വോട്ടിങ്ങിലെ വൻ ഇടിവ്; പത്തനംതിട്ടയിൽ കാര്യങ്ങൾ മാറിമറിയുമോ?: ചങ്കിടിപ്പോടെ മുന്നണികൾ
Mail This Article
പത്തനംതിട്ട ∙ വോട്ടിങ് ശതമാനത്തിലുണ്ടായ വൻ ഇടിവിൽ പ്രതീക്ഷയോടെയും ചങ്കിടിപ്പോടെയും മുന്നണികൾ. 2019ൽ 74.19 ആയിരുന്നു വോട്ടിങ് ശതമാനം. ഇത്തവണ 63.35 ആയി കുറഞ്ഞു. എല്ലാ പോളിങ് സ്റ്റേഷനുകളിലും രാവിലെ മുതൽ നല്ല തിരക്കായിരുന്നു. വോട്ടെടുപ്പ് അവസാനിച്ചതോടെ തികഞ്ഞ ജയപ്രതീക്ഷയിലാണു സ്ഥാനാർഥികൾ. സിറ്റിങ് എംപി ആന്റോ ആന്റണി, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ.ടി.എം.തോമസ് ഐസക്, ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി എന്നിവരുടെ മത്സരമാണു മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്.
വോട്ടിങ് ശതമാനത്തിലെ കുറവ് എൽഡിഎഫിനു തിരിച്ചടിയാകുമെന്നാണു കരുതുന്നതെന്ന് ആന്റോ ആന്റണി പറഞ്ഞു. ‘യുഡിഎഫ് വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്യിക്കാനായി എന്നതാണ് ഇത്തവണത്തെ സവിശേഷത. യുഡിഎഫ് അനുഭാവികളെല്ലാം വോട്ടു ചെയ്തിട്ടുണ്ട്. വൻ ഭൂരിപക്ഷത്തിൽ ഇത്തവണയും ജയം ഉറപ്പ്’– ആന്റോ ആന്റണി പറഞ്ഞു.
പത്തനംതിട്ടയിൽ ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നു ഡോ.ടി.എം.തോമസ് ഐസക്കും പ്രതികരിച്ചു. ‘വോട്ടർമാരിൽ നിന്നുള്ള അനുകൂല സമീപനമാണു പോളിങ് ബൂത്തുകളിൽ കാണാനായത്. മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. നല്ല ഭൂരിപക്ഷം കിട്ടും’– തോമസ് ഐസക് പറഞ്ഞു. ജയിക്കുമെന്നാണു വിശ്വാസമെന്ന് അനിൽ കെ. ആന്റണിയും പ്രതികരിച്ചു. ‘യുഡിഎഫിനും എൽഡിഎഫിനും ലഭിച്ചിരുന്ന ഒട്ടേറെ വോട്ടുകൾ ലഭിക്കും. മണ്ഡലത്തിലെ വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നു. വോട്ട് എണ്ണിക്കഴിയുമ്പോൾ അതു ബോധ്യമാകും’– അനിൽ കെ. ആന്റണി പറഞ്ഞു.
ജില്ലയിൽ പോളിങ് 63.35 ശതമാനം; കഴിഞ്ഞ തവണ 74.19 ശതമാനം
പത്തനംതിട്ട ∙ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വോട്ട് ചെയ്യാൻ രാവിലെയുണ്ടായ ആവേശം വെയിൽ കടുത്തതോടെ കുറഞ്ഞും സൂര്യൻ താഴ്ന്നപ്പോൾ വീണ്ടും ഉയർന്ന് 63.33 ശതമാനത്തിൽ ഒതുങ്ങി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് 74.19 ശതമാനമായിരുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ 66 ശതമാനവുമായിരുന്നു പോളിങ്. എന്നാൽ ഇത്തവണത്തെ അന്തിമ കണക്കിൽ വോട്ടിങ് ശതമാനം വ്യത്യാസപ്പെടാം.
ആറന്മുള നിയോജക മണ്ഡലത്തിലായിരുന്നു രാവിലെ വലിയ തോതിൽ പോളിങ് നടന്നത്. അടൂർ, കോന്നി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഒൻപതര കഴിഞ്ഞതോടെ 13 ശതമാനത്തിനു മുകളിൽ വോട്ടായി. വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറിൽ 20 ശതമാനം കടന്ന പോളിങ് വച്ചടിവച്ചു കയറുന്ന കാഴ്ചയായിരുന്നു ഉച്ചവരെ.
ഉച്ചയ്ക്ക് 12.30ന് 34.09 ശതമാനം പേർ വോട്ട് ചെയ്തു. എന്നാൽ 50 ശതമാനം വോട്ട് എത്താൻ മുന്നേകാൽ വരെ കാത്തിരിക്കേണ്ടി വന്നു. വൈകിട്ട് മഴ ഭീഷണി കണക്കിലെടുത്ത് രാവിലെ തന്നെ ഏറെ പേർ വോട്ട് ചെയ്യാൻ എത്തിയെങ്കിലും പല സ്ഥലത്തും വോട്ടിങ് മെഷീൻ തകരാർ മൂലം വോട്ടെടുപ്പ് നീണ്ടു. 4 മണി കഴിഞ്ഞതോടെ വോട്ടിങ് ശതമാനം 55.43ൽ എത്തി. 5 മണിയോടെ പത്തനംതിട്ടയിൽ പോളിങ് 60 ശതമാനം കടന്നു. രാത്രി 7 മണിയോടെ അത് 63.05 ശതമാനമായി. എട്ടു മണിയോടെ 63.33 ശതമാനത്തിലും എത്തി.
പന്തളം, കോന്നി, തിരുവല്ല, മാത്തൂർ എന്നിവിടങ്ങളിൽ ചില ബൂത്തുകളിൽ 6 മണി കഴിഞ്ഞും വോട്ടെടുപ്പ് നീണ്ടു. രാത്രി 8 മണിയാകുമ്പോൾ 13 ബൂത്തുകളിൽ വോട്ടെടുപ്പ് തീരാനുണ്ടായിരുന്നു. തിരുവല്ല, ആറന്മുള നിയോജക മണ്ഡലങ്ങളിൽ രാവിലെ മുതൽ പല ബൂത്തുകളിലും ക്യൂ കാണാമായിരുന്നു. റാന്നിയിലും വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തിരക്ക് പ്രകടമായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് അടൂർ മണ്ഡലത്തിലും (67.46 %) ഏറ്റവും കുറച്ചു പേർ വോട്ട് ചെയ്തത് തിരുവല്ല മണ്ഡലത്തിലുമാണ് (60.52%).
∙ പത്തനംതിട്ട: ആകെ വോട്ടർമാർ: 14,29,700
∙ പോൾ ചെയ്തത്: 9,05,727
∙ വോട്ടിങ് ശതമാനം: 63.35%
∙ പുരുഷൻമാർ: 4,43,194
∙ സ്ത്രീകൾ: 4,62,527
∙ ട്രാൻസ്ജെൻഡർ–6