ലിജിയുടെ മാല കവർന്ന സംഭവം: ആറര പവന്റെ മാലയ്ക്കു പകരം എഴു പവൻ മാല സമ്മാനിച്ച് ബോബി ചെമ്മണൂർ
Mail This Article
പാറശാല ∙ ബൈക്കിൽ എത്തിയവർ പൊട്ടിച്ചു കടന്ന ആറര പവന്റെ മാലയ്ക്കു പകരം യുവതിക്കു എഴു പവൻ മാല സമ്മാനിച്ച് വ്യവസായി ബോബി ചെമ്മണൂർ. കഴിഞ്ഞ തിങ്കൾ ഉച്ചയ്ക്കു 11ന് പ്ലാമൂട്ടുക്കട–പൂഴിക്കുന്ന് റോഡിൽ ആണ് വിരാലി ചെറിയ കണ്ണുകുഴി വീട്ടിൽ ലിജിദാസ് (31) ന്റെ മാല ആണ് കവർന്നത്. ഡ്രൈവിങ് പരിശീലകയായ ലിജി സ്പെയർ പാർട്സ് കടയിൽ നിന്ന് സാധനം വാങ്ങാൻ സ്കൂട്ടർ റോഡ് വശത്തേക്ക് ഒതുക്കുന്നതിനിടയിൽ ബൈക്കിൽ എത്തിയവർ മാല പൊട്ടിക്കാൻ ശ്രമം നടത്തി.
ഇതോടെ സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബൈക്കിൽ നിന്ന് ഇറങ്ങിയ യുവാവ് ബലമായി മാല പൊട്ടിക്കുകയും മതിലിന്റെ ഭാഗത്തേക്ക് ലിജിയെ തള്ളി വീഴ്ത്തുകയും ചെയ്തു. വീഴ്ചയിൽ ലിജിക്കു കാലിനും കഴുത്തിനും പരുക്കേറ്റിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. വർഷങ്ങൾ നീണ്ട അധ്വാനത്തിൽ നിന്ന് മിച്ചം പിടിച്ച തുക കൊണ്ട് വാങ്ങിയ മാല തിരിച്ച് നൽകണമെന്ന യുവതിയുടെ അഭ്യർഥന മനോരമയിൽ നിന്ന് വായിച്ച് അറിഞ്ഞാണ് വ്യവസായി മാല നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ജ്വല്ലറി ജീവനക്കാർ വീട്ടിൽ എത്തി മാല കൈമാറി.
അന്ന് സംഭവിച്ചത്....
എതിർവശത്തുളള സ്പെയർപാർട്സ് കടയിലേക്ക് തിരിയാൻ സ്കൂട്ടർ റോഡ് വശത്തേക്ക് ഒതുക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവ് ലിജിയുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാലയിൽ പിടിച്ചു. ഇതോടെ സ്കൂട്ടർ ഉപേക്ഷിച്ച് ലിജി മറുവശത്തേക്ക് ചാടി. എങ്കിലും ബൈക്കിൽ നിന്ന് ഇറങ്ങിയ യുവാവ് പാഞ്ഞെത്തി വീണ്ടും സ്വർണ മാലയിൽ പിടികൂടി.
പ്രതിരോധിക്കാൻ ലിജി ശ്രമിച്ചെങ്കിലും മതിലിനടുത്തേക്ക് ഇവരെ വലിച്ചെറിഞ്ഞ ശേഷം ഞൊടിയിടയിൽ പൊട്ടിച്ചു കടന്നു. യുവതിയുടെ നിലവിളി കേട്ട് ആളുകൾ എത്തിയപ്പോഴേക്കും ഇവർ രക്ഷപ്പെട്ടു. സംഭവത്തിൽ പൊഴിയൂർ പൊലീസിൽ പരാതി നൽകിയിരുന്നു. വിരാലിയിലെ ശാലോം ഡ്രൈവിങ് സ്കൂളിലെ പരിശീലന ജോലിയിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ടാണ് അടുത്തിടെ മാല വാങ്ങിയത്. ഭർത്താവ് കൂലിപ്പണിക്കാരനാണ്.