ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെ സിവിൽ സപ്ലൈസ് പമ്പുകളിൽ അടക്കം വിൽക്കുന്ന ഇന്ധനത്തിന്റെ ‍അളവിൽ വ്യാപക ക്രമക്കേടെന്ന് അളവുതൂക്ക പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്നു പരിശോധനയിൽ കണ്ടെത്തിയത്. പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതടക്കമുള്ള ക്രമക്കേടുകൾക്കു 510 പമ്പുകൾക്കെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസ് എടുക്കുകയും 9.69 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പാലക്കാട് (61), എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളിലാണ് നിയമലംഘന കേസുകൾ കൂടുതൽ. കുറവ് വയനാട്ടിലും (15). 

രണ്ടര വർഷത്തിനിടെ നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയതെന്നു വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി അധികൃതർ വെളിപ്പെടുത്തി. 5 ലീറ്റർ ഇന്ധനം വിൽക്കുമ്പോൾ അതിൽ 25 മില്ലിലീറ്റർ കൂടുകയോ കുറയുകയോ ചെയ്യുന്നതിൽ പിഴവില്ലെന്നാണു നിയമത്തിലെ ഇളവ്. എന്നാൽ, ചില പമ്പുകളിൽ 100 മുതൽ 120 മില്ലിലീറ്റർ വരെ വ്യത്യാസമാണ് കണ്ടെത്തിയത്. കൊല്ലത്തു 29 പമ്പുകളിൽ പരിശോധന നടത്തിയതിൽ 4 ഇടത്ത് അളവിൽ കൃത്രിമം കണ്ടെത്തി. ഈ പമ്പുകളുടെ വിതരണം നിർത്തിവച്ച് നോട്ടിസ് നൽകിയെന്ന് ഡപ്യൂട്ടി കൺട്രോളർ അറിയിച്ചു. 

അനുവദനീയമായ അളവ് വ്യത്യാസം മുതലെടുത്ത് പലയിടത്തും ക്രമക്കേട് നടക്കുന്നത്. നോസിൽ സീൽ ചെയ്യുമ്പോൾ തന്നെ 5 ലീറ്ററിന് 25 മില്ലിലീറ്റർ കുറച്ചുവയ്ക്കും. അപ്പോൾ 2 ലീറ്റർ ഇന്ധനം അടിക്കുന്നവർക്ക് 10 മില്ലിലീറ്റർ കുറയും. മെഷീനിലും ബില്ലിലും 2 ലീറ്റർ തന്നെ രേഖപ്പെടുത്തും. തട്ടിപ്പുകൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നെന്നും ആരോപണമുണ്ട്. 

തട്ടിപ്പു തടയാം, ഇങ്ങനെ
ന്ധനം നിറയ്ക്കുമ്പോൾ നോസിലിൽ തുടർച്ചയായി പ്രസ് ചെയ്തു അളവിൽ ക്രമക്കേട് നടത്തുന്നുവെന്നു ലീഗൽ മെട്രോളജി ആസ്ഥാനത്തെ ഉദ്യോഗസ്ഥൻ ‘മനോരമ’യോട് പറഞ്ഞു. തുടർച്ചയായി പ്രസ് ചെയ്യുമ്പോൾ നോസിലിൽ വായു കയറി  ടാങ്കിൽ വീഴുന്ന ഇന്ധനത്തിന്റെ അളവ് കുറയും. നോസിൽ ടാങ്കിൽ വച്ചാലുടൻ ലോക്ക് ചെയ്തു പമ്പ് ജീവനക്കാരോട് കയ്യെടുക്കാൻ ആവശ്യപ്പെടണം. ഇന്ധനം നിറച്ചയുടൻ നോസിൽ ടാങ്കിൽ നിന്ന് എടുത്തു മാറ്റാനും അനുവദിക്കരുത്. 

അവസാന തുള്ളി ഇന്ധനവും ടാങ്കിൽ വീണുവെന്ന് ഉറപ്പാക്കിയ ശേഷം വേണം നോസിൽ പുറത്തെടുക്കാൻ. ഉപഭോക്താക്കൾ ഇന്ധനത്തിന്റെ അളവിൽ സംശയം പ്രകടിപ്പിച്ചാൽ പരിശോധിച്ചു ഉറപ്പുവരുത്താനുള്ള സംവിധാനം പമ്പുകളിൽ ലഭ്യമാക്കേണ്ടതാണ്. ഇതും പലയിടത്തും നടക്കാറില്ല.

English Summary:

An investigation by the Legal Metrology Department in Kerala revealed that numerous fuel stations, including government-run Civil Supplies pumps, were dispensing less fuel than permitted. Over 500 pumps were penalized, with Palakkad, Ernakulam, and Thiruvananthapuram districts reporting the highest number of violations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com