പത്തനംതിട്ട നഗരത്തിൽ ഓടക്കെണി; മൂടിയില്ലാത്ത, മാലിന്യം നിറഞ്ഞ ഓടകൾ
Mail This Article
പത്തനംതിട്ട ∙ റോഡു വശങ്ങളിൽ ഓടയ്ക്ക് മൂടിയില്ലാത്തതും തകർന്ന സ്ലാബുകളും അപകടഭീഷണിയാകുന്നു. പത്തനംതിട്ട–കൈപ്പട്ടൂർ റോഡിൽ സന്തോഷ് ജംക്‌ഷൻ മുതൽ ഓമല്ലൂർവരെയുള്ള ഭാഗങ്ങളിൽ വിവിധ ഇടങ്ങളിലായി ഓട സ്ലാബ് ഇട്ട് പൂർണമായി അടച്ചിട്ടില്ല. സ്കൂൾ വിദ്യാർഥികളടക്കം ഒട്ടേറെപ്പേർ ദിനംപ്രതി കാൽനടയായി സഞ്ചരിക്കുന്ന റോഡാണിത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുമുണ്ട്.
പുത്തൻപീടിക ഭാഗത്ത് ഓടയ്ക്ക് മൂടിയില്ലാത്തത് വാഹനങ്ങൾക്കും ദുരിതമാകുകയാണ്. ഇവിടെയുള്ള സ്വകാര്യ സൂപ്പർ മാർക്കറ്റിലേക്കും മറ്റുമായി ദിവസവും ഒട്ടേറെ വാഹനങ്ങളാണ് എത്തുന്നത്. പാർക്കിങ് ഏരിയ നിറയുമ്പോൾ വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക പതിവാണ്. ഇവിടെ റോഡിൽനിന്ന് ഓടയെ വേർതിരിക്കുന്നതിനായി സംവിധാനമില്ല. വാഹനങ്ങൾ വശത്തേക്ക് ഒതുക്കുമ്പോൾ ഓടയാണെന്ന് തിരിച്ചറിയാൻ സാധിക്കാതെ വരുന്നത് അപകട ഭീഷണിയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ റോഡരികിൽ പാർക്ക് ചെയ്ത കാറിൽനിന്ന് ഇറങ്ങിയ ആൾ ഓട ശ്രദ്ധയിൽപെടാതെ വീണു പരുക്കേറ്റ സംഭവവുമുണ്ടായി.
ഓടനിറഞ്ഞ് കാട്, മാലിന്യം; വെള്ളമൊഴുകാൻ ഇടമില്ല
റോഡിന്റെ ഇരുവശവും ഓടയെ മൂടി കാടുവളർന്നതും അപകടഭീഷണിയാണ്. മൂടിയില്ലാത്ത ഭാഗങ്ങളിൽ കാടുകയറിയതോടെ ഓടയും റോഡും വേർതിരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. കൂടാതെ ഓട നിറയെ മാലിന്യവും തള്ളിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ വീടിന്റെയും പറമ്പിന്റെയും മുൻവശത്തു മാത്രമാണ് കാടു നീക്കം ചെയ്തിട്ടുള്ളത്. മറ്റിടങ്ങളിലൊക്കെ ഓടയെ മൂടി കാടുവളർന്ന നിലയിലാണ്. ചില ഭാഗങ്ങളിൽ ചെളിയും മണ്ണും നിറഞ്ഞ് ഓട മൂടിയ നിലയിലാണ്. മഴ പെയ്യുമ്പോൾ വെള്ളം റോഡിലേക്ക് ഒഴുകുന്നതും യാത്രക്കാർക്ക് ദുരിതമാണ്.
തകർന്ന സ്ലാബുകൾ അപകടഭീഷണി
കോളജ് ജംക്‌ഷനും പുത്തൻപീടികയ്ക്കും ഇടയിലായി വിവിധ ഇടങ്ങളിൽ ഓടയുടെ സ്ലാബുകൾ തകർന്ന് ഇരുമ്പുകമ്പി പുറത്തേക്കു തള്ളിനിൽക്കുന്ന സ്ഥിതിയാണ്. വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഇത് ഒരുപോലെ അപകടഭീഷണിയാകുന്നു. സന്തോഷ് മുക്കിലെ അമല ടവറിനു മുന്നിൽ ഓടയുടെ സ്ലാബ് തകർന്ന് കുഴിയായിട്ടുണ്ട്. ഇവിടെ അപകടകരമായ രീതിയിൽ ഇരുമ്പു കമ്പി പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ട്.
ടവറിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് വരുന്നവർക്കും വാഹനങ്ങൾക്കും ഇത് അപകടഭീഷണിയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപം തകർന്ന ഓടയിൽ കാൽ തുടുങ്ങി വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു. കോളജ് ജംക്‌ഷനോടു ചേർന്നുള്ള ഭാഗത്തും ഇത്തരത്തിൽ ഓടകൾ തകർന്നിട്ടുണ്ട്.