ADVERTISEMENT

തൃശൂർ∙രണ്ടു തോൽവികളിൽനിന്ന് ഊതിക്കാച്ചിയെടുത്തതാണു സുരേഷ് ഗോപിയുടെ ജയം. അതിനായി സുരേഷ് ഗോപിയും ബിജെപിയും നടത്തിയ  കഠിനാധ്വാനം സമാനതകളില്ലാത്തതാണ്. 2019ലെ ലോക്‌സഭാ തിര‍ഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ തോറ്റ സുരേഷ് ഗോപി ആദ്യം ചെയ്തതു താമസം തൃശൂരിലേക്കു മാറ്റുകയാണ്. കേന്ദ്ര നേതൃത്വംപോലും അറിയാതെ സുരേഷും ബിജെപി ജില്ലാ നേതൃത്വവും ചെയ്തത് എങ്ങനെ തോറ്റു എന്നു കണ്ടെത്തുകയാണ്. അതിനു മണ്ഡലത്തിന്റെ നാനാ കോണിൽനിന്നുള്ളവരുമായി നിരന്തരം സംസാരിച്ചു. അതോടെ മനസ്സിലായതു പലയിടത്തും ഐകരൂപ്യമില്ലാതെ കിടക്കുന്ന പാർട്ടി സംവിധാനത്തെക്കുറിച്ചാണ്. അവിടെയെല്ലാം തിരുത്തലുകൾ നടത്തിക്കൊണ്ടു തുടങ്ങി.

2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം

2021ലെ വിഷു ദിവസമായിരുന്നു ബിജെപിയുടെ പ്രയാണത്തിന്റെ തുടക്കം. അതു സുരേഷ് ഗോപി തന്നെ ആസൂത്രണം ചെയ്തതുമായിരുന്നു. പാർട്ടിയിലെ ബൂത്ത് ഭാരവാഹികൾ അടക്കമുള്ളവരെ നേരിൽ കണ്ടു വിഷു കൈനീട്ടം കൊടുത്തു. ആ പ്രദേശത്തെ ദേവാലയങ്ങൾ മുഴുവൻ സന്ദർശിച്ചു. സമൂഹത്തിൽ ജനങ്ങളുമായി ബന്ധപ്പെട്ടവരെ പോയി കണ്ടു. പതിവുപോലെ മതനേതാക്കളെയോ പുരോഹിതരെയോ കാണുകയല്ല ചെയ്തത്. ഇതോടെ ബൂത്ത് തലം വരെ സുരേഷ് ഗോപിക്കു നേരിട്ടുള്ള ബന്ധമായി. അവരിൽ പലരും പിന്നീടു പേരെടുത്തു വിളിക്കാവുന്ന സൗഹൃദത്തിലേക്കു വന്നു. പാർട്ടി എന്നതിലുപരി സുരേഷ് ഗോപി താഴേത്തട്ടിലേക്ക് എത്തുകയായിരുന്നു.

നാളികേര വികസന ബോർഡ് അംഗമായിരുന്ന സുരേഷ് ഗോപി വീണ്ടും ഗ്രാമീണ മേഖലകളിലെ വീടുകളിലെത്തി. കയ്യിൽ തെങ്ങും തൈയുമായാണ് എത്തിയത്. അതു വീട്ടുകാർക്കു സമ്മാനിക്കും മുൻപു പറഞ്ഞത് ‘എന്റെ രാഷ്ട്രീയം വിട്ടുകളയുക, ഇതു വളർത്താമെങ്കിൽ വാങ്ങുക.’ ആ തെങ്ങിൻതൈ വിപ്ലവമുണ്ടാക്കിയ ബന്ധവും ചെറുതായിരുന്നില്ല. 

അതോടെ ബിജെപി കുടുംബയോഗങ്ങൾ തുടങ്ങി. പാർട്ടിയുടെ ജില്ലാ നേതാക്കൾ നേരിട്ടെത്തി നടത്തിയതു 2500 കുടുംബ യോഗങ്ങളാണ്. ഒരിടത്തും രാഷ്ട്രീയ കസർത്തുകളോ പ്രസംഗങ്ങളോ ഉണ്ടായിരുന്നില്ല. എന്തു വികസനമാണു നടക്കുകയെന്നുമാത്രം പറഞ്ഞു. ഈ യോഗങ്ങളിലെല്ലാം ശരാശരി 25 പേർ പങ്കെടുത്തിരുന്നു. 1275 ബൂത്തുകളിലും ഈ യോഗം നടത്തിയെന്നു പാർട്ടി ഉറപ്പാക്കി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കു പൂജ്യം വോട്ടു കിട്ടിയ ഒരുമനയൂരിലെ വാർഡ് യോഗത്തിലടക്കം സുരേഷ് ഗോപി പങ്കെടുത്തു. 250 കുടുംബയോഗങ്ങളിലെങ്കിലും സുരേഷ് ഗോപി പങ്കെടുത്തിട്ടുണ്ട്. ഇവിടെയെല്ലാം അദ്ദേഹം ഇരുനൂറ്റൻപതോളം പേരെ നേരിൽ കണ്ടു.

