ADVERTISEMENT

കോന്നി ∙ ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയത് അതിരൂക്ഷ വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ചെയ്തില്ലെന്നും അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയിൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിനിധി സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങളെക്കുറിച്ച് മറുപടി പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു കൃത്യമായ മറുപടി പറഞ്ഞില്ല. എന്നാൽ ചർച്ചകൾ പുറത്തുപോകുന്നതിൽ രോഷം പ്രകടിപ്പിച്ചു. വാർത്തകൾ പുറത്തുവരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. 

പുതിയ ജില്ലാ സെക്രട്ടറിയെ ഇന്നു തിരഞ്ഞെടുക്കും. വൈകിട്ട് 4ന് കോന്നിയിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യുവാക്കൾക്കും പുതുമുഖങ്ങൾക്കും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണന നൽകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

വയനാട് ജില്ലയിലെ പുതിയ സെക്രട്ടറിയെപ്പോലെ അപ്രതീക്ഷിത മുഖങ്ങളാരെങ്കിലും ജില്ലയുടെ തലപ്പത്തേക്ക് വരുമോ എന്ന ആകാംക്ഷയിലാണ് പാർട്ടി പ്രവർത്തകർ. നിലവില നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനമാണ് സംസ്ഥാന സെക്രട്ടറിയും സമ്മേളന പ്രധിനിധികളിൽ ഒരു വിഭാഗവും ഉന്നയിച്ചത്. അതിനാൽ ജില്ലാ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല. 

പ്രവർത്തനം തൃപ്തികരമല്ല
ജില്ലയിൽ ബിജെപിക്ക് വോട്ട് വർധിക്കുന്നത് കാണാതിരിക്കാനാകില്ല. ജില്ലയിൽനിന്നു ധാരാളം പരാതികൾ സംസ്ഥാന കമ്മിറ്റിക്ക് കിട്ടുന്നുണ്ട്. പരിശോധിച്ച് മറുപടി നൽകാനായി ജില്ലാ കമ്മിറ്റിക്ക് കൈമാറുന്ന മിക്ക പരാതികളിലും നടപടിയില്ല. പാർട്ടിയിൽ വനിതകൾക്ക് പ്രവർത്തനസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പാർട്ടിക്ക് പരമ്പരാഗത പിന്നാക്ക വിഭാഗങ്ങളിൽ നിന്നു വോട്ട് കാര്യമായി കുറയുന്നുണ്ടെന്നും പിന്നാക്ക വിഭാഗത്തിൽ നിന്ന് കേഡർമാരെ കണ്ടെത്തി കൊണ്ടുവരാത്തതാണ് ഇതിന് കാരണമെന്നും പന്തളത്ത് നിന്നുള്ള പ്രതിനിധി വിമർശിച്ചു. സർവകലാശാല യൂണിയനുകളിൽ വിജയിക്കുമ്പോഴും എസ്എഫ്ഐയെ സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ വിലയിരുത്തൽ ഗുണപരമല്ലെന്നും പന്തളത്തുനിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടു. 

ഇഷ്ടക്കാരെ അവരോധിക്കുന്നു
ജില്ലയിലെ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഇഷ്ടക്കാരെ അവരോധിക്കുകയും ഇവരെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനും ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് മല്ലപ്പള്ളിയിൽ നിന്നുള്ള പ്രതിനിധി വിമർശിച്ചു. ഇഷ്ടക്കാരെ തിരുകി കയറ്റി പാർട്ടി പിടിക്കുന്ന രീതി ഭരണകൂട ഭീകരത പോലെ ജില്ലാ നേതൃത്വം നടപ്പാക്കുകയാണ്. 

തിരുവല്ലയിൽ വിഭാഗീയതയുടെ ജീർണത ബാധിച്ചവർ വിഭാഗീയ താൽപര്യം സംരക്ഷിക്കാൻ പാർട്ടിക്കാകെ അപമാനമുണ്ടാക്കുന്ന നിലയിൽ ഇടപെട്ടിരുന്നതായി പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ടായി. സംഘപരിവാർ സംഘടനകളിൽനിന്നും സിപിഎമ്മിലേക്ക് ചേക്കേറുന്നവരുടെ പശ്ചാത്തലം ഗൗരവതരമായി പരിശോധിക്കണമെന്ന് പ്രതിനിധി സമ്മേളനത്തിലെ ചർച്ചയ്ക്കിടെ ആവശ്യമുയർന്നു. 

‘അടൂർ’ ജില്ലാ സമ്മേളനമെന്ന്; ചിരിയടക്കാതെ ഗോവിന്ദൻ
ചർച്ചയ്ക്കിടെ ബഹളം. പ്രസീഡിയം ആവർത്തിച്ച് ഇടപെട്ടാണ് പ്രതിനിധികളെ ശാന്തരാക്കി സമ്മേളനം തുടർന്നത്. അടൂർ ഏരിയ കമ്മിറ്റിയിൽ നിന്നുള്ള മുതിർന്ന അംഗം അഭിപ്രായം പറഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ജില്ലയിലെ ബഹുജന സംഘടനകളുടെ ഭാരവാഹിത്വത്തിൽ അടൂരിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം അഭിമാനകരമാണെന്നും ജില്ലയിലെ നേതൃത്വം അടൂരാണെന്നും ഇദ്ദേഹം പറഞ്ഞു. 

അടൂരിൽ നിന്നുള്ള മറ്റൊരു പ്രതിനിധി എഴുന്നേറ്റ് സമ്മേളനത്തിലെ ചർച്ച ഈ രീതിയിൽ അല്ല നടക്കേണ്ടതെന്ന് വ്യക്തമാക്കി. ഇത് മറ്റ് ഏരിയകളിലെ പ്രതിനിധികളും ഏറ്റുപിടിച്ചതോടെ ബഹളമായി. അടൂർ ജില്ലാ സമ്മേളനം എന്ന് കൂടി പറയൂ എന്ന് പ്രതിനിധികളിൽ ചിലർ വിളിച്ച് പറഞ്ഞു. ഇതുകേട്ടപ്പോൾ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ചിരിയടക്കാനായില്ല.

English Summary:

M.V. Govindan's criticism exposes significant organizational failures within the CPM's Konni district. The state secretary highlighted a lack of effective organizational work during the recent Lok Sabha elections, prompting a review by the state committee.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com