പ്രധാനമന്ത്രി 15ന് കാട്ടാക്കടയിൽ: ക്രിസ്ത്യൻ കോളജിലെ മതിൽ 2 ഭാഗത്ത് പൊളിച്ചു; പാർക്കിങ് നിരോധിച്ചു
Mail This Article
കാട്ടാക്കട ∙ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി 15ന് കാട്ടാക്കടയിലെത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ക്രിസ്ത്യൻ കോളജ് മൈതാനിയിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലെ അരലക്ഷം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം തുടങ്ങുന്നതിനു 2 മണിക്കൂർ മുൻപ് പ്രവർത്തകർ കോളജ് അങ്കണത്തിൽ പ്രവേശിക്കണം.
ചാരുപാറയ്ക്ക് സമീപം സ്വകാര്യ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം കോളജ് മൈതാനിയിലെത്തും. പട്ടണത്തിൽ റോഡ് ഷോ നടത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. എസ്പിജി സംഘത്തിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും റോഡ് ഷോ എന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന വിവരം. പ്രധാനമന്ത്രി ഇറങ്ങേണ്ട സ്വകാര്യ ഗ്രൗണ്ടിലെ ഹെലിപാഡിൽ ട്രയൽ റൺ നടത്തി. വാഹന വ്യൂഹത്തിന്റെ ട്രയൽ റൺ 14ന് നടക്കും.
പട്ടണത്തിൽ പാർക്കിങ് പൂർണമായും നിരോധിച്ചു. പൊതുസമ്മേളനം നടക്കുന്ന ക്രിസ്ത്യൻ കോളജിലെ മതിൽ 2 ഭാഗത്ത് പൊളിച്ചു. പ്രവർത്തകർക്ക് തിക്കും തിരക്കും ഇല്ലാതെ പൊതുസമ്മേളന വേദിയിലെത്തുന്നതിനാണ് മതിൽ പൊളിച്ചത്.
പ്രധാനമന്ത്രി വരുന്നത് പ്രമാണിച്ച് 15ന് രാവിലെ 10 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒരു വാഹനവും പൊതു സമ്മേളനം നടക്കുന്ന കോളജ് റോഡിലേക്ക് കടത്തി വിടില്ല. പട്ടണത്തിലും പരിസര പ്രദേശങ്ങളിലും കർശനമായ സുരക്ഷ പരിശോധനകൾ നടക്കുന്നു. പൊലീസ്, എസ്പിജി, എൻഎസ്ജി വിഭാഗങ്ങളുടെ നിരീക്ഷണത്തിലാണ് പട്ടണവും പരിസര പ്രദേശങ്ങളും.
പട്ടണത്തിൽ മുടിപ്പുര ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കമാനങ്ങൾ നീക്കണമെന്ന് ആദ്യം സുരക്ഷ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. പൊലീസ് ഇതനുസരിച്ച് ഭാരവാഹികൾക്ക് കത്ത് നൽകി. ബിജെപി നേതൃത്വം ഇടപെട്ടതോടെ കമാനങ്ങൾ നീക്കേണ്ടതില്ലെന്ന നിലപാടിൽ സുരക്ഷാ വിഭാഗം എത്തി.