വലിയ ഘോഷമോ പൊതുയോഗമോ കോർണർ യോഗങ്ങളോ വേണ്ടെന്നു തീരുമാനിച്ച പാർട്ടി 1275 ബൂത്തിലും നേതാക്കൾക്കു ചുമതല നൽകി. ജില്ലാ പ്രസിഡന്റിനുപോലും ഒരു ബൂത്തുണ്ടായിരുന്നു. അവിടെ വോട്ടു ചേർക്കാൻ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപുതന്നെ അവിടെയെല്ലാം വീടുകയറി. കേന്ദ്ര സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ എന്താണെന്നു വിശദീകരിക്കുകയാണു ചെയ്തത്. മണ്ഡലത്തിലെ 80% വീടുകളിലും  4 മാസത്തിനിടെ 5 തവണ ബിജെപി പ്രവർത്തകർ എത്തി. ക്രിമിനൽ കേസുകളിൽ പ്രതിയായവരെയും കുഴപ്പാക്കാരെയും ഈ ജോലിയിൽനിന്നു മാറ്റി നിർത്തി. പുതിയതായി 60,000 വോട്ടാണു മണ്ഡലത്തിൽ ചേർത്തത്.

ഇവരെല്ലാം നേരിൽ കണ്ടുവോട്ടുറപ്പാക്കിയ ശേഷമായിരുന്നു അത്. അതായതു ചേർത്തിയ വോട്ടു ചോരില്ല എന്നുറപ്പാക്കി. എല്ലാ ബൂത്തിലും ഇതിന്റെ പട്ടിക സൂക്ഷിച്ചു. വോട്ടെടുപ്പു ദിവസം ഇവർ എത്തി എന്നുറപ്പാക്കി. ആ ചേർത്ത 60,000 വോട്ടിൽ 57,000 വോട്ടും ബൂത്തിലെത്തി. വിജയത്തിലേക്കു നയിച്ച പ്രധാന ഘടകം അതായിരുന്നു. ന്യൂനപക്ഷ സമുദായങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ പല തവണയെത്തി എന്താണു ബിജെപിയും സുരേഷ് ഗോപിയും ചെയ്യുകയെന്നു വിശദീകരിച്ചു. അവരുമായി ഉണ്ടാക്കിയ അടുപ്പം ചെറുതായിരുന്നില്ലെന്നു തിരഞ്ഞെടുപ്പു വ്യക്തമാക്കുന്നു. ജാതിയും മതവും സമുദായവും തിരിച്ചു വോട്ടു പിടിക്കുന്ന രീതിയിൽനിന്നു ബിജെപി ഏറെ മുന്നോട്ടുപോയി എന്നതാണു സത്യം.

പാർട്ടി അവസാനമായി നടത്തിയ കണക്കെടുപ്പിൽ 60,000 വോട്ടിനു സുരേഷ് ഗോപി ജയിക്കുമെന്നാണു വിലയിരുത്തിയത്. ഒല്ലൂർ, ഗുരുവായൂർ മണ്ഡലങ്ങളിൽ നേരിയ തോതിൽ പുറകിൽ പോകുമെന്നും സൂചിപ്പിച്ചു. എന്നാൽ‌ ചിട്ടയായ പ്രവർത്തനം മണ്ഡലങ്ങളുടെ അതിർത്തികളെ മറി കടക്കുന്നുവെന്നു ഭൂരിപക്ഷം തെളിയിച്ചു. സംസ്ഥാന നേതാക്കളോ ആരവങ്ങളോ ഇല്ലാതെ ജില്ലാ നേതൃത്വവും സുരേഷ് ഗോപിയും നടത്തിയ കഠിനാധ്വാനത്തിന്റെ വിളവാണ് ചരിത്രമായി കൊയ്തെടുത്തത്.

