കൗതുകക്കാഴ്ചയായി സൂര്യമത്സ്യം! 2 ചിറകുകളും വലുപ്പമേറിയ കണ്ണുകളും, പൂർണ വളർച്ചയിൽ രണ്ടായിരം കിലോഗ്രാം തൂക്കം
Mail This Article
വിഴിഞ്ഞം∙ മീൻപിടിത്ത തുറമുഖ തീരത്ത് സൂര്യമത്സ്യം (ഓഷ്യൻ സൺ ഫിഷ്) കരക്കടിഞ്ഞു. ഭക്ഷ്യയോഗ്യമല്ലാത്ത ഈ മീൻ തീരത്ത് അത്ര പരിചിതമല്ലാത്തതിനാൽ കാഴ്ചയ്ക്കു കൗതുകമായി. ഏകദേശം 15 കിലോഗ്രാമിലേറെ തൂക്കം വരും. കറുപ്പും ചാരനിറത്തിൽ കറുത്ത പൊട്ടുകളോടുമുള്ള നിറത്തിൽ പരന്നു ഉരുണ്ട ശരീരപ്രകൃതമാണ്. 2 ചിറകുകളും വലുപ്പമേറിയ കണ്ണുകളുമുണ്ട്. പൂർണ വളർച്ചയിൽ രണ്ടായിരം കിലോഗ്രാം തൂക്കം വരുമെന്ന് വിദഗ്ധർ പറഞ്ഞു.
എല്ലുകൾക്ക് കൂടുതൽ ഭാരമുള്ള മത്സ്യമാണിത്. മാംസത്തിനും തൊലിക്കും കട്ടി കൂടുതലാണ്. ഓഷ്യൻ സൺ ഫിഷ് അഥവാ മോള മോള എന്ന് പൊതുവെ പറയുന്ന ഇവയിൽ രണ്ടിനമുണ്ട്. മാസ്റ്ററസ് ലാൻസിലിയോറ്റസ് എന്നാണ് ഇവിടെ ലഭിച്ചതിന്റെ ശാസ്ത്രീയ നാമം. രൂപവും നിറവും കാണുമ്പോൾ ഭീകരനെന്നു തോന്നുമെങ്കിലും കടലിലെ പാവത്താനാണ്. ആരെയും ഉപദ്രവിക്കാറില്ല. ജെല്ലിഫിഷുകളാണ് പ്രധാന ഭക്ഷണം. ഇതുവഴി കടലിന്റെ ആവാസ വ്യവസ്ഥ നിയന്ത്രിക്കുന്നതിൽ ഈ മീനിന് പ്രധാന പങ്കുണ്ടെന്ന് അധികൃതർ പറഞ്ഞു. ഉൾക്കടലിലാണ് കൂടുതലും കാണുക.