ADVERTISEMENT

പത്തനംതിട്ട ∙ നാടിനെ നടുക്കിയ ഇലന്തൂരിലെ ഇരട്ട നരബലി കേസ് പുറത്തു വന്നിട്ട് ഇന്ന് രണ്ടു വർഷം. ഇലന്തൂരിലെ ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്തുനിന്ന് നരബലിക്കിരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയതും പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതും 2022 ഒക്ടോബർ 11ന് ആയിരുന്നു. മൂന്നു പ്രതികളും രണ്ടുവർഷമായി ജയിലിലാണ്. ഇനിയും വിചാരണ അവസാനിച്ചിട്ടില്ല. രണ്ടു വർഷം പിന്നിടുമ്പോൾ സംഭവം നടന്ന വീടും അടുത്തുള്ള തിരുമ്മു കേന്ദ്രവും കാടു കയറി. ഇപ്പോഴും നരബലി നടന്ന വീടു കാണാൻ സന്ദർശകർ എത്താറുണ്ടെന്ന് അയൽക്കാർ പറഞ്ഞു. 

സാമ്പത്തിക അഭിവൃദ്ധിക്കായി സ്ത്രീകളെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ചാൽ മതിയെന്നു വിശ്വസിപ്പിച്ച് എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാഫി (52), തിരുമ്മു ചികിത്സകനായ ഇലന്തൂരിലെ കെ.വി.ഭഗവൽസിങ് (67), ഭാര്യ ലൈല (58) എന്നിവർ ചേർന്നു ലോട്ടറി വിൽപനക്കാരായ കാലടി സ്വദേശി റോസ്‌ലിൻ (49), തമിഴ്‌നാട് സ്വദേശി പത്മം (52) എന്നിവരെ ഇലന്തൂരിലെത്തിച്ചു കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നാണു കേസ്. കടവന്ത്ര പൊലീസാണു കേസ് അന്വേഷിച്ചത്. കാണാതായ പത്മത്തെത്തേടിയുള്ള അന്വേഷണത്തിൽ വാഹനം കണ്ടെത്താനുള്ള ശ്രമമാണു കൊച്ചി കടവന്ത്ര പൊലീസിനെ ഇലന്തൂരിലെത്തിച്ചത്.

പൊന്നുരുന്നി പഞ്ചവടി നഗറിലെ താമസക്കാരി പത്മത്തെ കാണാനില്ലെന്ന പരാതി 2022 സെപ്റ്റംബർ 26നാണ് കടവന്ത്ര പൊലീസിനു ലഭിച്ചത്. കാലടി മറ്റൂരിൽനിന്നു കാണാതായ ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലിനെയും (49) സമാനമായ രീതിയിൽ ഈ സംഘം കൊലപ്പെടുത്തി. 2023 ജനുവരി 6നാണ് പത്മത്തിന്റെ കൊലപാതകത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നാണു കുറ്റപത്രത്തിൽ വിശേഷിപ്പിച്ചത്. ഡിഎൻഎ പരിശോധനയിലൂടെയാണു മരിച്ചതു പത്മവും റോസ്‌ലിനുമാണന്നു പൊലീസ് സ്ഥിരീകരിച്ചത്.

English Summary:

October 11, 2023, marks two years since the discovery of the remains of two women in Elanthoor, Kerala, revealing a horrific double human sacrifice. This article revisits the chilling case, providing updates on the accused – Mohammed Shafi, Bhagaval Singh, and Laila – and the ongoing trial.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com