ഒന്നാമങ്കം, മൂന്നാമത്
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ കന്നിയങ്കം. ടി.എൻ. പ്രതാപൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തിലൊതുങ്ങി. 2.93 ലക്ഷം വോട്ട് നേടി വരവറിയിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദം മാത്രം. 

രണ്ടാമങ്കം, മൂന്നാമത്
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം തിരഞ്ഞെടുപ്പു പോരാട്ടം. സിപിഐയിലെ പി. ബാലചന്ദ്രനോടു പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി പത്മജ വേണുഗോപാലിനു പിന്നിൽ മൂന്നാം സ്ഥാനത്തൊതുങ്ങി. 

മോദി വന്നു, രംഗം മാറി
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കാലേകൂട്ടി സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനം, ചിട്ടയായ പ്രവർത്തനം. കഴിഞ്ഞ വർഷം അമിത് ഷായും ഈ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ടെത്തിയതു കളമൊരുക്കി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒരുവട്ടം കൂടി മോദിയെത്തിയതും നിർണായകമായി. 

കേസ്, മുൻകൂർ ജാമ്യം,  പിന്നെയും വിവാദം
കോഴിക്കോട്ട് മാധ്യമപ്രവർത്തകയെ അപമാനിച്ചെന്നു പരാതി ഉയർന്നു. പൊലീസ് കേസെടുത്തു. അദ്ദേഹത്തിനു മുൻകൂർ ജാമ്യമെടുക്കേണ്ടിവന്നു. തൃശൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെ, കോഴിക്കോട്ടെ വിഷയമുന്നയിച്ച വനിതാ റിപ്പോർട്ടറും അദ്ദേഹവും തമ്മിൽ തർക്കമുണ്ടായതു വലിയ വിവാദമായി. ‘ആളാകാൻ വരരുത്’ എന്ന മട്ടിൽ സുരേഷ് ഗോപി പ്രതികരിച്ചതോടെ ദിവസങ്ങൾ നീണ്ട ഒച്ചപ്പാടുണ്ടായി. 

കിരീടം, വിവാഹം
ലൂർദ് കത്തീഡ്രലിൽ മാതാവിനു സുരേഷ് ഗോപി സ്വർണ കിരീടം സമർപ്പിച്ചതിനു പിന്നാലെ നടന്നതു മാസങ്ങൾ നീണ്ട സൈബർ ആക്രമണം. മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായി വഴിപാടായാണു കിരീടം സമർപ്പിച്ചത്. എന്നാൽ, ചെമ്പിൽ സ്വർണം പൂശിയാണു കിരീടം സമർപ്പിച്ചതെന്നു സമൂഹമാധ്യമങ്ങളിൽ വിവാദമുയർന്നു. വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നതുകൊണ്ട് ഗുരുവായൂരിലെ മറ്റു വിവാഹങ്ങൾ മാറ്റിവയ്പ്പിച്ചെന്ന് വ്യാജപ്രചാരണമുണ്ടായി. 

കയർക്കൽ, പരാതി
തിരഞ്ഞെടുപ്പു പ്രചാരണത്തിന‍ിടെ വെള്ളിക്കുളങ്ങരയിൽ ബിജെപിയുടെ ബൂത്ത് ഭാരവാഹികളോടു സുരേഷ് ഗോപി രോഷാകുലനായ സംഭവത്തിന്റെ വിഡിയോ എതിർപക്ഷം ആഘോഷിച്ചു. പ്രചാരണ സ്ഥലത്ത് ആളുകളില്ലാതിരുന്നതും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിൽ വീഴ്ചയുണ്ടായതുമാണു സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. 

ആ ഗോപിയല്ല ഈ ഗോപി
സുരേഷ് ഗോപി വീട്ടിലേക്കു വരാൻ ആഗ്രഹിക്കുന്നതായി പ്രശസ്ത ഡോക്ടർ വിളിച്ചുപറഞ്ഞെന്നും വരേണ്ടെന്നു പ്രതികരിച്ചെന്നും കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ സമൂഹമാധ്യമത്തിൽ എഴുതിയത്, ഇടതു സാംസ്കാരിക പ്രവർത്തകർ സുരേഷ് ഗോപിക്കെതിരായ പ്രചാരണായുധമാക്കി മാറ്റി. 

English Summary:

Kerala Lok Sabha Election Results 2024 Highlights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com