ചോഴിയക്കോട് മിൽപ്പാലം മേഖല: കാടായി നാട്, പേടിയോടെ ജനം; പതിവായി കാട്ടാന, കാട്ടുപോത്ത്, മ്ലാവ്...
Mail This Article
പാലോട് ∙ ചോഴിയക്കോട് മിൽപ്പാലം മേഖല വന്യമൃഗങ്ങളുടെ താവളമായി മാറുന്നു. റോഡിനോട് ചേർന്ന സ്വകാര്യ പുരയിടത്തിലാണ് വന്യമൃഗങ്ങൾ കൂട്ടമായി എത്തുന്നത്. ഇവ നാട്ടുകാർക്ക് ഭീഷണിയും റോഡിൽ വഴിയാത്രക്കാർക്ക് മാർഗതടസ്സവും സൃഷ്ടിക്കുന്നു. കാട്ടാന, കാട്ടുപോത്ത്, മ്ലാവ്, പന്നി എന്നീ വന്യമൃഗങ്ങളാണ് പുരയിടത്തിൽ വിഹരിക്കുന്നത്. ശംങ്കിലി വനത്തിൽ നിന്നു നദികടന്നു മിൽപ്പാലം റോഡിലേക്ക് കയറി നേരെ ഈ വസ്തുവിലേക്കാണ് പ്രവേശിക്കുന്നത്. വന്യമൃഗ ശല്യം രൂക്ഷമായതോടെ ഉടമ കൃഷി ഉപേക്ഷിച്ചു. മറ്റെല്ലാം ജനവാസമേഖല ആയതിനാൽ ഈ വസ്തുവിൽ മാത്രമാണ് തമ്പടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
വൈകിട്ടോടെ മൃഗങ്ങൾ കാടിറങ്ങി ഈ പുരയിടത്തിൽ നിലയുറപ്പിക്കും. റോഡിലും മൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ജനവാസം ഇല്ലാത്ത ഈ മേഖലയിൽ കൂടി വഴിയാത്രക്കാർ നെഞ്ചിടിപ്പോടെയാണ് കടന്നു പോകുന്നത്. പുരയിടത്തിൽ ഉണ്ടായിരുന്ന കൃഷികളെല്ലാം മൃഗങ്ങൾ നശിപ്പിച്ചു. ഇപ്പോൾ കാടുമൂടിയ നിലയിലാണ്. കാട്ടാനക്കൂട്ടം റോഡിൽ തമ്പടിച്ചു മണിക്കൂറുകളോളം വഴിമുടക്കുമ്പോൾ നാട്ടുകാർ വനം വകുപ്പിനെ അറിയിക്കും. കുളത്തൂപ്പുഴ വനം വകുപ്പും പാലോട് ആർആർടിയും എത്തി പടക്കം പൊട്ടിച്ചും വിരട്ടിയും ഏറെ ശ്രമത്തിനൊടുവിൽ വനത്തിലേക്ക് തുരത്തിവിടും.
റോഡിലും വന്യമൃഗങ്ങൾ തമ്പടിക്കുന്നത് മൂലം രാത്രികാലങ്ങളിലും പുലർച്ചെയും യാത്ര തടസ്സപ്പെടുന്നു. പത്ര വിതരണക്കാർ, സ്കൂൾ കുട്ടികൾ, മത്സ്യ വ്യാപാരികൾ, ടാപ്പിങ് തൊഴിലാളികൾ അടക്കമുള്ളവർക്ക് വലിയ ഭീഷണിയാണ്. പുലർച്ചെയുള്ള യാത്ര പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ക്കുന്നതായും പറയുന്നു. ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു. നദിയിൽ നിന്ന് ആനകൾ കയറുന്ന ഭാഗത്ത് സോളർ വേലി സ്ഥാപിച്ചെങ്കിലും അത് നശിച്ചു പോയി. ശാശ്വത പരിഹാരത്തിന് ആനക്കിടങ്ങ് വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.