ശിശുക്ഷേമ സമിതിയിൽ കുട്ടിക്ക് പീഡനം; ആയമാർക്കെതിരെ മുൻപും ആരോപണം
Mail This Article
തിരുവനന്തപുരം∙ ശിശുക്ഷേമ സമിതി ആസ്ഥാനത്തു രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപദ്രവിച്ച ആയമാർക്കെതിരെ മുൻപും സമാനമായ സംഭവങ്ങളിൽ ആരോപണമുയർന്നിട്ടുണ്ടെന്നു വിവരം ലഭിച്ചു. രാഷ്ട്രീയ പിന്തുണയോടെയാണ് ഇവിടെ പലരെയും നിയമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. പരാതികളുണ്ടായാൽ നടപടിയെടുക്കാൻ ഭരണസമിതിയും മെനക്കെടാറില്ല. ദിവസവേതനക്കാരാണ് ഇവർ. അച്ചടക്കനടപടിയൊന്നും കാര്യമായി ഉണ്ടാകാറില്ല. കുട്ടികളോടു മോശമായ പെരുമാറിയ സംഭവത്തിൽ ഇടതുയൂണിയൻ നേതാവായ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്റെ ഭാര്യയായ ആയയെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റിയിരുന്നു. കുട്ടികളോടു മോശം വാക്കുകൾ ഉപയോഗിച്ചതിനായിരുന്നു നടപടി. സമ്മർദങ്ങൾ വന്നപ്പോൾ ഒരു മാസത്തിനകം തിരികെ നിയമിക്കാൻ ഭരണസമിതി നിർബന്ധിതമായി.കുട്ടികളെ ഉപദ്രവിച്ചതിനാണു മറ്റു 2 പേർക്കെതിരെ നടപടിയെടുത്തത്. മികച്ച ആയമാർക്കുള്ള പുരസ്കാരം ലഭിച്ച 4 ആയമാരെ തൊട്ടടുത്ത ദിവസം പിരിച്ചുവിടേണ്ടിവന്ന സംഭവവും ഉണ്ടായിട്ടുണ്ട്.കുട്ടികളെ ഉപദ്രവിച്ച സംഭവം പുറത്തറിഞ്ഞതോടെയായിരുന്നു നടപടി.സമിതിയുടെ പ്രസിഡന്റ് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ്.സ്ഥാപനത്തിലെ ഇടതുസംഘടനയെ നയിക്കുന്നതു കൊലക്കേസ് പ്രതിയാണ്.
മണ്ണന്തല രഞ്ജിത് കൊലക്കേസിലെ 4–ാം പ്രതിയായ വി.അജികുമാറിനെ ശിശു ക്ഷേമസമിതി സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറിയായി അടുത്തിടെയാണു തിരഞ്ഞെടുത്ത്. പാർട്ടി സമ്മേളനത്തിൽ അജി കുമാറിനെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.ബാല സംഘം പഠന ക്യാംപിൽ വച്ച് കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പാർട്ടി തന്നെ സ്ഥിരീകരിച്ചയാൾ പോലും ഭരണസമിതിയിലുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് തെളിഞ്ഞിട്ടും ഭരണസമിതി അംഗത്തിനെതിരെ നടപടിയുണ്ടായില്ല. ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാലികാ മന്ദിരത്തിൽ 18 വയസ്സുവരെയുള്ള പെൺകുട്ടികൾ അന്തേവാസികളായുള്ളപ്പോഴാണ് കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ളവർ സ്ഥാപനത്തിൽ തുടരുന്നത്.
‘കണ്ണില്ലാത്ത ക്രൂരത: സതീശൻ’
ശിശുക്ഷേമ സമിതിയിൽ രണ്ടരവയസ്സുകാരിയോടു ചെയ്തതു കണ്ണില്ലാത്ത ക്രൂരതയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം ഒന്നാകെ അപമാനഭാരത്താൽ തലകുനിക്കേണ്ട അവസ്ഥയാണുള്ളത്. അതിക്രൂരമായ സംഭവം ഒളിപ്പിച്ചുവച്ചത് അതീവഗുരുതരമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ആയമാരെ സസ്പെൻഡ് ചെയ്തത്. അതോടെ എല്ലാം അവസാനിച്ചെന്നു കരുതരുത്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമിതിയുടെ ജനറൽ സെക്രട്ടറിക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം,പരുക്ക്
കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയെ മുറിവേൽപിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന ശിശു ക്ഷേമ സമിതി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സമിതി ജനറൽ സെക്രട്ടറിയുടെ ഓഫിസിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച പ്രവർത്തകരെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ ഏതാനും പ്രവർത്തകർക്കും സുരക്ഷാ ജീവനക്കാരൻ പ്രസാദിനും പരുക്കേറ്റു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് സംഘർഷത്തിന് അയവുണ്ടായത്.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിലായിരുന്നു സമരം. സുരക്ഷാവലയം ഭേദിച്ച് ഓഫിസിനുള്ളിൽ കടന്ന പ്രവർത്തകർ മുകൾ നിലയിലേക്കുള്ള പടിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ സ്റ്റുവർട്ട് കില്ലർ, മ്യൂസിയം സിഐ വിമൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. ശിശുക്ഷേമ സമിതി ഓഫിസിനും കെട്ടിട സമുച്ചയത്തിനും പൊലീസ് കാവൽ ഏർപ്പെടുത്തി.