ADVERTISEMENT

തിരുവനന്തപുരം ∙ യഥാർഥ മെട്രോ നഗരമാകാൻ തലസ്ഥാനം തയാറെടുക്കുന്നു. രണ്ടു പതിറ്റാണ്ടു മുൻപു തന്നെ ചർച്ചകൾ തുടങ്ങുകയും 10 വർഷം മുൻപ് ആദ്യമായി വിശദ പദ്ധതി രേഖ തയാറാക്കുകയും ചെയ്ത മെട്രോ പദ്ധതി പല കടമ്പകൾ കടന്നാണ് യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. തലസ്ഥാനത്തിനു ലൈറ്റ് മെട്രോ മതിയെന്ന പഴയ വാദങ്ങളെ തള്ളിയാണ് പദ്ധതി നടപ്പാക്കുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) കൊച്ചിയിലും ഡൽഹിയിലും ഉൾപ്പെടെ നടപ്പാക്കിയ യഥാർഥ മെട്രോ ലൈൻ തന്നെയാണ് തലസ്ഥാനത്തിനും വേണ്ടതെന്ന് ഉറപ്പിച്ചത്. അതിനു കാരണമായത് കഴിഞ്ഞ വർഷം തയാറാക്കിയ സമഗ്ര ഗതാഗത പദ്ധതി (സിഎംപി) റിപ്പോർട്ട് ആണ്. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) ഈ മാസം വിശദമായ പദ്ധതി രേഖ സമർപ്പിക്കുമെന്നാണു വിവരം.

തിരുവനന്തപുരം നഗരം എന്ന ചുറ്റുവട്ടത്തു നിന്ന് തലസ്ഥാന നഗരം വിശാലമായി സമീപ പഞ്ചായത്തുകളും കടന്ന് അടുത്തുള്ള മുനിസിപ്പാലിറ്റികളിലേക്കു വളരുമ്പോൾ ഗതാഗത ആവശ്യങ്ങളും വളരുകയാണ്. രാജ്യത്തു ജനസംഖ്യാടിസ്ഥാനത്തിൽ വലിയ നഗരങ്ങളുടെ പട്ടികയിലാണെങ്കിലും മറ്റു പല വൻ നഗരങ്ങളിലുമുള്ള പൊതുഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് ഇനിയും എത്തിയിട്ടില്ല. സിഎംപി റിപ്പോർട്ട് പ്രകാരം തലസ്ഥാനത്തു യാത്ര ചെയ്യുന്നതിൽ 55% പേരും സ്വന്തം കാർ അല്ലെങ്കിൽ ഇരുചക്ര വാഹനമാണ് ഉപയോഗിക്കുന്നത്. 29% പേർ മാത്രമാണ് ബസും ഓട്ടോറിക്ഷയും ഉൾപ്പെടെ പൊതുഗതാഗ സംവിധാനങ്ങളെ ആശ്രയിക്കുന്നത്.

രണ്ട് ഇടനാഴികൾ ആദ്യഘട്ടത്തിൽ
മെട്രോ ലൈനിനു വേണ്ടി പൊതു ഗതാഗത സംവിധാനത്തിൽ ഉയർന്ന ആവശ്യകതയുള്ള 2 യാത്രാ ഇടനാഴികൾ (ടിഒഡി) ആണ് തലസ്ഥാനത്ത് സിഎംപി റിപ്പോർട്ട് ശുപാർശ ചെയ്തത്.

∙ ദേശീയപാത 66 ൽ മംഗലപുരം മുതൽ നെയ്യാറ്റിൻകര വരെ– 38.1 കിലോമീറ്റർ
∙ എൻഎച്ച് ബൈപാസിൽ കഴക്കൂട്ടം മുതൽ വിഴിഞ്ഞം വരെ – 29 കിലോമീറ്റർ

ഇതിൽ ആദ്യഘട്ടത്തിൽ മെട്രോ ലൈൻ പൂർത്തിയാക്കേണ്ടത്
∙ ടെക്നോസിറ്റി – പള്ളിച്ചൽ (കരമന, നേമം വഴി) – 27.4 കിലോമീറ്റർ
∙ കഴക്കൂട്ടം – കിള്ളിപ്പാലം (ഈഞ്ചയ്ക്കൽ വഴി) – 14.7 കിലോമീറ്റർ. ഇതിൽ ഈഞ്ചയ്ക്കൽ മുതൽ കിള്ളിപ്പാലം വരെ ഭൂഗർഭ ലൈൻ ആണ് ശുപാർശ ചെയ്തിരിക്കുന്നത്.

രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കേണ്ടത്
∙ പള്ളിച്ചൽ – നെയ്യാറ്റിൻകര : 11.1 കി.മീ
∙ ടെക്നോസിറ്റി – മംഗലപുരം : 3.7 കി.മീ
∙ ഈഞ്ചയ്ക്കൽ – വിഴിഞ്ഞം : 14.7 കി.മീ

13 മൾട്ടി മോഡൽ മൊബിലിറ്റി ഹബുകൾ
‌മെട്രോ നിർമിക്കുമ്പോൾ ബസ്, ട്രെയിൻ, വിമാനം, ഫെറി തുടങ്ങിയ യാത്രാ സൗകര്യങ്ങൾ ലഭ്യമാകുന്ന 5 മേജർ മൾട്ടി മോഡൽ മൊബിലിറ്റി ഹബുകളും 8 മൈനർ ഹബുകളും നിർമിക്കണമെന്നാണു നിർദേശം. ഒന്നും രണ്ടും ഘട്ടങ്ങളിലായി മേജർ ഹബുകളും രണ്ടും മൂന്നും ഘട്ട വികസനത്തിൽ മൈനർ ഹബുകളും നിർമിക്കണം

ആദ്യ ഘട്ടത്തിലെ മേജർ മൊബിലിറ്റി ഹബുകൾ: തമ്പാനൂർ റെയിൽവേ ആൻഡ് ബസ് ടെർമിനസ് (മെട്രോ,ബസ്, റെയിൽവേ), കൊച്ചുവേളി (മെട്രോ, ബസ്, റെയിൽവേ, ഫെറി), തിരുവനന്തപുരം വിമാനത്താവളം (മെട്രോ, ബസ്, റെയിൽവേ ഫെറി), ടെക്നോപാർക് (മെട്രോ, ബസ്)

രണ്ടാം ഘട്ടത്തിലെ മേജർ മൊബിലിറ്റി ഹബ്: നേമം (മെട്രോ, ബസ്, ട്രെയിൻ)
രണ്ടാം ഘട്ടത്തിലെ മൈനർ ഹബുകൾ: ഉള്ളൂർ (മെട്രോ, ബസ്), തിരുവല്ലം (ബസ്, ഫെറി), കിള്ളിപ്പോലം (മെട്രോ, ബസ്, ഫെറി), കഴക്കൂട്ടം (മെട്രോ, ബസ്)
മൂന്നാം ഘട്ടത്തിലെ മൈനർ ഹബുകൾ: യൂണിവേഴ്സിറ്റി (മെട്രോ, ബസ്), ആനയറ (ബസ്, ഫെറി), വിഴിഞ്ഞം (മെട്രോ, ബസ്), നെയ്യാറ്റിൻകര (മെട്രോ, ബസ്)

30 വർഷത്തിനുള്ളിൽ തിരക്ക് മണിക്കൂറിൽ 20000 യാത്രക്കാർ വരെ
തിരക്കുള്ള മണിക്കൂറിൽ ഒരു ദിശയിലേക്ക് യാത്ര ചെയ്യുന്ന പരമാവധി യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് മെട്രോ ലൈൻ വേണമെന്ന തീരുമാനത്തിലേക്ക് കെഎംആർഎൽ എത്തിയത്. ആദ്യഘട്ടത്തിൽ ശുപാർശ ചെയ്തിട്ടുള്ള രണ്ട് ഇടനാഴികളിലും ഒരു ദിശയിലേക്ക് തിരക്കുള്ള മണിക്കൂറുകളിൽ 5000–20000 പേർ വരെ ഭാവിയിൽ യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇത്തരം സ്്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മെട്രോ മാതൃക തന്നെ പ്രയോജനപ്പെടുത്താമെന്നാണ് സിഎംപി റിപ്പോർട്ട് സൂചിപ്പിച്ചത്. ഭാവിയിൽ ഹൈ ഡിമാൻഡ് റൂട്ട് ഉൾപ്പെടുന്ന എംസി റോഡ്, പേരൂർക്കട റോഡ്, പേയാട് റോഡ്, പോത്തൻകോട് റോഡ് തുടങ്ങിയ ഭാഗത്തേക്കും മെട്രോ നീട്ടണം.

2051 ൽ
ഒന്നാം ഘട്ടത്തിൽ നിർമിക്കുന്ന ഭാഗത്ത് തിരക്കുള്ള സമയത്ത് ഒരു മണിക്കൂറിൽ യാത്ര ചെയ്യുന്നവർ
∙ ടെക്നോ സിറ്റി – പള്ളിച്ചൽ റൂട്ടിൽ നിലവിൽ തിരക്കുള്ള മണിക്കൂറുകളിൽ ഒരു ദിശയിലേക്ക് 10580 പേർ സഞ്ചരിക്കുന്നു. 2051 ൽ ഇത് 19747 ആയി വർധിക്കും.
∙ കഴക്കൂട്ടം – ഈഞ്ചയ്ക്കൽ – കിള്ളിപ്പാലം റൂട്ടിൽ നിലവിൽ ഒരു ദിശയിലേക്ക് മണിക്കൂറിൽ 3031 പേർ യാത്ര ചെയ്യുന്നു. 2051 ൽ ഇത് 6513 ആയി വർധിക്കും

English Summary:

Two corridors, 13 multi-model mobility hubs; When Thiruvananthapuram is preparing to become a metro city..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com