കനകരാജിന്റെ ജീവനെടുത്തത് 30 വർഷം പഴക്കമുള്ള പാലം; നാടിനെ കണ്ണീരിലാഴ്ത്തി വിയോഗം
Mail This Article
വിതുര ∙ അടിപറമ്പ് ജഴ്സി ഫാമിനു സമീപം മക്കി തോടിനു കുറുകെയുള്ള 30 വർഷത്തോളം പഴക്കമുള്ള പാലമാണ് ക്ഷീര കർഷകൻ മരുതാമല അടിപറമ്പ് അരുൺ ഭവനിൽ കനകരാജിന്റെ ജീവനെടുത്തത്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ അന്നത്തെ പദ്ധതി പ്രകാരം സ്വകാര്യ പുരടിയത്തിലേക്ക് കൂടി പോകാനായിട്ടാണ് പാലം പണിതത്. അന്ന് ഇരുപതിനായിരത്തോളം രൂപ മുടക്കിയെന്നാണ് വിവരം. പൊതു വഴിയിലേക്കോ ഇടത്തിലേക്കോ പോകേണ്ട വഴിയിൽ അല്ല പാലം. തൊട്ടടുത്ത പുരയിടത്തിലേക്കു പോകുന്നവരും പണിക്കാരും മറ്റുമാണ് പാലം സ്ഥിരമായി ഉപയോഗിക്കുന്നത്. അതിനാൽ പാലത്തിന്റെ ബലക്ഷയം പരിസരവാസികൾ കാര്യമായി ഗൗനിച്ചിരുന്നില്ല.
കനകരാജ് ദിവസവും ഈ പാലത്തിലൂടെ യാത്ര ചെയ്തിരുന്നു. തന്റെ പശുക്കളെയും പാലം കടത്തിയിരുന്നു. തൊട്ടടുത്ത പുരയിടത്തിൽ ആയിരുന്നു കനകരാജ് പതിവായി പശുക്കളെ മേയാനായി കെട്ടിയിരുന്നത്. പാലം ഉപയോഗിക്കുന്നവരുടെ എണ്ണം കുറവായതിനാൽ പുനർനിർമാണത്തിനോ മറ്റൊരു പദ്ധതി പ്രകാരം പുതിയ പാലം നിർമിക്കുന്നതിനോ ഉള്ള ശ്രമം നടന്നിരുന്നില്ല. കനകരാജിനൊപ്പം തോട്ടിൽ വീണ പശു ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവനായിരുന്നു ലോറി ഡ്രൈവർ കൂടിയായ കനകരാജിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. മൃതദേഹം ഇന്നലെ വൈകിട്ടോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടു വളപ്പിൽ സംസ്കരിച്ചു.