‘ശോഭാ സുരേന്ദ്രനു സ്വാഗതം’; പാലക്കാട് നഗരസഭാ മന്ദിരത്തിനു മുന്നിൽ ഫ്ലെക്സ്
Mail This Article
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ പാലക്കാട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനു വേണ്ടി ഫ്ലെക്സ് ഉയർന്നു. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ ആസ്ഥാനമന്ദിരത്തിനു മുന്നിലാണു ശോഭയെ മണ്ഡലത്തിലേക്കു സ്വാഗതം ചെയ്തു ബോർഡ് വച്ചത്.
‘ശോഭാ സുരേന്ദ്രനു പാലക്കാടൻ കാവിക്കോട്ടയിലേക്കു സ്വാഗതം’ എന്നാണു ബോർഡ്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് എന്നിവരുടെ പേരാണു ജില്ലാതല സ്ഥാനാർഥിച്ചർച്ചയിൽ ഒരു പക്ഷം മുന്നോട്ടുവച്ചത്. മറുപക്ഷം സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, സംസ്ഥാന ട്രഷറർ കൂടിയായ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ്, നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ എന്നിവരുടെ പേരും നിർദേശിച്ചു. മത്സരിക്കാനില്ലെന്ന് ഇ.കൃഷ്ണദാസ് ആർഎസ്എസ് നേതൃത്വത്തെ അറിയിച്ചതായാണു സൂചന.
പിന്നീടു ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, മേഖലാ സംഘടന സെക്രട്ടറി കെ.പി.സുരേഷ് എന്നിവർ നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്കു വിളിച്ച് അഭിപ്രായം തേടി. ഈ നടപടി ജില്ലാ നേതൃത്വം ഒരു വിഭാഗം ഭാരവാഹികളെ അറിയിച്ചില്ലെന്ന് ആരോപണം ഉയർന്നിരുന്നു. കുമ്മനം രാജശേഖരനെയും പരാതി അറിയിച്ചു. കുമ്മനം നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സംസ്ഥാന കോർ കമ്മിറ്റി കേന്ദ്ര പാർലമെന്ററി ബോർഡിനു നൽകിയ പാനലിൽ സി.കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ, ഇ.കൃഷ്ണദാസ് എന്നിവരുടെ പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.
മത്സരിക്കാനില്ലെന്നാണു കെ.സുരേന്ദ്രന്റെ നിലപാട്. ആലപ്പുഴ കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കാനാണു താൽപര്യമെന്നു ശോഭാ സുരേന്ദ്രനും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.സുരേന്ദ്രന്റെ കാര്യത്തിൽ കേന്ദ്രനേതൃത്വമാണു തീരുമാനമെടുക്കുക.