വിമാനങ്ങളെ വട്ടം കറക്കി റൺവേക്കു സമീപം 200 അടി ഉയരത്തിൽ പട്ടം പറന്നു; സർവീസുകൾ വൈകി
Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങളെ വട്ടം കറക്കി പട്ടം. ശനിയാഴ്ച വൈകിട്ട് റൺവേക്കു സമീപം 200 അടി ഉയരത്തിൽ പറന്ന പട്ടമാണു വിമാന സർവീസുകൾ വൈകിച്ചത്. വെള്ളം ചീറ്റിയും പക്ഷികളെ ഓടിക്കുന്ന റോക്കറ്റുകൾ ഉപയോഗിച്ചും പട്ടം താഴെയിറക്കാൻ നോക്കിയെങ്കിലും നടന്നില്ല. ആറരയോടെ പട്ടം തനിയെ നിലം പതിച്ചതോടെയാണു സർവീസുകൾ തുടരാനായത്. തിരുവല്ലം, കുമരിച്ചന്ത, പൊന്നറ പാലം എന്നീ പ്രദേശങ്ങൾക്കു മുകളിലൂടെയാണ് വിമാനങ്ങൾ ലാൻഡ് ചെയ്യാൻ എത്തുന്നത്. ഇതിന്റെ രണ്ടു വശത്തു നിന്നും പട്ടങ്ങൾ വ്യോമമേഖലയിൽ പ്രവേശിക്കാം.
വലിയതുറ, പൂന്തുറ പൊലീസിന്റെ മൊബൈൽ യൂണിറ്റുകൾ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും പട്ടത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. മസ്കത്തിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനം 11 മിനിറ്റ് വൈകിയാണു ലാൻഡ് ചെയ്തത്. ഷാർജയിൽ നിന്നുള്ള എയർ അറേബ്യ, ഡൽഹിയിൽ നിന്നെത്തിയ എയർ ഇന്ത്യ, ബെംഗളൂരു ഇൻഡിഗോ എന്നിവയ്ക്കു ഓൾ സെയിന്റ്സ് ഭാഗത്തെ റൺവേയിലൂടെ ഇറങ്ങാൻ അനുമതി നൽകി.
തിരുവനന്തപുരം–ഹൈദരാബാദ് വിമാനം 45 മിനിറ്റ് വൈകിയാണു പുറപ്പെട്ടത്. ബലൂണുകൾ, പട്ടങ്ങൾ, ലേസർ ലൈറ്റുകൾ, പടക്കങ്ങൾ എന്നിവ വിമാനത്താവളത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ ഉപയോഗിക്കാൻ പാടില്ലെന്ന പൊലീസിന്റെ നിർദേശം നേരത്തേയുണ്ടെങ്കിലും ഇത് കർശനമായി പാലിക്കപ്പെടുന്നില്ല. വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തികൾ പാടില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ മേയിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.