ചിട്ടി, നിക്ഷേപത്തട്ടിപ്പ് കേസ്: പ്രതികൾക്കെതിരെ തിരച്ചിൽ നോട്ടിസ്
Mail This Article
നിലമ്പൂർ∙ ചിട്ടി, നിക്ഷേപത്തട്ടിപ്പ് കേസുകളിലെ പ്രതികൾക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. നിലമ്പൂർ കാരാട്ട് കുറീസ്, ധനക്ഷേമനിധി സ്ഥാപനങ്ങളുടെ എം ഡി പാലമോട് ഉണിച്ചന്തം കിഴക്കേതിൽ സന്തോഷ്, ഡയറക്ടർ പി. മുബഷിർ എന്നിവർക്കെതിരെയാണു നോട്ടിസ് പുറപ്പെടുവിച്ചത്. രാജ്യം വിട്ടുപോകാതിരിക്കാൻ എമിഗ്രേഷൻ വിഭാഗത്തിന്, പാസ്പോർട്ട് ഉൾപ്പെടെ രേഖകളുടെ വിവരങ്ങൾ നൽകിയതായി കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന ഇൻസ്പെക്ടർ ആർ. രാജേന്ദ്രൻ നായർ പറഞ്ഞു.
മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കാരാട്ട് കുറീസിന്റെ 14 ശാഖകളിൽ ചിട്ടിയിൽ ചേർന്നവർ തട്ടിപ്പിന് ഇരകളാണ്. ധനക്ഷേമനിധിയിൽ സ്ഥിരനിക്ഷേപം നടത്തിയവരും കബളിക്കപ്പെട്ടു. നിലമ്പൂർ സ്റ്റേഷനിൽ മാത്രം നിക്ഷേപകർ, ജീവനക്കാർ എന്നിവരിൽനിന്ന് 600 പരാതികൾ കിട്ടി. ഇപ്പോഴും പരാതികൾ ലഭിക്കുന്നുണ്ട്. അവ തരംതിരിച്ചു പരാതിക്കാരെ വിളിച്ചുവരുത്തി മൊഴി എടുത്തുതുടങ്ങി.
സമഗ്രമായ അന്വേഷണത്തിന് പാെലീസ് സൈബർ വിദഗ്ധരുടെ സഹായം തേടി. റജിസ്റ്ററുകൾ, കംപ്യൂട്ടറുകൾ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു പരിശോധന നടത്തും. 19ന് അർധരാത്രിക്കു ശേഷമാണു പ്രതികൾ കാറിൽ കടന്നുകളഞ്ഞത്. അന്നു രാത്രി കാരാട്ട് കുറീസിലെ 2 ഉന്നത ഉദ്യോഗസ്ഥർ കാറിലെത്തി സ്ഥാപനം തുറന്ന് എന്തൊക്കെയോ കടത്തുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു മറ്റു ജീവനക്കാർ കൈമാറിയതായി അറിയുന്നു.
ഇടപാടുകാരിൽനിന്നു തലേന്നു സമാഹരിച്ച പണം ശാഖയിലുണ്ടായിരുന്നു. 19ന് മുതൽ സ്ഥാപനങ്ങൾ തുറക്കുന്നില്ല. ബോർഡ് ഓഫ് ഡയറക്ടേഴ്സിലുള്ള, സന്തോഷിന്റെ സഹോദരി, മകൾ, മുബഷിറിന്റെ മാതാവ്, സഹോദരൻ എന്നിവർക്കു തട്ടിപ്പിൽ പങ്കുണ്ടെന്നു ധനക്ഷേമനിധി ബ്രാഞ്ച് മാനേജർ ഇന്നലെ പൊലീസിൽ പരാതി നൽകി.