ADVERTISEMENT

തിരുവനന്തപുരം ∙ വിവിധ ജില്ലകളിലുണ്ടായ അസാധാരണമായ കാറ്റിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് സമീപമുണ്ടായ അന്തരീക്ഷച്ചുഴിയിൽ രൂപപ്പെട്ട മിന്നലോടു കൂടിയ മഴയെത്തുടർന്നാണ് കാറ്റ് ഉണ്ടായത്. 50 കിലോമീറ്ററിലേറെ വേഗതയുണ്ടായതിനെ തുടർന്നാണ് മരങ്ങൾ കടപുഴകി വീണത്. അന്തരീക്ഷച്ചുഴി കേരള തീരത്തിന്റെ വടക്കു ദിശ ലക്ഷ്യമാക്കി നീങ്ങുന്നതിനാൽ കാറ്റിന്റെ സ്വാധീനം നിലനിൽക്കും. എന്നാൽ പ്രത്യേക ജാഗ്രതയുടെ ആവശ്യമില്ല. മഴയ്ക്കുള്ള സാധ്യതയും കുറവാണ്. അതേസമയം കണ്ണൂർ, കാസർകോട് ജില്ലകളിൽ കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.7 മുതൽ 3.1 മീറ്റർ ഉയരത്തിൽ തിരയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത നിലനിൽക്കുന്നു. ലക്ഷദ്വീപിലെ അഗത്തി, അമിനി തീരങ്ങളിലും ഉയർന്ന തിരയുണ്ടാകും.

ബുധനാഴ്ച വീശിയത് ‘ഗസ്റ്റി വിൻഡ്’ 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ബുധനാഴ്ച രാത്രി നാശം വിതച്ചത് നിമിഷ നേരം കൊണ്ട് ശക്തിപ്രാപിച്ച് അവസാനിക്കുന്ന ഗസ്റ്റി വിൻഡ് വിഭാഗത്തിലെ കാറ്റ്. അറബിക്കടലിനു മുകളിൽ ലക്ഷദ്വീപിനു സമീപത്തായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ ഫലമായാണ് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗം പ്രാപിച്ച കാറ്റ് വീശിയതെന്നു തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ.ഗോപാൽ പറഞ്ഞു. ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ് ദുർബലമായിട്ടും കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ കാരണമായത് ചക്രവാതച്ചുഴികളാണ്. ലക്ഷദ്വീപിനു സമീപത്തെ ചക്രവാതച്ചുഴി കടലിലേക്ക് അകന്നു പോകുന്നതിനാൽ ഇന്നു മുതൽ മഴ കുറയും.

വിവിധ ഭാഗങ്ങളിൽ വീശിയ കാറ്റ് 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രി വീശിയ കാറ്റിന്റെ ശക്തി (ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ) : 
∙ തിരുവനന്തപുരം – മണിക്കൂറിൽ 47 കിലോമീറ്റർ, ∙ കൊല്ലം – 36, ∙ പത്തനംതിട്ട – 45, ∙ ആലപ്പുഴ – 52, ∙ എറണാകുളം – 49, ∙ ഇടുക്കി – 45, ∙ തൃശൂർ 59, ∙ കണ്ണൂർ – 27, ∙ കാസർകോട് – 23, ∙ മലപ്പുറം – 34, ∙ കോഴിക്കോട് – 23, ∙ വയനാട് – 36.

English Summary:

Strong Winds in Kerala: Meteorological Department Says No Cause for Alarm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com