മഴ മാറി; കാനന പാത വീണ്ടും തുറന്നു, തീർഥാടകർ എത്തിത്തുടങ്ങി
Mail This Article
ശബരിമല/ എരുമേലി∙ നിയന്ത്രണം പിൻവലിച്ചതോടെ കാനന പാത വീണ്ടും തുറന്നു. തീർഥാടകർ എത്തി തുടങ്ങി. എരുമേലിയിൽ പേട്ട തുള്ളി തീർഥാടകർ കാൽനടയായി എത്തുന്ന കരിമല പാത, പുല്ലുമേട് പാത എന്നിവ പ്രതികൂല കാലാവസ്ഥ കാരണം അപകട സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പ് പ്രകാരമാണ് അടച്ചത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇതുവഴി തീർഥാടകരെ കടത്തി വിട്ടില്ല. മഴ മാറിയതോടെ കാനന പാത സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന വനം വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാത തുറന്നു കൊടുക്കാൻ ഇടുക്കി, കോട്ടയം കലക്ടർമാരാണ് ഉത്തരവിട്ടത്.
ഇന്നലെ രാവിലെ 7ന് തന്നെ കരിമല പാതയിലെ അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിലൂടെ കടന്നു പോകാൻ തീർഥാടകരെ അനുവദിച്ചു. 581 പേരാണ് രാവിലെ ഇതുവഴി എത്തിയത്. ഇന്നലെ പകൽ 420 തീർഥാടകരാണ് കാനന പാത ആരംഭിക്കുന്ന കോയിക്കക്കാവ് വഴി കടന്നുപോയത്.
കോയിക്കൽകാവിൽ രാവിലെ 6 മുതൽ വൈകിട്ട് 5 വരെയാണ് തീർഥാടകരെ വനത്തിലൂടെ കടത്തി വിടുന്നത്. അഴുതക്കടവിലൂടെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് തീർഥാടകരെ കടന്നു പോകാൻ അനുവദിക്കുന്നത്. തീർഥാടകരെ ഒരുമിച്ച് ഗ്രൂപ്പുകളാക്കിയാണു കടത്തിവിട്ടത്. വനം വകുപ്പിന്റെ സായുധ സംഘം ഇവരെ അനുഗമിച്ചു.
പുല്ലുമേട് പാതയിലൂടെയും തീർഥാടകർ എത്തി തുടങ്ങി. വണ്ടിപ്പെരിയാർ സത്രത്തിലാണ് ഇതിന്റെ പ്രവേശന കവാടം. രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മാത്രമാണ് ഇതുവഴി പോകാൻ അനുവദിക്കുന്നത്. ഇവിടെയും ആദ്യ സംഘത്തിന്റെ മുൻപിലായി വനപാലകർ സഞ്ചരിച്ച് വന്യമൃഗങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി.
മാളികപ്പുറങ്ങളെ രക്ഷപ്പെടുത്തി
ശബരിമല∙ ശാരീരിക അവശതയെ തുടർന്നു പുല്ലുമേട് കാനന പാതയിൽ കുടുങ്ങിയ 2 മാളികപ്പുറങ്ങളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശികളായ രാധ (58) , ശാന്ത (60) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പുല്ലുമേട് പാതയിലെ കാട്ടിലൂടെ മലയിറങ്ങി വന്ന ഇരുവരും നടക്കാൻ വയ്യാതെ അവശരായി പോടംപ്ലാവ് ഭാഗത്ത് ഇരിക്കുന്ന വിവരം മറ്റ് തീർഥാടകരാണ് പാണ്ടിത്താവളത്തിൽ ഡ്യൂട്ടിയിലുള്ള പൊലീസിനെ അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർ ചേർന്നു തിരച്ചിൽ നടത്തിയാണ് ഇവരെ കണ്ടെത്തി ചുമന്ന് സന്നിധാനത്ത് എത്തിച്ചത്. ഇരുവരെയും സന്നിധാനം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോളി സമരത്തിൽ ഹൈക്കോടതി: ‘സമരം നടത്താനുള്ള സ്ഥലമല്ല ശബരിമല, ആരാധനാ സ്വാതന്ത്ര്യ അവകാശം ലംഘിക്കരുത്’
ശബരിമല /കൊച്ചി∙ ശബരിമലയിലെ ഡോളി ചുമട്ടുകാർ നടത്തിയ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സമരം നടത്താനുള്ള സ്ഥലമല്ല ശബരിമലയെന്നും ആരാധനാ സ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്ന ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.ശബരിമലയിൽ ഡോളി സർവീസ് നടത്തുന്നവർ പണിമുടക്കു നടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടിയാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ജസ്റ്റിസ് എസ്.മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശം നൽകിയത്.
ദേവസ്വം ബോർഡ് നിശ്ചയിച്ചതിലും കൂടിയ തുക ഈടാക്കി ഡോളി ചുമട്ടുകാർ തീർഥാടകരെ ചൂഷണം ചെയ്യുന്നതായുള്ള പരാതിയെ തുടർന്നാണ് പ്രീപെയ്ഡ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. പ്രീ പെയ്‌ഡ് ഡോളി സർവീസിന് യാത്രക്കാരുടെ ഭാരത്തിന്റെ അടിസ്ഥാനത്തിൽ എ,ബി,സി എന്നീ 3 ഭാഗമായി തിരിച്ച് ഡോളി നിരക്ക് പുതുക്കി നിശ്ചയിക്കാനാണു ദേവസ്വം ബോർഡ് ആലോചിച്ചത്. ഇതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് പ്രീപെയ്ഡ് ഡോളി സർവീസ് തുടങ്ങാൻ വൈകുന്നത്.
തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം ഡോളി ചുമട്ടുകാർ 11 മണിക്കൂർ നീണ്ട മിന്നൽ സമരം നടത്തിയിരുന്നു. പ്രായമായവരും രോഗികളും നടന്നു മലകയറാൻ ബുദ്ധിമുട്ട് ഉള്ളവരുമായ നിരവധി പേർക്ക് ഇതുമൂലം സന്നിധാനത്തിൽ എത്തി ദർശനം നടത്താൻ കഴിയാതെ വന്നു. ഒരു വശത്തേക്ക് 3250 രൂപയാണ് ദേവസ്വം ബോർഡ് അംഗീകരിച്ച നിരക്ക്. എന്നാൽ ഈ തുകയ്ക്കു തീർഥാടകരെ ചുമക്കാൻ ഡോളിക്കാർ തയാറല്ല.
ഭക്തർക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം പ്രവണതകളുണ്ടാകുന്നില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും ചീഫ് പൊലീസ് കോഓർഡിനേറ്ററും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. തീർഥാടകർക്കു സൗകര്യ പ്രദമായ തീർഥാടനം ഉറപ്പാക്കാൻ പൊലീസും ജില്ലാ ഭരണകൂടവും ഉൾപ്പെടെയുള്ളവർ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ഡോളി വർക്കേഴ്സിന്റെ പണിമുടക്ക് അനുവദിക്കാനാവില്ല.
പരാതിയുണ്ടായിരുന്നെങ്കിൽ സീസൺ ആരംഭിക്കുന്നതിനു മുൻപ് ബോർഡിനെ അറിയിക്കേണ്ടതായിരുന്നു. പ്രായമായവരും ശാരീരിക വെല്ലുവിളി നേരിടുന്നവരുമാണു ഡോളി സർവീസിനെ ആശ്രയിക്കുന്നത്. അവരുടെ ആരാധനാ സ്വാതന്ത്ര്യ അവകാശത്തെ ഹനിക്കരുതെന്നും കോടതി പറഞ്ഞു.കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോടതി റിപ്പോർട്ട് തേടി. അപകടത്തിൽപെട്ട വാഹനത്തിന്റെ കളർ ഫോട്ടോ ഉൾപ്പെടെ ഹാജരാക്കാനും നിർദേശിച്ചു.
ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ നടപടി തുടങ്ങി
തിരുവനന്തപുരം ∙ ശബരിമലയിൽ മണ്ഡലകാലത്തോടനുബന്ധിച്ചു ഭക്തരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഗ്രീൻപ്രോട്ടോക്കോൾ പാലിക്കാനും വഴിയോരങ്ങളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിക്കാനും തരംതിരിച്ചു നിർമാർജനം ചെയ്യാനും തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ ശുചിത്വ മിഷൻ നടപടി ആരംഭിച്ചു.
കെട്ടുനിറയിൽ പ്ലാസ്റ്റിക് പാക്കറ്റുകളിൽ പൊതിഞ്ഞവ ഉണ്ടാവരുതെന്നും ശരണപാതകളിൽ ഏകോപയോഗ പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം എന്നും അഭ്യർഥിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ശബരിമല തന്ത്രിയുടെ ആഹ്വാനവും നിലവിലുണ്ട്. വഴിയോരങ്ങളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ വന്യജീവികൾക്കും വനമേഖലയ്ക്കും വെല്ലുവിളിയാകുന്നതിനാൽ ഇവ കൃത്യമായി ശേഖരിക്കാനും സംസ്കരിക്കാനും തിരുവല്ല ആസ്ഥാനമായ ക്രിസ് ഗ്ലോബൽ ട്രെയ്ഡേഴ്‌സിനെ ചുമതലപ്പെടുത്തി. പ്രതിദിനം അര ടൺ അജൈവ മാലിന്യങ്ങളാണ് ഇവർ വനം വകുപ്പിന്റെ ഇക്കോ ഗാർഡുകളുടെ സഹകരണത്തോടെ ശേഖരിക്കുന്നത്.
തീർഥാടകർക്കായി നിലയ്ക്കലും ചെങ്ങന്നൂരുമായി സജ്ജീകരിച്ചിട്ടുള്ള കിയോസ്കുകളിലും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും തുണി സഞ്ചി വിതരണം, പോക്കറ്റ് കാർഡ്സ്, ഗ്രീൻ ഗാർഡ്സ്, ഐസി ബോർഡുകൾ, എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ, സാമൂഹിക മാധ്യമങ്ങളിലൂടെ വിവിധ ഭാഷകളിലായി ബോധവൽക്കരണ പരിപാടികൾ, ശുചീകരണ തൊഴിലാളികൾക്ക് ആദരം തുടങ്ങിയവയും പുരോഗമിക്കുന്നുണ്ട്.
പമ്പയിലും പരിസരങ്ങളിലും തീർഥാടകർ വസ്ത്രങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നതു തടയാനായി പ്രത്യേക ഗ്രീൻ ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളിലും തീർഥാടകർ വിരിവയ്ക്കുന്ന ഇടങ്ങളിലും അയ്യപ്പന്മാർ കടന്നുപോകുന്ന പാതയോരങ്ങളിലും ഭക്ഷണ- വ്യാപാരശാലകളിലെ പരിശോധനയ്ക്കായും ഭക്തർക്ക് സഹായത്തിനുമായി ശുചിത്വ മിഷന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡിനെയും ചുമതലപ്പെടുത്തി.