ADVERTISEMENT

സീതത്തോട്∙നിലയ്ക്കൽ ബേസ് ക്യാംപിലെ ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരമാകുന്നു.സീതത്തോട് ശുദ്ധീകരണ ശാലയിൽ നിന്ന് ഇന്നലെ വൈകിട്ട് 6 മണിയോടെ വെള്ളം നിലയ്ക്കൽ പള്ളിയിറക്കാവ് ക്ഷേത്രത്തിനു സമീപത്തെ നിർമാണം പുരോഗമിക്കുന്ന ജല സംഭരണിയുടെ പടിക്കൽ എത്തി. ട്രയൽ റൺ പൂർണ വിജയമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ.

നാളെ മുതൽ താൽക്കാലിക അടിസ്ഥാനത്തിൽ നിലയ്ക്കലിലെ സ്റ്റീൽ സംഭരണിയിൽ െവള്ളം ശേഖരിച്ച് വിതരണം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.രണ്ടാഴ്ച മുൻപാണ് ട്രയൽ റൺ ആരംഭിച്ചത്. ശനിയാഴ്ച പ്ലാപ്പള്ളി ബൂസ്റ്റർ പമ്പ് ഹൗസിൽ വെള്ളം എത്തിയിരുന്നു. ഇവിടെ നിന്നു നിലയ്ക്കൽ ബേസ് ക്യാംപിലെ സംഭരണികളിലേക്കു വെള്ളം പമ്പ് ചെയ്യുന്ന ജോലികൾ ഇന്നലെ രാവിലെ തന്നെ തുടങ്ങിയെങ്കിലും സന്ധ്യയോടെയാണ് എത്തിയത്.

പുതിയതായി സ്ഥാപിച്ച പൈപ്പുകളും സംഭരണികളും വൃത്തിയാക്കി ബുധനാഴ്ചയോടെ വെള്ളം ശബരിമല തീർഥാടകർക്കു വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ജോലികൾ പുരോഗമിക്കുന്നത്.സീതത്തോട്ടിലെ ശുദ്ധീകരണ ശാലയിൽ നിന്നു പ്ലാപ്പള്ളി–ആങ്ങമൂഴി റോഡിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് ബൂസ്റ്റർ പമ്പ് ഹൗസും പ്ലാപ്പള്ളിയിലെ ബൂസ്റ്റർ പമ്പ് ഹൗസ് കടന്നാണ് വെള്ളം 500എംഎം വ്യാസമുള്ള കൂറ്റൻ ഇരുമ്പ് പൈപ്പിലൂടെ നിലയ്ക്കൽ ബേസ് ക്യാംപിൽ എത്തിയത്.പള്ളിയക്കാവ് ക്ഷേത്രം,

ഗോശാല, ബിഎസ്എൻഎൽ ടവർ എന്നിവിടങ്ങളിൽ നിർമാണം പുരോഗമിക്കുന്ന 20 ലക്ഷം ലീറ്റർ വീതം സംഭരണ ശേഷിയുള്ള മൂന്ന് കൂറ്റൻ സംഭരണികളിൽ വെള്ളം എത്തിച്ച് വിതരണം ചെയ്യുന്നതോടെയാണു പദ്ധതി പൂർണ ലക്ഷ്യത്തിൽ എത്തുക. നിലവിൽ ഈ മൂന്ന് ജല സംഭരണികളുടെയും നിർമാണം നടക്കുന്നതേയുള്ളൂ. ഈ സ്ഥലങ്ങളിൽ എല്ലാം നിലവിൽ വെള്ളം സംഭരിച്ച് വിതരണം ചെയ്യുന്ന കൂറ്റൻ സ്റ്റീൽ സംഭരണികൾ ഉണ്ട്. പ്രധാന സംഭരണിയുടെ നിർമാണം പൂർത്തിയാകും വരെ സ്റ്റീൽ സംഭരണിയിൽ വെള്ളം ശേഖരിച്ച് വിതരണം ചെയ്യാനാണ് ജലസേചന വകുപ്പിന്റെ തീരുമാനം.

അടൂർ പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിപിൻ ചന്ദ്രൻ, സൂപ്രണ്ടിങ് എൻജിനീയർ കൃഷ്ണകുമാർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ പി.നെൽസൺ എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമാണം. അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ അസി.എൻജിനീയർ വി അനു, ഓവർസീയർ അനീഷ്കുമാർ, സുദീപ്, അജാസ്, രാജപാണ്യൻ എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്തായിരുന്നു പ്രവർത്തനം.ശബരിമല മണ്ഡല ഉത്സവത്തിനു മുൻപായി വെള്ളം നിലയ്ക്കൽ എത്തിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലായിരുന്നു അധികൃതർ. അത് ലക്ഷ്യത്തിൽ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഇന്നലെ ഉദ്യോഗസ്ഥരും കരാർ ജീവനക്കാരും.

പദ്ധതി പണി തുടങ്ങിയത് 2019ൽ
ഏഴ് വർഷം മുൻപാണ് പദ്ധതിയുടെ പ്രാരംഭ ജോലി ആരംഭിക്കുന്നത്. ശുദ്ധീകരണ ശാല, വെള്ളം ശേഖരിക്കുന്ന കിണർ എന്നിവയുടെ നിർമാണം ആദ്യം പൂർത്തിയായി. 2019ൽ അണ്ണാ ഇൻഫ്രാ ഡവലപ്മെന്റ് പൈപ് ലൈൻ വലിക്കുന്ന ജോലി ആരംഭിച്ചു. 56.2 കോടി രൂപയായിരുന്നു കരാർ. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ കരാർ റദ്ദാക്കി. കുറച്ചു നാളത്തെ കാലതാമസങ്ങൾക്കു ശേഷം ഈറോഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർപിപി ഇൻഫ്രാ ലിമിറ്റഡ് 42.17 കോടി രൂപയ്ക്കു കരാർ എടുത്തു.

തുടർന്നാണ് നിർമാണം വേഗത്തിലായത്. സീതത്തോട്ടിൽ നിന്നുള്ള പൈപ്പ് ലൈനിന്റെ (21 കിലോ മീറ്റർ) ജോലി കഴിഞ്ഞ മാസമാണ് പൂർത്തിയായത്. ബൂസ്റ്റർ പമ്പ് ഹൗസുകളുടെ നിർമാണം നടക്കുന്നതേയുള്ളുവെങ്കിലും വെള്ളം പമ്പ് ചെയ്യുന്ന ഭാഗത്തെ ജോലികൾ എല്ലാം പൂർത്തിയായി. ആറ് ലക്ഷം ലീറ്റർ വീതം വെള്ളം സംഭരിക്കാൻ ശേഷിയുള്ള നാല് ബൂസ്റ്റർ പമ്പ് ഹൗസുകളുടെ മറ്റ് സിവിൽ ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്.

English Summary:

Sabarimala and the Nilakkal base camp now have a permanent solution to their water scarcity problem, thanks to the completion of a pipeline bringing treated water from the Seethathodu treatment plant. Pilgrims can expect a consistent water supply, especially during the upcoming Mandala festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com