ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്; വഴിപാടിനത്തിൽ ഇന്നലത്തെ വരുമാനം 64.59 ലക്ഷം രൂപ
Mail This Article
ഗുരുവായൂർ ∙ തുടർച്ചയായ അവധി ദിവസങ്ങൾ ആരംഭിച്ചതോടെ ക്ഷേത്രത്തിൽ ദർശനത്തിനു വൻ തിരക്ക്. ഇന്നലെ പുലർച്ചെ മുതൽ ദർശനത്തിനു തിരക്കു കൂടി. ഉച്ചപ്പൂജ കഴിഞ്ഞു നട അടച്ചത് 2.15നാണ്. 3.30നു വീണ്ടും നട തുറന്ന് ശീവേലിയും ദർശനവും ആരംഭിച്ചു. വേനലവധിയുടെ ഭാഗമായി ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. ക്ഷേത്രനട ഇന്നലെ 3.30നു തുറന്നു. മേയ് 31 വരെ ഇതു തുടരും. അവധിക്കാലത്ത് ഉദയാസ്തമയ പൂജ ഉണ്ടാകില്ല. ഇന്നലെ 42 കല്യാണങ്ങളും 456 കുട്ടികൾക്കു ചോറൂണും ഉണ്ടായി.
വരി നിൽക്കാതെ ദർശനം നടത്താൻ കഴിയുന്ന നെയ്‌വിളക്ക് വഴിപാടിൽ നിന്ന് 15.63 ലക്ഷം രൂപ ദേവസ്വത്തിനു ലഭിച്ചു. 1560ലേറെ പേർ 1000 രൂപയുടെ നെയ്‌വിളക്ക് വഴിപാട് കഴിച്ച് ദർശനം നടത്തി. തുലാഭാരം വഴിപാടായി 17.43 ലക്ഷം രൂപയും പാൽപായസം വഴിപാടായി 6.57 ലക്ഷം രൂപയും ലഭിച്ചു. വഴിപാടിനത്തിൽ ഇന്നലത്തെ വരുമാനം 64.59 ലക്ഷം രൂപയാണ്. ക്ഷേത്രത്തിൽ ഇന്നും നാളെയും മറ്റന്നാളും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനമോ ജീവനക്കാർക്കു പ്രത്യേക ദർശനമോ അനുവദിക്കില്ല.