മനോരമ തിരുവനന്തപുരം യൂണിറ്റിൽ ആദ്യാക്ഷരമെഴുതിയത് 410 കുരുന്നുകൾ; അറിവിൽതൊട്ട് അക്ഷരവിരൽ
Mail This Article
തിരുവനന്തപുരം∙ വിരൽത്തുമ്പിൽ അക്ഷരങ്ങൾ വിരിഞ്ഞു. അറിവിന്റെ ലോകത്തേക്കു കുട്ടികൾ കാലൂന്നി. അക്ഷര വെളിച്ചത്തിന്റെ നിറവിൽ തിരുവനന്തപുരത്തു മലയാള മനോരമയിൽ നടന്ന വിദ്യാരംഭത്തിൽ ആദ്യാക്ഷരമെഴുതിയതു നൂറുകണക്കിനു കുരുന്നുകൾ. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എഴുത്തുകാരൻ ജോർജ് ഓണക്കൂർ, ഗായകൻ ജി.വേണുഗോപാൽ, നാടകകൃത്തും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി എന്നിവരായിരുന്നു ഗുരുശ്രേഷ്ഠർ. രാവിലെ 6.30നാണു ചടങ്ങുകൾക്കു ശുഭാരംഭമായത്. അടൂർ ഗോപാലകൃഷ്ണൻ, ശാരദ മുരളീധരൻ, ജോർജ് ഓണക്കൂർ, ജി.വേണുഗോപാൽ, സൂര്യ കൃഷ്ണമൂർത്തി എന്നിവർ ചേർന്നു ദീപം തെളിച്ചു. അവന്തിക പ്രമോദ് പ്രാർഥനാ ഗീതം ആലപിച്ചു.
രാവിലെതന്നെ രക്ഷിതാക്കൾ കുട്ടികളെയും കൊണ്ട് മനോരമ അങ്കണത്തിൽ എത്തിയിരുന്നു. ആദ്യാക്ഷരം കുറിക്കുന്നതിന്റെ കൗതുകവും പുത്തനുടുപ്പിന്റെ ആഹ്ലാദവുമൊക്കെയായെത്തിയ കുട്ടികൾ ആദ്യ കാഴ്ചയുടെ അകലമൊഴിഞ്ഞ് സൗഹൃദത്തിന്റെ പുഞ്ചിരികൾ പങ്കുവച്ചു. ചിലർ വിദ്യാരംഭ വേദിയിൽ പാടാനും കളിക്കാനുമൊക്കെ തുടങ്ങി. കരച്ചിലിന്റെ വക്കത്തായിരുന്ന ചുരുക്കം ചിലർ അതോടെ അച്ഛനമ്മമാരുടെ മടിയിൽ നിന്നിറങ്ങി കളിയിൽ പങ്കുചേരാൻ വെമ്പൽ പൂണ്ടു. കുട്ടികൾ ആദ്യാക്ഷരമെഴുതുന്നതിന്റെ കൗതുകത്തിലും സന്തോഷത്തിലുമായിരുന്നു രക്ഷിതാക്കളും.
ചടങ്ങിനു മുത്തച്ഛനും മുത്തശ്ശിയും സഹോദരങ്ങളുമടക്കം മുഴുവൻ കുടുംബാംഗങ്ങളുമായി എത്തിയവർ ഒട്ടേറെ. ചടങ്ങിനു ശേഷം ഗുരുക്കന്മാർക്കൊപ്പംനിന്ന് പലരും കുടുംബ സെൽഫിയുമെടുത്തു. മിഠായിയും പായസവും ബാഗും മറ്റു സമ്മാനവുമൊക്കെ ഏറ്റു വാങ്ങിയാണു കുരുന്നുകളുടെ മടക്കം.