മണിക്കൂറുകൾ ഗതാഗതക്കുരുക്ക്, അര മണിക്കൂർ മഴ; ആമയിഴഞ്ചാൻ തോട് നിറഞ്ഞുകവിഞ്ഞു തമ്പാനൂർ മുങ്ങി
Mail This Article
തിരുവനന്തപുരം ∙ അര മണിക്കൂറിലേറെ പെയ്ത കനത്ത മഴയിൽ തമ്പാനൂർ വെള്ളത്തിൽ മുങ്ങി. റെയിൽവേ പാഴ്സൽ കൗണ്ടറിനു സമീപം ട്രാക്കിനടിയിലെ മണ്ണും മാലിന്യവും നീക്കുന്നതിന് ആമയിഴഞ്ചാൻ തോട്ടിൽ ഷട്ടർ സ്ഥാപിച്ചിരിക്കുകയാണ്. ഇതു കാരണം വെളളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് തോട് നിറഞ്ഞു കവിഞ്ഞൊഴുകിയതിനാലാണ് തമ്പാനൂർ വെള്ളത്തിൽ മുങ്ങിയത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപ്രതീക്ഷിത വെളളപ്പൊക്കത്തിൽ അകപ്പെട്ട ഒട്ടേറെ വാഹനങ്ങൾക്കു കേടു പറ്റി. മഴ മാറി അൽപസമയത്തിനു ശേഷം വെള്ളമിറങ്ങിയെങ്കിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് തുടർന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മഴ കനത്തത്.
തൊട്ടു പിന്നാലെ റെയിൽവേ സ്റ്റേഷന് അഭിമുഖമായുള്ള റോഡിലേക്ക് വെള്ളം ഇരച്ചെത്തി. ബസ് ടെർമിനലിന് മുൻവശത്തെ റോഡ്, ന്യൂ തിയറ്റർ റോഡ് എന്നിവയും മുട്ടളവ് വെളളത്തിൽ മുങ്ങി. പൊന്നറ ജി.ശ്രീധർ പാർക്കിനു ചുറ്റുമുള്ള ഓടയുടെ വീതി കൂട്ടിയ ശേഷം ആദ്യമായാണ് തമ്പാനൂരിൽ ഇത്തരത്തിൽ വെള്ളം പൊങ്ങുന്നത്. വെള്ളക്കെട്ടിൽ കുടുങ്ങിയ ഒട്ടേറെ വാഹനങ്ങൾ കേടായി. ഉച്ചയ്ക്ക് ഒന്നോടെ ആരംഭിച്ച ഗതാഗതക്കുരുക്കഴിയാൻ മണിക്കൂറുകളെടുത്തു. ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെ ശുചീകരണ തൊഴിലാളിയെ ഒഴുക്കിൽപെട്ട് കാണാതായതിനു പിന്നാലെയാണ് റെയിൽവേ ട്രാക്കിന് അടിയിലെ ടണലിലെ മണ്ണും മാലിന്യവും നീക്കാൻ നടപടിയായത്. വെളളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയ ശേഷം ക്രെയിൻ ഉപയോഗിച്ചാണ് മാലിന്യം നീക്കുന്നത്.