ആടുജീവിതം വെള്ളിത്തിരയിൽ എത്തിയപ്പോൾ ബ്ലെസി പ്രാർഥനയുമായി പരുമലയിൽ
Mail This Article
തിരുവല്ല ∙ ആടുജീവിതം ഇന്നലെ വെള്ളിത്തിരയിൽ എത്തിയപ്പോൾ സംവിധായകൻ ബ്ലെസി പരുമല പള്ളിയിൽ പ്രാർഥനയിൽ മുഴുകുകയായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ വിവിധ രാജ്യങ്ങളിലായി രണ്ടായിരത്തോളം സ്ക്രീനുകളിൽ സിനിമ പ്രദർശനം തുടങ്ങിയ സമയം ബ്ലെസി പരുമലയിൽ എത്തി.
ഒരുമണിക്കൂറോളം ഇവിടെ പ്രാർഥനയിൽ മുഴുകി. പരുമല തിരുമേനിയുടെ കബറിടത്തിലും പള്ളിയിലും പരുമല തിരുമേനി ഉപയോഗിച്ചിരുന്ന കട്ടിലിന് സമീപവും നിന്നു പ്രാർഥിച്ചു. പരുമല തിരുമേനിയുടെ കബറിടത്തിനു മുൻപിൽ നിന്നു കരഞ്ഞു പ്രാർഥിച്ചപ്പോൾ എല്ലാ മാനസിക സമ്മർദവും നീങ്ങിപ്പോയി എന്ന് സംവിധായകൻ പറഞ്ഞു. ഭാര്യ മിനി, മകൻ അഖിൽ എന്നിവർക്കൊപ്പമാണ് എത്തിയത്. മൂത്തമകൻ ആദിത് മെൽബണിലാണ്
ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പല പ്രതിസന്ധികൾ ഉണ്ടായപ്പോഴും തികഞ്ഞ ഈശ്വര വിശ്വാസവും പരുമല തിരുമേനിയോടുള്ള പ്രാർഥനയും തുണയായിട്ടുണ്ടെന്ന് ബ്ലെസി പറഞ്ഞു. 2020 ഒക്ടോബർ 27ന് പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ ആടുജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിൽ നടത്തിയ പ്രാർഥനയും തുടർന്നുണ്ടായ ദൈവിക നടത്തിപ്പുകളും വ്യക്തമായി വിശദീകരിച്ചിരുന്നു. ഈ അനുഭവങ്ങളാണ് റിലീസ് ദിവസം തന്നെ പരുമലയിൽ എത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് ബ്ലെസി പറഞ്ഞു.
ബ്ലെസിയുടെ ഭാര്യയും മകനും സഹോദരങ്ങളും അവരുടെ കുടുംബവും ഭാര്യ പിതാവും മാതാവും ഉൾപ്പെടെ 17 പേർ ഇന്നലെ രാത്രി കടപ്രആശീർവാദ് തിയറ്ററിൽ എത്തി ആടുജീവിതം കണ്ടു. അമേരിക്കയിലുള്ള സഹോദരി റിലീസ് പ്രമാണിച്ച് നാട്ടിൽ എത്തിയിരുന്നു. ഇന്നലെ രാവിലെ മാതൃ ഇടവകയായ കുറ്റപ്പുഴ ജറുസലം മാർത്തോമ്മാ പള്ളിയിൽ പെസഹ ശുശ്രൂഷയിൽ പങ്കെടുത്ത ശേഷമാണ് പരുമലയിൽ ബ്ലെസി എത്തിയത്. തുടർന്ന് പാലിയേക്കര പള്ളിയിലും എത്തി പ്രാർഥിച്ചു ഉച്ചയോടെ എറണാകുളത്തേക്ക് മടങ്ങി.