തിരുവനന്തപുരം ∙ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ചരിത്രം മാറ്റിയെഴുതുമെന്ന് മുന്നണി നേതൃത്വം പ്രചരിപ്പിച്ചു. സാധാരണക്കാരുമായുള്ള ബന്ധവും പൊതുസ്വീകാര്യതയുമൊക്കെ വോട്ടാകുമെന്നു നേതാക്കൾ പ്രതീക്ഷിച്ചു. തിരഞ്ഞെടുപ്പുപോരിന്റെ ചിത്രം വ്യക്തമാകുന്തോറും പന്ന്യൻ കളത്തിനു പുറത്തേക്കു നീങ്ങിക്കൊണ്ടിരുന്നു.
കോൺഗ്രസിലെ ശശി തരൂരും ബിജെപിയിലെ രാജീവ് ചന്ദ്രശേഖറും നേരിട്ടുള്ള പോര് ഏറ്റെടുത്തു. എങ്കിലും പാറശാല, നെയ്യാറ്റിൻകര, കോവളം നിയോജകമണ്ഡലങ്ങളിൽ ഇടതുമുന്നണി പ്രചാരണം പൊടിപാറിച്ചു. ഒടുവിൽ ഫലം വന്നപ്പോൾ തരൂരിനെക്കാൾ 110507 വോട്ടിനും രാജീവിനേക്കാൾ 94430 വോട്ടുകൾക്കും പിന്നിലായി പന്ന്യൻ.
തിരുവനന്തപുരം പിടിച്ച ഒടുവിലത്തെ സിപിഐ സ്ഥാനാർഥി പന്ന്യൻ ആയിരുന്നു, 2005ൽ. പി.കെ.വാസുദേവൻ നായർ അന്തരിച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പു കേരള രാഷ്ട്രീയത്തെ തന്നെ മുൾമുനയിൽ നിർത്തി.
കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ മുൻ മുഖ്യമന്ത്രി കെ.കരുണാകരനും മക്കളായ കെ.മുരളീധരനും പത്മജ വേണുഗോപാലും പന്ന്യനു വേണ്ടി രംഗത്തിറങ്ങി. കോൺഗ്രസിന്റെ സ്ഥാനാർഥി വി.എസ്.ശിവകുമാറിനും പിടിച്ചു നിൽക്കാനായില്ല. പന്ന്യന്റെ ഭൂരിപക്ഷം 74200.
ഇത്തവണ തിരഞ്ഞെടുപ്പിൽ അന്നത്തെ ചിത്രമാകെ മാറിമറിഞ്ഞതു കാണാം. തൃശൂരിൽ സിപിഐ സ്ഥാനാർഥി വി.എസ്.സുനിൽ കുമാറിനും പിന്നിലായി മുരളീധരൻ. കോൺഗ്രസിലെ തരൂരിനോടു പന്ന്യൻ തോറ്റു. അന്നു വിജയിച്ചെത്തിയ പന്ന്യനു ലഡു കൊടുത്ത പത്മജ വേണുഗോപാലാകട്ടെ ബിജെപിയിൽ!
2009ൽ തരൂർ ആദ്യമായി മത്സരിക്കുമ്പോൾ സിപിഐ സ്ഥാനാർഥി പി.രാമചന്ദ്രൻ നായർ ആയിരുന്നു. തരൂർ 99989 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചപ്പോൾ രാമചന്ദ്രൻ നായർ രണ്ടാം സ്ഥാനത്ത് (വോട്ട്:226727). ബിജെപിയുടെ പി.കെ.കൃഷ്ണദാസിന് 84,094 വോട്ടുകളേ ലഭിച്ചുള്ളൂ. ഈ തിരഞ്ഞെടുപ്പിനുശേഷം തിരുവനന്തപുരത്ത് സിപിഐയ്ക്ക് രണ്ടാം സ്ഥാനത്തുപോലും എത്താൻ സാധിച്ചിട്ടില്ല.
2014ൽ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാർഥി ഒ.രാജഗോപാലിന് 2,82,336 വോട്ടും സിപിഐ സ്ഥാനാർഥി ബെനറ്റ് ഏബ്രഹാമിന് 2,48,941 വോട്ടുമാണു ലഭിച്ചത്. ബിജെപിയെക്കാൾ സിപിഐയ്ക്ക് 33,395 വോട്ടിന്റെ കുറവ്. തരൂരിനു ലഭിച്ച ഭൂരിപക്ഷം 15470 വോട്ടുകൾ. 2019ൽ സിപിഐയിലെ സി.ദിവാകരനെക്കാൾ ബിജെപിയിലെ കുമ്മനം രാജശേഖരനു 57586 വോട്ടുകൾ കൂടുതൽ ലഭിച്ചു. ആ അന്തരമാണു വളർന്ന് ഇപ്പോൾ ഒരു ലക്ഷത്തിന് അടുത്തേക്ക് എത്തിയത്.
കേരള തലസ്ഥാനത്ത് ബിജെപി ശക്തി പ്രാപിച്ചുവരുന്നതും ഇടതു സ്ഥാനാർഥികൾ സ്ഥിരമായി തോൽക്കുന്നതും മുന്നണിക്കു തലവേദനയാണ്. ബിജെപിയെ പ്രതിരോധിക്കുന്നത് ഇടതാണെന്ന വാദത്തെ തിരുവനന്തപുരം കൊണ്ടു തോൽപിക്കാൻ കോൺഗ്രസിനാകും. ഈ തിരഞ്ഞെടുപ്പിൽ തന്നെ ശക്തി തെളിയിക്കാൻ സിപിഎം ഒരുക്കമായിരുന്നു.
തിരുവനന്തപുരം മണ്ഡലം വിട്ടുകിട്ടണമെന്ന ആഗ്രഹം സിപിഎമ്മിൽ ഉണ്ടായപ്പോൾ പകരം കൊല്ലം മണ്ഡലം ചോദിക്കാനായിരുന്നു സിപിഐയുടെ ആലോചന. പക്ഷേ, അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് സിപിഎം തയാറല്ല. പന്ന്യന്റെ പരാജയം സിപിഐ നേതൃത്വത്തെ അത്ഭുതപ്പെടുത്താത്തതിനാൽ പാർട്ടിക്കുള്ളിൽ അതൊരു പ്രശ്നമായി ഉരുത്തിരിയാൻ സാധ്യതയില്ല.
പക്ഷേ, ഈ നിലയ്ക്കുപോയാൽ വരും തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കളിയിൽ കാഴ്ചക്കാരായി തുടരേണ്ടിവരുമെന്ന ചിന്ത പാർട്ടിയെ വിഷമിപ്പിക്കുന്നുണ്ട്. അതിനു പരിഹാരമായ തിരുത്തലുകളിലേക്ക് സിപിഐ മാത്രമല്ല, മുന്നണിക്കാകെ കടക്കേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.