ADVERTISEMENT

തിരുവനന്തപുരം ∙ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിനുള്ളിൽ മറ്റു 3 ലോക്സഭാ മണ്ഡലങ്ങളുടെ പേരുള്ള സ്ഥലങ്ങൾ. അതും 5 കിലോമീറ്റർ ചുറ്റളവിൽ. കോഴിക്കോട്, ആലത്തൂർ, വടകര എന്നിവയാണ് ആ ‘മണ്ഡലങ്ങൾ’. പാറശാല നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളായ കുന്നത്തുകാലിന്റെയും പെരുങ്കടവിളയുടെയും അതിർത്തി പ്രദേശമാണു കോഴിക്കോട്. പെരുങ്കടവിള പഞ്ചായത്തിലെ വാർഡാണ് ആലത്തൂർ.

ഇതേ പഞ്ചായത്തിലെ മാരായമുട്ടത്തിന് അടുത്തുള്ള വാർഡാണ് വടകര. കേരള രൂപീകരണത്തിനു മുൻപുതന്നെ ഈ നാടുകൾ ഇതേ പേരിലാണ് അറിയപ്പെടുന്നത്. കുന്നത്തുകാൽ പഞ്ചായത്തിലെ ഒരു പോസ്റ്റോഫിസിന്റെ പേര്: കോട്ടയ്ക്കൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്ഥലപ്പേര് എങ്ങനെ തിരുവനന്തപുരത്തു നിന്നു 35 കിലോമീറ്റർ തെക്കുള്ള പ്രദേശത്ത് എത്തിയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരമില്ല.

പെരുങ്കടവിളയ്ക്കു സമീപമുള്ള ആങ്കോട് മഹാദേവർ ക്ഷേത്രവുമായി പേരുകൾക്കു ബന്ധമുണ്ടെന്നാണു കരുതുന്നത്. ഈ ക്ഷേത്രത്തിൽ പൂജാരിമാരായി വടക്കൻ കേരളത്തിൽ നിന്നുള്ളവർ എത്തിയിരുന്നു. ഇവരെ  വടകരക്കാർ, കോഴിക്കോട്ടുകാർ, ആലത്തൂ‍ർക്കാർ, കോട്ടയ്ക്കൽക്കാർ എന്നു വിളിച്ചിരുന്നത്രെ. വിഖ്യാത കഥകളി ആചാര്യൻ ഈശ്വര പിള്ള വിചാരിപ്പുകാരുടെ ജീവിതകഥയോടു ചേർത്താണ് ഈ വിശദീകരണം ഉണ്ടായിരിക്കുന്നത്. 1852ൽ, കേരളത്തിലെ ആദ്യത്തെ മതനിരപേക്ഷ പുസ്തകപ്രസാധന സ്ഥാപനമായ കേരള വിലാസം ആരംഭിച്ചത് ഈശ്വര പിള്ളയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com