ഇരുട്ടിന്റെ മറവിൽ കൂട്ടമായി എത്തും, പിന്നെ ഉച്ചത്തിൽ ഓലിയിടും; പുറത്തിറങ്ങാൻ പറ്റാതെ നാട്ടുകാർ
Mail This Article
പെരുമ്പെട്ടി∙ കുറുക്കന്റെ ആക്രമണത്തിൽ ഭയാശങ്കയിലായി വനാതിർത്തികളിലെ മലയോരമേഖല. വലിയകാവ് വനാതിർത്തിയോടുചേർന്ന പ്രദേശങ്ങളാണിത്. കോട്ടാങ്ങൽ പഞ്ചായത്തിലെ ഊട്ടുകുളം, നെടുമ്പാല, മലമ്പാറ മേഖലയിലാണ് ഇന്നലെ വയോധികയടക്കം ആറുപേർക്കു കുറുക്കന്റെ കടിയേറ്റത്. പ്രദേശത്ത് ആളുകൾക്ക് കുറുക്കന്റെ കടിയേൽക്കുന്നത് ആദ്യമായാണ്. ആദ്യം ഊട്ടുകുളത്ത് രണ്ടുപേർക്കും പിന്നീട് മൂന്ന് കിലോമീറ്റർ അകലെയുള്ള നെടുമ്പാലയിയിൽ മൂന്ന് പേർക്കും ശേഷം രണ്ടരകിലോമീറ്റർ ദൂരെ കുളത്തൂരിൽ വയലിങ്കലുമായാണ് ആറുപേർക്കു കുറുക്കന്റെ കടിയേറ്റത്. നെടുംമ്പാല തെങ്ങണാപുരയിടം പ്രകാശിന്റെ പശുവിനും, ചെറിയാറ്റിൽ ദിലീപിന്റെ വളർത്തുനായ അടക്കം മേഖലയിലെ ഒട്ടേറെ വളർത്തുമൃഗങ്ങൾക്കു കടിയേറ്റിട്ടുള്ളതായാണു വിവരം.
കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്ന മേഖലകളിൽ കാട്ടുപന്നി ശല്യം നേരത്തെതന്നെ ഭീഷണിയാണ്. ഇപ്പോൾ കുറുക്കന്റെയും കുറുനരിയുടെയും കടന്നുവരവ് വർധിച്ചുവരുന്നു. അതേസമയം, കാടുമൂടിയ പ്രദേശങ്ങളിൽ പെറ്റുപെരുകുന്ന പന്നിക്കുഞ്ഞുങ്ങളെ കൂട്ടമായെത്തുന്ന കുറുക്കന്മാർ ഭക്ഷിക്കുന്നതിനാൽ കാട്ടുപന്നിയുടെ വർധന ഗണ്യമായി കുറഞ്ഞുവെന്നു പ്രദേശവാസികൾ പറയുന്നു. ഇഞ്ചാനിക്കുഴി, സർപ്പക്കാവ്, ഊട്ടുകുളം, നെടുമ്പാല, കിടാരക്കുഴി, നിർമലപുരം, പന്നയ്ക്കപ്പതാൽ , ചിരട്ടോലി, മാരംകുളം , ചുട്ടുമൺ പ്രദേശങ്ങളിൽ ഇരുട്ടുവീണാൽ പിന്നെ ഇവയുടെ കൂട്ടമായുള്ള കടന്നുവരവും ഉച്ചത്തിലുള്ള മിനിട്ടുകളോളം നീണ്ടുനിൽക്കുന്ന ഓലിയിടലുമാണ്. ടോർച്ചിന്റെയോ വാഹനങ്ങളുടെയോ വെളിച്ചം തെളിഞ്ഞാലുടൻ ഓലിയിടൽ നിലയ്ക്കും. പിന്നീട് കുറേ അകലെയായി വീണ്ടും ഓലിയിടൽ ഉയരും.
കഥകൾ ഇങ്ങനെ
സമൂഹമാധ്യമങ്ങളിലുടെ കുറുക്കന്റെ കഥകൾ പ്രവഹിച്ചുകൊണ്ടിരുന്നു. പള്ളിയിലേക്ക് പോയവർക്കും കടിയേറ്റതായുള്ള വാർത്ത പരന്നതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിലാരംഭിച്ചു. പിന്നീടാണു കിടാരക്കുഴി വയലുങ്കൽ പ്രദേശത്ത് വയോധികയ്ക്ക് കടിയേൽക്കുന്നത്. ഇതിനിടയിൽ വനംവകുപ്പിന്റെ ദ്രുതകർമ സേനയും നാട്ടുകാരും ചേർന്നു തിരച്ചിൽ ശക്തമാക്കി. 12.30നു മലമ്പാറയ്ക്കു സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കുറുക്കനെ ചത്തനിലയിൽ കണ്ടെത്തി. പിന്നീട് വനംവകുപ്പ് അധികൃതർ കുറുക്കനെ കൊണ്ടുപോയതോടെ ആശങ്കൾക്ക് വിരാമമായി.
കണക്കുകൾ ഇങ്ങനെ
∙കോട്ടാങ്ങൽ, കൊറ്റനാട്, പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വന്യജീവികളുടെ ആക്രമണത്തിൽ പരുക്കേറ്റവർ ഏറെ
∙കാട്ടുപന്നിയുടെ ആക്രമണത്തിൽ 12 പേർക്ക്
∙ കുരങ്ങിന്റെ ആക്രമണത്തിൽ 2പേർക്ക്
∙ കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടി 9 പേർക്ക്
∙പന്നിമൂട്ട ശരീരത്തിൽക്കയറി 3 പേർക്ക് അസ്വസ്ഥത