ADVERTISEMENT

തിരുവനന്തപുരം ∙ ‘ഷിനിയുടെ തലയ്ക്കു നേരെയാണ് വെടിയുതിർത്തത്. കണ്ണടച്ചു തുറക്കും മുൻപേ 3 തവണ വെടി പൊട്ടി. രണ്ടെണ്ണം ഉന്നം പിഴച്ചു വീടിനകത്തേക്കു പോയി. മൂന്നാമത്തേത്  മുഖത്തു കൊള്ളേണ്ടതായിരുന്നു. അവൾ പേടിച്ച് തടയാൻ ശ്രമിച്ചതിനാൽ കൈവെള്ളയിൽ തുളഞ്ഞുകയറി–’ വഞ്ചിയൂർ പാൽക്കുളങ്ങര ചെമ്പകശേരി ലെയ്ൻ പങ്കജിൽ ഷിനിക്കു നേരെയുണ്ടായ എയർ പിസ്റ്റൾ ആക്രമണം നേരിട്ടു കണ്ട ഭർതൃപിതാവ് ഭാസ്കരൻ നായർ പറഞ്ഞു. മിലിറ്ററി എൻജിനീയറിങ് വിഭാഗത്തിലെ മുൻ ഉദ്യോഗസ്ഥനായ ഭാസ്കരൻ നായരുടെ മകൻ സുജീതിന്റെ ഭാര്യയാണ് ആക്രമണത്തിൽ പരുക്കേറ്റ ഷിനി.ഭാസ്കരൻ നായരുടെ വാക്കുകൾ: ‘സമയം രാവിലെ 8.30 കഴിഞ്ഞിരുന്നു.

ഹാളിലെ കസേരയിൽ പത്രം വായിച്ച് ഇരിക്കുമ്പോഴാണ് പുറത്ത് ആരോ വന്ന് കോളിങ് ബെൽ അടിച്ചത്. ഡോർ തുറന്നു നോക്കുമ്പോൾ ഇരുണ്ട നിറമുള്ള വസ്ത്രം ധരിച്ച് ഉയരമുള്ള സ്ത്രീ. വസ്ത്രത്തിലെ തൊപ്പി പോലുള്ള ഭാഗം കൊണ്ട് തലയും മുഖവും മറച്ചിരുന്നു. മൂക്കും കണ്ണും മാത്രമേ പുറത്തു കാണാൻ കഴിഞ്ഞുള്ളൂ‌. കയ്യിൽ പാഴ്സൽ പോലെ എന്തോ പൊതിഞ്ഞു വച്ചിരുന്നു. ആ സമയം പുറത്തു മഴയുണ്ടായിരുന്നതിനാൽ സംശയം തോന്നിയില്ല. ‘ഷിനിയുണ്ടോ?’ എന്നു ചോദിച്ചു. ആരാണെന്ന് തിരിച്ചു ചോദിച്ചപ്പോൾ ഷിനിക്ക് കുറിയർ ഉണ്ടെന്നു പറഞ്ഞു. കുറിയർ തന്നാൽ മതിയെന്നു പറഞ്ഞപ്പോൾ റജിസ്റ്റേഡ് ആണെന്നും ഷിനി തന്നെ ഒപ്പിട്ടു വാങ്ങണമെന്നും അവർ പറഞ്ഞു. 

ഒപ്പിടാൻ ഒരു പേന കൂടി എടുത്തോ എന്നും പറഞ്ഞു. ഷിനി പേനയുമായി വന്നു. സ്ത്രീ നീട്ടിയ ഷീറ്റിൽ ഒപ്പിടാനായി കുനിഞ്ഞ ഉടൻ അവർ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ട് ഷിനി സ്തംഭിച്ചു നിന്നു. ഈ സമയം അവർ തലയ്ക്കു നേരെ ഗൺ ചൂണ്ടി വീണ്ടും വെടി പൊട്ടിച്ചു. മൂന്നാമത്തെ വെടിയിൽ ഷിനിക്കു പരുക്കേറ്റു. ഹാളിലും എന്റെ മുണ്ടിലും രക്തം ചിതറി. കാലിനു ശസ്ത്രക്രിയ കഴിഞ്ഞതിനാൽ മുറിയിൽ വിശ്രമിക്കുകയായിരുന്ന ഭാര്യ സുജാതയും മകൾ സ്വപ്നയും ഓടിയെത്തി. ആക്രമണം എന്റെ നേരെ ആണെന്നാണ് അവർ കരുതിയത്. ഇതിനിടെ ആക്രമണം നടത്തിയ സ്ത്രീ കടന്നുകളഞ്ഞു. ’

