രോഗിയെ നേരെ മയക്കുക പോലും ചെയ്യാതെ ശസ്ത്രക്രിയകൾ; ‘ഹൃദയം നുറുക്കുന്ന രഹസ്യങ്ങൾ’
Mail This Article
തിരുവനന്തപുരം∙ നമ്മൾ കാണാത്ത ആയിരം മുറിവുകളിലൂടെ കടന്നുപോകുന്നവരാണ് ഡോക്ടർമാർ. അവരുടെ മനസ്സിനെ മുറിപ്പെടുത്തിക്കൊണ്ട് തന്നെ ചെയ്യേണ്ടിവരുന്ന ചില വെളിപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഭയപ്പെടുത്തുന്നതു കൂടിയാണ്. ഒപ്പം ആ വാക്കുകൾ വിരൽചൂണ്ടുന്നത് സർക്കാരിന്റെ സംവിധാനത്തിലെ ജീർണതയിലേക്കും. അനസ്തീസിയ വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രധാന പ്രശ്നം. 35 ഡോക്ടർമാർ ഉൾപ്പെടുന്ന അനസ്തീസിയ വിഭാഗം മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപത്രിയിലും കണ്ണാശുപത്രിയിലും വരെ ഓടിച്ചെല്ലേണ്ടി വരുന്നു.
ഇൗ ജോലിഭാരം കൊണ്ട് സംഭവിക്കുന്ന ഗുരുതരമായ പ്രശ്നം ആരോഗ്യവകുപ്പിലെ പലവട്ടം അറിയിച്ചിട്ടുണ്ടെങ്കിലും ഇതൊക്കെ കേൾക്കാതിരിക്കാനും കാണാതിരിക്കാനും കൂടിയുള്ളതാണെന്ന നിലപാടിലാണ് വകുപ്പ് മേധാവികൾ. ശസ്ത്രക്രിയകൾക്ക് സമയത്ത് അനസ്തെറ്റിസ്റ്റിനെ കിട്ടാത്തതിൽ സർജറികൾ നിരന്തരം മാറ്റി വയ്ക്കേണ്ടി വരുന്നു. ഒരു നിവൃത്തിയില്ലാതെ വരുമ്പോൾ സർജൻ തന്നെ അനസ്തീസിയ നൽകി രോഗിയെ മയക്കേണ്ടിയും വരുന്നു. ഇതൊക്കെ പ്രോട്ടോക്കോൾ ലംഘനമാണ്. ഒരു ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായ വെളിപ്പെടുത്തൽ ഏറ്റവും ഭയാനകമാണ്. കാലും കയ്യും നീക്കം ചെയ്യേണ്ട സർജറിക്കു പോലും അനസ്തെറ്റിസ്റ്റിനെ കിട്ടാതെ വരുമ്പോൾ ലോക്കൽ അനസ്തീസിയ നൽകി രോഗിയെ പകുതി മയക്കി പച്ചയ്ക്ക് അവയവം മുറിച്ചു മാറ്റേണ്ടി വരുന്ന സാഹചര്യം പോലും മെഡിക്കൽ കോളജാശുപത്രിയിൽ ഉണ്ടെന്നായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തൽ. ഇതൊക്കെ പുറത്തറിഞ്ഞാൽ പുകിലാകുമെന്നതിനാൽ എല്ലാം രഹസ്യം.
