ഒരു മാസം മുൻപ് അമ്മ മരിച്ചു; ചുവടുകൾക്ക് താരാട്ട് കൂട്ട്! അപ്പീൽ വഴി ഉപജില്ലയിലെത്തി, ഒടുവിൽ വിജയം
Mail This Article
തിരുവനന്തപുരം∙ നിരഞ്ജന വേദിയിൽ നൃത്തമാടുമ്പോൾ പുറത്തു നോക്കിനിന്ന മുത്തശ്ശി സരോജയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. നാടോടിനൃത്തം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ നിരഞ്ജനയുടെ കണ്ണുകളിലേക്കും ആ നനവ് പടർന്നു. ഒരു മാസം മുൻപാണ്, സരോജയുടെ മകൾ, നിരഞ്ജനയുടെ അമ്മ സരിത കാൻസർ ബാധിച്ചു മരിച്ചത്.
വെഞ്ഞാറമൂട് ഗവ.യുപിഎസിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ നിരഞ്ജന ഉപജില്ലാ കലോത്സവത്തിൽ മത്സരിക്കുന്നതിനു മൂന്നു നാൾ മുൻപായിരുന്നു മരണം. വെഞ്ഞാറമൂട്ടിൽ വാടകയ്ക്കായിരുന്നു താമസം. ഭർത്താവ് ഉപേക്ഷിച്ചു പോയിട്ടും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സരിത കുട്ടിയെ നൃത്തം പരിശീലിക്കാൻ അയച്ചു. വാടക കൊടുക്കാൻ കഴിയാതായതോടെ താമസം കുടുംബ വീടായ പുനലൂർ കാഞ്ഞിരമല സരിത ഭവനിൽ അമ്മ സരോജ സഹദേവനും സഹോദരി സൗമ്യയ്ക്കും ഒപ്പമായി. 6 മാസം മുൻപ് സരിതയ്ക്കു കാൻസർ സ്ഥിരീകരിച്ചു.
അതുവരെയും ആഴ്ചയിൽ രണ്ടു ദിവസം മകളെ വെഞ്ഞാറമൂട്ടിൽ കൊണ്ടുവന്ന് നൃത്തം പരിശീലിപ്പിക്കുകയും സ്കൂളിൽ വിടുകയും ചെയ്തിരുന്നതു സരിതയാണ്.സരിതയ്ക്കു വയ്യാതായതോടെ സരോജയാണ് നിരഞ്ജനയെ വെഞ്ഞാറമൂട്ടിലെത്തിച്ചു പഠിപ്പിച്ചിരുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാലും മകളുടെ നൃത്തപരിശീലനം മുടക്കരുതെന്നും കലോത്സവത്തിൽ പങ്കെടുപ്പിക്കണമെന്നും സരിത ആവശ്യപ്പെട്ടിരുന്നു. സ്കൂൾ തലത്തിൽ വിജയിക്കാനായില്ലെങ്കിലും അപ്പീൽ വഴി ഉപജില്ലയിലെത്തിയാണു നിരഞ്ജന തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്.