക്രമണത്തിന്റെ ഭാഗമാണെന്നു തുടക്കത്തിൽ തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു. ആക്രമണത്തിനു ശേഷം വഴിപിരിഞ്ഞ സംഘം റോഡിലെത്തി വ്യത്യസ്ത വാഹനങ്ങളിലാണു കടന്നുകളഞ്ഞത്.
ഇവർ സ്ഥലംവിട്ട ശേഷം പത്മനാഭൻ എഴുന്നേറ്റു നടന്നു കരയിൽ റെയിൽവേ ലൈനിനോടു ചേർന്ന കള്ളുഷാപ്പ് പരിസരത്ത് എത്തിയതിനു പിന്നാലെയാണു രക്തം വാർന്നു കുഴഞ്ഞുവീണത്. പിന്നീടാണു പൊലീസ് എത്തിയതും ആശുപത്രിയിലേക്കു മാറ്റിയതും. ജൂൺ 4നും ക്വട്ടേഷൻ സംഘം ആക്രമണത്തിനു ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം അറിയിച്ചു.
അപരിചിതരായ അഞ്ചംഗ സംഘം യാത്രയിലും പിന്നീടു പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴുമെല്ലാം പിന്തുടരുന്നതു ശ്രദ്ധയിൽപെട്ട പത്മനാഭൻ പന്തികേടു തോന്നി രക്ഷപ്പെടുകയായിരുന്നു. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ എ.അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. എസ്ഐ എം.സുനിൽ, അഡീഷനൽ എസ്ഐമാരായ ജെ.റഷീദലി, കെ.ജയകുമാർ, എഎസ്ഐ അബ്ദുൽ റഷീദ്, വി.ഹർഷാദ്, കെ.സജിത്ത്, മിജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.