'ശുചിമുറിയിൽ പ്രസവിച്ച് ബ്ലേഡ് ഉപയോഗിച്ച് പൊക്കിൾ കൊടി മുറിച്ചു; ഗർഭഛിദ്രത്തിനായി ഗുളിക കഴിച്ചു, സംരക്ഷണം നൽകിയില്ല'
Mail This Article
പൂച്ചാക്കൽ ∙ ഗർഭധാരണവും പ്രസവവും രഹസ്യമാക്കി വയ്ക്കാൻ ചോരക്കുഞ്ഞിനെ മറവു ചെയ്ത സംഭവം കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചില്ല. കേസിലെ ഒന്നാം പ്രതി പാണാവള്ളി സ്വദേശി ഡോണ ജോജി, രണ്ടാം പ്രതി തകഴി സ്വദേശി തോമസ് ജോസഫിന് കൈമാറിയപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. പാലൂട്ടൽ ഉൾപ്പെടെ സംരക്ഷണവും പരിചരണവും ഇല്ലാത്തതിനെ തുടർന്നാണ് മരണം എന്നാണു നിഗമനം. രണ്ടു ദിവസമായി പൂച്ചാക്കൽ പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഡോണ സംഭവം സംബന്ധിച്ച് വിശദമായ മൊഴി നൽകി.
ഗർഭഛിദ്രത്തിനായി ഗുളിക കഴിച്ചതിനാലും കരുതലും സംരക്ഷണവും നൽകാത്തതിനാലും പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിക്കേണ്ടിവരുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഡോണയുടെ മൊഴി. ശുചിമുറിയിൽ പ്രസവിച്ച് ബ്ലേഡ് ഉപയോഗിച്ച് പൊക്കിൾ കൊടി മുറിച്ചശേഷം കുഞ്ഞിനെ അവിടെത്തന്നെ സൂക്ഷിച്ചു. പ്രസവത്തിനു പിന്നാലെ അബോധാവസ്ഥയിലായ ഡോണ പിന്നീട് ബോധം വന്നശേഷമാണ് കുഞ്ഞിനെ വിഡിയോ കോൾ വഴി തോമസ് ജോസഫിനെ കാണിച്ചത്. ഈ സമയത്ത് കുഞ്ഞിന്റെ കണ്ണുകൾ അടഞ്ഞ നിലയിലായിരുന്നു. ജനിച്ച ശേഷം ഒരിക്കൽ മാത്രമാണ് കുഞ്ഞ് കരഞ്ഞത്, ഇതോടെ മരിച്ചെന്നു വിചാരിച്ചു. തുടർന്നാണ് പടിക്കെട്ടുകൾക്കു താഴെയും പാരപ്പറ്റിലും കൊണ്ടുപോയി വച്ചത്.
മരണകാരണമായ രീതിയിൽ കുഞ്ഞിനെ അലക്ഷ്യമായി കൈകാര്യം ചെയ്യൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് നിലവിൽ 3 പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതൽ വകുപ്പ് ചുമത്തുന്നത് സംബന്ധിച്ച് അന്വേഷണ സംഘം മുതിർന്ന ഉദ്യോഗസ്ഥരോടും ഡോക്ടർമാരോടും ഉൾപ്പെടെ ഉപദേശം തേടുന്നുണ്ട്. പ്രസവം നടന്ന ഡോണയുടെ വീട്ടിലും ഗർഭം സ്ഥിരീകരിക്കാൻ പോയ അമ്പലപ്പുഴയിലെ ലാബിലും സ്വകാര്യ ആശുപത്രിയിലും കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ഡോണയെ ഇന്നലെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു കൊട്ടാരക്കര സ്പെഷൽ ജയിലിലേക്ക് മാറ്റി.