ഓട്ടോറിക്ഷ ചാലിൽ വീണു; തെറിച്ചുവീണ യാത്രക്കാരിയെയും രക്ഷിക്കാൻ എത്തിയ യുവാവിനെയും ബസിടിച്ചു
Mail This Article
ചിറ്റൂർ ∙ ബൈക്കിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ചാലിലേക്കു വീണു. ഓട്ടോയിൽ നിന്നു റോഡിലേക്കു തെറിച്ചു വീണ വയോധികയെയും അപകടം കണ്ടു രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ യുവാവിനെയും ബസിടിച്ചു. ഇന്നലെ രാത്രി എട്ടരയോടെ അമ്പാട്ടുപാളയം വിജയമാതാ കോൺവന്റ് സ്കൂളിനു മുൻപിലായിരുന്നു അപകടം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന പെരുവെമ്പ് വേലായുധന്റെ മകൻ മനോജ് (39), മനോജിന്റെ അമ്മ ശെൽവി (60), ഇവരെ രക്ഷിക്കാനെത്തിയ കറുകമണി സ്വദേശി വിനോദ് (32) എന്നിവർക്കാണു പരുക്കേറ്റത്. ഓട്ടോയിലുണ്ടായിരുന്ന ശെൽവി അപകടത്തിൽ റോഡിലേക്കു തെറിച്ചു വീണതു കണ്ട് ഇവരെ രക്ഷിക്കാനെത്തിയതായിരുന്നു വിനോദ്.
രക്ഷാപ്രവർത്തനത്തിനിടെ വിനോദിനെയും ശെൽവിയെയും കൊഴിഞ്ഞാമ്പാറയിൽ നിന്നു കൊല്ലങ്കോട്ടേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്.ശെൽവിയുടെ കാലിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. വിനോദിന്റെ ഇടുപ്പിനാണു പരുക്ക്. ശെൽവിയെയും മനോജിനെയും അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനോദിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ബസിലെ ജീവനക്കാർ കടന്നുകളഞ്ഞെന്നു നാട്ടുകാർ പറഞ്ഞു. ചിറ്റൂർ പൊലീസ് സ്ഥലത്തെത്തി.