ADVERTISEMENT

പത്തനംതിട്ട∙ പത്തനംതിട്ട– മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ജില്ലാ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. വെള്ളിയാഴ്ച രാവിലെ കൊച്ചിയിൽനിന്നു ഹെലികോപ്റ്ററിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രിയെ നേതാക്കളും ജില്ലാ ഭരണകൂടവും ചേർന്നു സ്വീകരിക്കും. 11 മണിയോടെ സമ്മേളന വേദിയായ ജില്ലാ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി എത്തും. സ്റ്റേഡിയത്തിലെ സ്റ്റേജിന്റെയും പന്തലിന്റെയും നിർമാണം അതിവേഗമാണു പുരോഗമിക്കുന്നത്.

പ്രധാനമന്ത്രിയും ബിജെപിയുടെ പത്തനംതിട്ട–മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുമടക്കം 60 പേർക്കാകും വേദിയിൽ ഇരിപ്പിടം. മുൻനിരയിൽ രണ്ടു ബ്ലോക്കുകളിലായി സാമൂഹിക– സാംസ്കാരിക– ആധ്യാത്മിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾക്കു വിഐപി ഇരിപ്പിടങ്ങളൊരുക്കും.

ഓരോ ബൂത്തിൽ നിന്നും 200 പ്രവർത്തകരെ വീതം പങ്കെടുപ്പിക്കാനാണ് എൻഡിഎ സംസ്ഥാന കമ്മിറ്റി നേതാക്കൾക്കു നൽകിയിരിക്കുന്ന നിർദേശം. 50,000 പ്രവർത്തകർക്ക് സ്റ്റേഡിയത്തിൽ ഇരിപ്പിടമുണ്ടാകുമെന്നും ഒരു ലക്ഷം പ്രവർത്തകരെ പരിപാടിയിൽ അണിനിരത്തുമെന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു.

പകൽസമയത്തെ ഉയർന്ന താപനില കണക്കിലെടുത്തു പന്തലിൽ ഫാനുകൾ അടക്കമുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് സംഘാടകർ പറഞ്ഞു. പത്തനംതിട്ടയിലെ സമ്മേളനത്തിനു ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്കു തിരിക്കും. ജില്ലാ പൊലീസ് മേധാവി വി.അജിത്, പത്തനംതിട്ട ഡിവൈഎസ്പി ബി.വിനോദ്, സുരക്ഷാ ചുമതലയുള്ള എസ്പിജി, മറ്റ് ഉദ്യോഗസ്ഥർ സ്റ്റേഡിയം സന്ദർശിച്ചു സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com