ബിഎംബിസി നിലവാരം കാത്ത് കല്യാണിമുക്ക്–അലിമുക്ക് റോഡ്: നിലവാരത്തിലേക്ക് ഉയരുമോ ഈ വഴി
Mail This Article
കച്ചേരിത്തടം ∙കല്യാണിമുക്ക്–അലിമുക്ക് റോഡ് എന്നെങ്കിലും ബിഎം ബിസി നിലവാരത്തിൽ ഉയരുമോ? പ്രഖ്യാപനം നടക്കുന്നതല്ലാതെ വികസനം സാധ്യമാകുന്നില്ല.ഒഴുവൻപാറ–അമ്മച്ചിക്കാട്–അഞ്ചുകുഴി, ജണ്ടായിക്കൽ–വലിയകുളം എന്നീ റോഡുകളെയും പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നതാണിത്. അക്കാൾപടി, മോതിരവയൽ, കച്ചേരിത്തടം, കരികുളം പട്ടിവർഗ കേന്ദ്രം തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളുമായി ബന്ധപ്പെടുന്ന റോഡാണിത്.
മലയോര പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 8 മീറ്റർ വീതിയിൽ നവീകരിച്ചത്. പിന്നീട് പിഡബ്ല്യുഡി ഏറ്റെടുത്ത് പുനരുദ്ധാരണം നടത്തിയിരുന്നു. റീടാറിങ് നടത്തിയിട്ടു വർഷങ്ങളായി. വല്ലപ്പോഴും നടത്തുന്ന മുഖം മിനുക്കലാണ് റോഡിനെ നിലനിർത്തുന്നത്. വശങ്ങളിലെ കാടും പടലും നീക്കാൻ പോലും ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ല. റോഡിലൂടെ യാത്ര നടത്തുമ്പോൾ പലയിടത്തും വശങ്ങൾ വനം പോലാണ്. റോഡിൽ ആവശ്യത്തിനു സംരക്ഷണഭിത്തിയില്ല. വാഹനങ്ങൾ വശം ചേർത്താൽ അപകടത്തിൽപെടുന്ന സ്ഥിതി. കച്ചേരിത്തടം–അലിമുക്ക് വരെയാണ് കൂടുതൽ അപകടക്കെണി. വയ്യാറ്റുപുഴ–പൊതീപ്പാട് റോഡ് പാക്കേജിൽ ഇതും ഉൾപ്പെടുത്തിയിരുന്നു. ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിന് രൂപരേഖയും തയാറാക്കിയതാണ്. കോവിഡ് കാലത്തെ മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. മലയോര ഗ്രാമങ്ങളുടെ വികസനത്തിനായി റോഡ് നവീകരിക്കുകയാണാവശ്യം.