പോറ്റമ്മയെ തേടി കുട്ടിയാനയുടെ യാത്ര...; ആനക്കൂട്ടങ്ങൾക്കൊപ്പം ചേർക്കാനുള്ള ശ്രമം വിഫലം
Mail This Article
കോയമ്പത്തൂർ ∙ അപ്രതീക്ഷിതമായി അമ്മ ചരിഞ്ഞതോടെ പോറ്റമ്മയെ ഏൽപിക്കാനായുള്ള വനപാലകരുടെ ശ്രമവും പുതിയ അമ്മയ്ക്കായുള്ള കുട്ടിയാനയുടെ കാത്തിരിപ്പും തുടരുന്നു. ഡിസംബർ 24ന് പുലർച്ചെ കോയമ്പത്തൂർ റേഞ്ചിലെ പന്നിമടയിലാണ് രണ്ടുമാസം പ്രായമുള്ള കുട്ടിയാനയെ തനിച്ചു കണ്ടെത്തിയത്. അന്നു മുതൽ കോയമ്പത്തൂർ, പെരിയനായക്കം പാളയം, ബോലുവാംപട്ടി റേഞ്ചുകളിലെ ആനക്കൂട്ടങ്ങൾക്കൊപ്പം ചേർക്കാനുള്ള വിഫലശ്രമം ഒരാഴ്ചയായും വിജയിച്ചില്ലെന്ന് വനപാലകർ അറിയിച്ചു.
ഞായറാഴ്ച തടാകം നോർത്ത് ഭാഗങ്ങളിൽ ഡ്രോൺ ക്യാമറയും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിൽ പുതിയതായി ആനക്കൂട്ടങ്ങളെ ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ വൈകിട്ടോടെ തിരിച്ചെത്തി. ആനക്കുട്ടിക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ഭക്ഷണം നൽകുന്നുണ്ടെന്നും ആരോഗ്യത്തോടെ കഴിയുന്നുണ്ടെന്നും റേഞ്ചർ അറിയിച്ചു.
ആനക്കൂട്ടങ്ങൾ ഒന്നും ചേർക്കുന്നില്ലെങ്കിൽ മുതുമല തെപ്പക്കാടിലേക്കോ ടോപ് സ്ലിപ്പിലേക്കോ മാറ്റുമെന്നാണ് കരുതുന്നത്.