ഉള്ളുലച്ച്..കണ്ണീർമടക്കം...:കണ്ണീരായ്, ഈ അമ്മമാർ..; നൊമ്പരത്തിൽ തേങ്ങി സാലിയും നിഷയും
Mail This Article
പത്തനംതിട്ട ∙ ജീവന്റെ പാതിയും മക്കളും വിടപറഞ്ഞതിന്റെ നൊമ്പരത്തിൽ തേങ്ങുകയാണ് സാലിയും നിഷയും. ‘നിഖിലേ... മോനേ... നീ ഇതിനുവേണ്ടിയായിരുന്നോടാ നാട്ടിലേക്കു വന്നത്... ദൈവമേ... എന്റെ പിള്ളേരും ഇച്ചായനും എന്നെ ഒറ്റയ്ക്കാക്കി പോയല്ലോ....’ നിഖിലിന്റെ അമ്മ സാലി നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞപ്പോൾ കേട്ടുനിന്നവർക്കും കരച്ചിലടക്കാനായില്ല.
കാനഡയിൽ ക്വാളിറ്റി ടെക്നീഷനായിരുന്ന നിഖിൽ വിവാഹത്തിനു വേണ്ടിയാണ് നാട്ടിലെത്തിയത്. ജനുവരി 18ന് അനുവിനോടൊപ്പം തിരിച്ചു പോകാനിരിക്കുമ്പോഴാണു ദുരന്തം. നിഖിൽ മുസല്യാർ എൻജിനീയറിങ് കോളജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. പള്ളിയിലെ പരിപാടികളിലും സജീവമായിരുന്നു. നിഖിലിന്റെ സഹോദരി നിത വിദേശത്താണ്.
അനുവിന്റെ വീടിന്റെ സ്വീകരണമുറിയിൽ അനു നേടിയ ട്രോഫികളുടെ നീണ്ട നിര തന്നെയുണ്ട്. താഴെ തേങ്ങിക്കരയുന്ന അനുവിന്റെ അമ്മ നിഷയെ ഒന്നാശ്വസിപ്പിക്കാൻ എന്തു പറയുമെന്നറിയാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും അടുപ്പക്കാരും. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നു ഭർത്താവ് ബിജു. പാഠ്യ–പാഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കിയായിരുന്നു അനു. മാർത്താണ്ഡം മലങ്കര കാത്തലിക് കോളജിൽ നിന്നു സൈക്രാട്രിക് എംഎസ്ഡബ്ല്യു നേടിയ അനുവിനെ പള്ളിയിൽ ആദരിച്ചിരുന്നു. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി സാധാരണക്കാർക്കു വീടുവച്ചു നൽകുന്ന പ്രവർത്തനങ്ങളിലടക്കം മുന്നിൽ നിന്നവരാണ് അനുവും സഹോദരൻ ആരോണും.
ഈ അച്ഛൻമാർ ഇനി ഓർമ
പത്തനംതിട്ട ∙ താൻ കാവലാളായി നിന്നിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അവസാനമായി ബിജു പി.ജോർജ് എത്തി. നല്ല ഓർമകൾ മാത്രമുള്ള പ്രിയപ്പെട്ട മുൻ സഹപ്രവർത്തകന് അന്ത്യാഞ്ജലി അർപ്പിക്കാൻ പൂക്കളുമായി സഹപ്രവർത്തകർ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിനു മുന്നിൽ കാത്തുനിന്നു. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയ ശേഷം ബിജുവിന്റെ മൃതദേഹം 10 മിനിറ്റ് പൊതുദർശനത്തിനായി ആശുപത്രിക്ക് മുന്നിൽ വച്ചിരുന്നു.
ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിച്ചു. എല്ലാവരോടും സൗഹൃദം കാത്തു സൂക്ഷിച്ചയാളാണു ബിജുവെന്നും മറ്റു ജോലിയിൽ പ്രവേശിച്ച ശേഷം പോലും പഴയ പരിചയക്കാരെ സഹായിക്കാൻ താൽപര്യമെടുക്കുന്ന വ്യക്തിയായിരുന്നെന്നും ജനറൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ വിമൽ പറഞ്ഞു.
ജനറൽ ആശുപത്രിയിൽ ഒരു വർഷത്തോളം ബിജു സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥനായി. തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്ര തിരിച്ച ശേഷം രാത്രി പത്തേകാലോടെ കുടുംബ വാട്സാപ് ഗ്രൂപ്പിൽ ബിജു സാധാരണ പോലെ സന്ദേശങ്ങൾ അയച്ചിരുന്നു. നേരം പുലർന്നപ്പോൾ ബിജുവിന്റെയും ഉറ്റവരുടെയും മരണവാർത്തയും ഇതേ വാട്സാപ് ഗ്രൂപ്പിൽ എത്തിയത് എല്ലാവർക്കും നടുക്കമായി.
ജീവിതത്തിന്റെ നല്ലൊരു ഭാഗവും വിദേശത്തായിരുന്ന മത്തായി ഈപ്പൻ നാട്ടിൽ സ്ഥിരതാമസമാക്കിയിട്ട് 10 വർഷമായി. വിദേശത്ത് ബിസിനസ് ചെയ്തിരുന്നെങ്കിലും നാട്ടിലെത്തി കൃഷിയും മറ്റുകാര്യങ്ങളുമായി ജീവിതം നയിക്കുകയായിരുന്നു.
എല്ലാ ആഴ്ചയിലും നടത്തുന്ന കുടുംബ പ്രാർഥനകളിലും പള്ളിയിലെ ആരാധനയിലും കൃത്യമായി പങ്കെടുക്കുമായിരുന്നു. സൗമ്യ പ്രകൃതക്കാരനായിരുന്നെന്ന് ഇടവകാംഗങ്ങൾ പറയുന്നു. വടശേരിക്കരയിൽ നിന്ന് ഇവിടെയെത്തി ളാക്കൂരിലായിരുന്നു താമസം. പിന്നീട് മല്ലശേരിമുക്കിൽ വീട് വച്ച് അവിടേക്ക് താമസം മാറ്റുകയായിരുന്നു.