അനസ്തീസിയ വിഭാഗത്തിലെ ഡോക്ടർമാരുടെ പുനഃക്രമീകരണം കൊണ്ടുതന്നെ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാമെങ്കിലും അതിലൊക്കെ രാഷ്ട്രീയവും ഡോക്ടർമാരുടെ സംഘടനാവാദവുമൊക്കെ തടസ്സമാകുന്നുവെന്നും ഡോക്ടർമാർ തന്നെ പറയുന്നു. പ്രധാനപ്പെട്ട യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി, ന്യൂറോ സർജറി എന്നിവിടങ്ങളിൽ ഏറ്റവും സങ്കീർണമായ ശസ്ത്രകിയ നടക്കുന്ന സ്ഥലത്ത് പോലും അനസ്തീസിയ വിഭാഗം പ്രഫസറുടെ സേവനം ഇല്ല. എമർജൻസി തിയറ്ററിൽ അഞ്ച് ടേബിളുകളിൽ മൂന്ന് ടേബിളുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളു. 2 ടേബിളിൽ സർജറി നടക്കുന്നില്ല. അനസ്തെറ്റിസ്റ്റ് ഇല്ലെന്നതാണ് കാരണം. എന്നാൽ അധികം തിരക്കില്ലാത്ത മൾട്ടി സ്പെഷ്യൽറ്റി വിഭാഗത്തിൽ പ്രഫസറെ നിയമിച്ചിട്ടുമുണ്ട്.
കന്റീനോ അഴുക്കുചാലോ?
രണ്ടാം വാർഡിന്റെ സമീപത്ത് കന്റീൻ പ്രവർത്തിക്കുന്നു. ഡോക്ടർമാരും നഴ്സുമാരും രോഗികളുമൊക്കെ കഴിക്കുന്ന കന്റീൻ തൊഴുത്തിനെക്കാൾ കഷ്ടമാണെന്ന് ഡോക്ടർമാരും രോഗികളും ഒരു പോലെ പറയുന്നു.പാവപ്പെട്ട രോഗികളോട് കരാറെടുത്തവരുടെ ദേഷ്യവും അസഭ്യം പറച്ചിലും പരസ്യമായിട്ടാണ്.
വട മുതൽ യാത്ര വരെ ഫ്രീ !
മെഡിക്കൽ കോളജിലെ 80ശതമാനം ഡോക്ടർമാരും രോഗീപരിചരണത്തിൽ വെള്ളം ചേർക്കാതെ കഠിനാധ്വനം ചെയ്യുന്നു. എന്നാൽ 20% ഡോക്ടർമാരുടെ ഇടപാട് ഇത്തരത്തിൽ അല്ലെന്ന് പറയുന്നത് വിജിലൻസ് വിഭാഗമാണ്. ഒരു ഡിപ്പാർട്മെന്റിൽ വടയും ചായയും വരെ സമയാസമയം എത്തിക്കുന്നത് മരുന്നു കമ്പനിയാണ്. ചെറുകടിയിൽ കാര്യങ്ങൾ അവസാനിക്കുന്നില്ല. ചിലരുടെ വിദേശ യാത്രകളുടെ പിന്നാമ്പുറം ചികഞ്ഞാൽ അതിൽ മരുന്നു കമ്പനികളുടെ ബന്ധം കിട്ടും. അത് നേരിട്ട് പണം നൽകിയില്ല,ഡോക്ടറുടെ ട്രാവൽ ഏജൻസിയുടെ ബില്ലിടപാടുകൾ മുഴുവൻ മരുന്നുകമ്പനി വഴി. ചില ഡോക്ടർമാരുടെ വീട്ടിലെ സ്വകാര്യ പരിപാടികൾ വരെ നടത്തുന്നതും മരുന്നു കമ്പനികൾ. ഇതിനൊക്കെ മരുന്നുകമ്പനിക്കെന്താണ് ചെയ്തു കൊടുക്കേണ്ടത്? രോഗിക്ക് ആവശ്യമില്ലാത്ത മരുന്നുവരെ കുറിക്കും. കഴിക്കേണ്ട സമയപരിധിയും നീട്ടും.
നാളെ: മഞ്ഞക്കാർഡ് എന്ന ദുരിതം
നിങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ നാളെ മറ്റൊരാൾക്ക് ഉണ്ടാകാതിരിക്കാൻ അത് അധികാരികൾ അറിയേണ്ടതുണ്ട്. വാട്സാപ്പിൽ അവ അറിയിക്കാം 9846061053