ആക്രമണം ഒരു മീറ്റർ അകലെ നിന്ന്
ഷിനിയുടെ വീടും പരിസരവും നിരീക്ഷിച്ചു കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്നു പൊലീസ്. ഷിനിയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഒരു മീറ്റർ അകലത്തിൽ 2 തവണ ഉന്നം പിഴച്ചതിനാൽ തോക്ക് ഉപയോഗിച്ചു പരിചയമില്ലാത്ത ആളാണ് പ്രതിയെന്നു സംശയിക്കുന്നു. മൂന്നാമത്തെ വെടിയിൽ ഷിനിയുടെ കൈക്ക് പരുക്കേറ്റു രക്തം തെറിച്ചതോടെ ആക്രമിക്കാൻ എത്തിയ സ്ത്രീ പിൻവാങ്ങി. അക്രമിക്കു ക്രിമിനൽ പശ്ചാത്തലമുണ്ടാകാനുള്ള സാധ്യത കുറവാണ്. ദേശീയ ആരോഗ്യ ദൗത്യത്തിൽ (എൻഎച്ച്എം) ജോലി ചെയ്യുന്ന ഷിനിക്ക് ഔദ്യോഗിക കത്തുകളും മറ്റും വരാറുണ്ടായിരുന്നു. ഓൺലൈൻ വഴി ഷിനിയും കുടുംബാംഗങ്ങളും സാധനങ്ങൾ വാങ്ങുന്നതും പതിവാണ്.

ശനിയാഴ്ച രാവിലെ ടീഷർട്ടും വൈകിട്ട് അലങ്കാരവസ്തുക്കളും ഓൺലൈൻ കമ്പനിയുടെ വിതരണക്കാർ വീട്ടിൽ എത്തിച്ചിരുന്നു. ഷിനിയുടെ വീട്ടിൽ പതിവായി പാഴ്സൽ വരുന്നത് കണ്ടതു കൊണ്ടാകാം കുറിയർ നൽകാനെന്ന വ്യാജേന അക്രമി എത്തിയത്. കൂടാതെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് വാഹനം കയറ്റാതെ, വേഗത്തിൽ തിരിച്ചു പോകാൻ 50 മീറ്റർ മാറിയുള്ള വളവിലാണ് കാർ നിർത്തിയിട്ടിരുന്നത്. ഷിനിയുടെ യാത്രകൾ നിരീക്ഷിച്ച് വഴി കൃത്യമായി മനസ്സിലാക്കിയാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു.

സ്ത്രീക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടെന്ന് സംശയം 
വെടിയുതിർത്ത സ്ത്രീ, വ്യാജ നമ്പർ പതിച്ച കാറിൽ വന്നിറങ്ങുന്നതിന്റെയും പോകുന്നതിന്റെയും നിരീക്ഷണ ക്യാമറ ദൃശ്യം പൊലീസിനു ലഭിച്ചു. സ്ത്രീക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടെന്നാണ് സംശയം. കാറിൽ പതിച്ചിരുന്ന നമ്പർ വ്യാജമാണ്. 15 ദിവസം മുൻപ് മറ്റൊരാൾ വിറ്റ കാറിന്റെ നമ്പർ ആയിരുന്ന അത്. പാൽക്കുളങ്ങര ചെമ്പകശേരി ലെയ്നിലെ ഒരു വീട്ടിൽ നിന്നാണ് പൊലീസിന് ദൃശ്യം ലഭിച്ചത്. 15ാം തീയതി വിറ്റുപോയ കാറിന്റെ നമ്പറാണ് സ്ത്രീ വന്ന കാറിൽ പതിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com