ഉഗ്രശബ്ദം; പിന്നീട് ഞരക്കം മാത്രം..; വിനീതിന്റെ വിയോഗം പിറന്നാൾ ദിനത്തിൽ
Mail This Article
പോത്തൻകോട് ∙ വാഹനങ്ങൾ കൂട്ടിയിടിച്ച ഉഗ്രശബ്ദം കേട്ടാണ് സമീപത്തുണ്ടായിരുന്നവരും പള്ളിയിൽ നിസ്കാരത്തിനു വന്നവരുമടക്കം ഓടിയെത്തിയത്. റോഡിൽ യുവാവ് അനക്കമില്ലാതെ രക്തത്തിൽ കുളിച്ചു കിടക്കുന്നു. മറ്റൊരാളിൽ നിന്നും ഞരക്കങ്ങൾ ഉയരുന്നതുമായ ദയനീയ കാഴ്ച്ചയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്നലെ പുലർച്ചെ 5.30ന് ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബികയുടെ മകൻ വി.വിനീതും (ചന്തു-34) അക്ഷയും (21) സഞ്ചരിച്ച സ്കൂട്ടറിൽ വൺവേ തെറ്റിച്ചു വന്ന കാർ ഇടിച്ചു കയറുകയായിരുന്നു.
സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. കാറിലുണ്ടായിരുന്നവരും ഓടിയെത്തിയവരും ചേർന്ന് 108 ആംബുലൻസിൽ ഇരുവരെയും മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വിനീത് യാത്രാമധ്യേ മരിച്ചു. അക്ഷയ് ഗുരുതരാവസ്ഥയിലാണ്. വിനീത് തന്നെയാണ് രക്ഷാപ്രവർത്തകരോട് താൻ ആറ്റിങ്ങൽ എംഎൽഎയുടെ മകനാണ് എന്നറിയിച്ചത്.
വിനീതിന്റെ വിയോഗം പിറന്നാൾ ദിനത്തിൽ
ആറ്റിങ്ങൽ∙ ഇന്നലെയായിരുന്നു വിനീതിന്റെ ജന്മദിനം. ദിനം പുലരുന്നതിനു മുൻപേ വിധി വിനീതിനെ കവരുകയായിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകളിലും ഫോണിലേക്കും എത്തിയ സന്ദേശങ്ങൾ വിനീത് കണ്ടില്ല. സന്ദേശങ്ങൾ അയച്ചവരും ഞെട്ടലോടെയാണ് വിനീതിന്റെ വിയോഗ വാർത്തയറിഞ്ഞത്. അപകട വാർത്ത അറിഞ്ഞതോടെ സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ആശുപത്രിയിലേക്കും വീട്ടിലേക്കും ഓടിയെത്തി. എന്നാൽ വിനീതിന്റെ വിയോഗവാർത്ത ഉൾക്കൊള്ളാൻ പലർക്കുമായില്ല.
വിനീതിന് വിട നൽകി നാട്
ആറ്റിങ്ങൽ∙ അവസാനമായി ഒരു നോക്ക് കാണാനായി തടിച്ചു കൂടിയ ജനസമുദ്രം സാക്ഷിയായി വിനീതിന് നാട് കണ്ണീരോടെ വിട നൽകി. ഇന്നലെ രാവിലെ അപകട വാർത്ത അറിഞ്ഞതു മുതൽ ഒ.എസ്.അംബിക എൽഎൽഎയുടെ ചായ്ക്കോട്ട് വടക്കേ വിളാകത്ത് വീട്ടിലേക്ക് നാട് ഒഴുകിയെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ജനപ്രതിനിധികളടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വിനീതിനെ അവസാനമായി കാണിക്കുന്നതിനായി ഏക മകൾ അലൈഡയെ കൊണ്ടുവന്നപ്പോൾ കൂടി നിന്നവരുടെയടക്കം കണ്ണ് നിറഞ്ഞു.
മന്ത്രിമാരായ ജി.ആർ.അനിലും , വി.ശിവൻകുട്ടിയും രാവിലെ തന്നെ വീട്ടിലെത്തിയിരുന്നു. എംഎൽഎ മാരായ ഐ.ബി.സതീഷ്, ജി.സ്റ്റീഫൺ, സി.കെ.ആശ, യു.പ്രതിഭ, കടകംപള്ളി സുരേന്ദ്രൻ, മുകേഷ്, വി.ശശി, സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ വി.ജോയി, ബിജെപി നേതാവ് വി. മുരളീധരൻ, അടൂർ പ്രകാശ് എംപി, സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പൻ, പി.ബിജു, ജയൻ ബാബു, ബി.പി. മുരളി എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
മുഖ്യമന്ത്രി അനുശോചിച്ചു
ആറ്റിങ്ങൽ എംഎൽഎ ഒ.എസ്.അംബികയുടെ മകൻ വി.വിനീതിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
അപകടം ഒഴിയാതെ പള്ളിപ്പുറം
പോത്തൻകോട് ∙ ദേശീയപാത 66 നിർമാണം നടക്കുന്ന കണിയാപുരത്തിനും ചെമ്പകമംഗലത്തിനുമിടയിൽ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഉണ്ടായിട്ടും അപകടങ്ങൾക്കു കുറവില്ല. പ്രത്യേകിച്ചും പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്രം മുതൽ കുറക്കോട് വരെ ഭാഗത്താണ് അപകടങ്ങൾ കൂടുതലും നടന്നിട്ടുള്ളത്. നിർമാണം നടക്കുന്നതിനാൽ മംഗലപുരം മുതൽ പള്ളിപ്പുറം വരെ താൽക്കാലിക വൺവേ സംവിധാനമാണ്. പക്ഷേ, ഇതൊന്നും അപകടങ്ങൾ കുറയ്ക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മംഗലപുരം ജംക്‌ഷനിലടക്കം ഗതാഗതം തിരിച്ചു വിടുന്നതായി ബോർഡുകളും ചിലയിടങ്ങളിൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. വെളിച്ചക്കുറവു കൊണ്ട് രാത്രി ഇവ പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ലെന്നും യാത്രക്കാർ പറയുന്നു. ചിലയിടങ്ങളിൽ സർവീസ് റോഡുകളിലൂടെ വേണം യാത്ര ചെയ്യേണ്ടത്. സർവീസ് റോഡിലൂടെ പോകേണ്ട കാർ നേരെ പ്രധാന റോഡിലൂടെ പോയതാണ് ഇന്നലത്തെ അപകടത്തിനു കാരണം.